തിരുവനന്തപുരം: ജനയുഗം പത്രത്തിന്റെ മുഖപ്രസംഗത്തില്‍ അരാഷ്ട്രീയമില്ലെന്ന് സി.പി.ഐ നേതാവ് ബിനോയ് വിശ്വം. പത്രം വ്യക്തമാക്കിയത് സി.പി.ഐയുടെ നിലപാടാണ്.

ഇനി ആവശ്യം വരികയാണെങ്കില്‍ മുഖപ്രസംഗത്തിന്റെ ഒരു കോപ്പിയെടുത്ത് കേന്ദ്രകമ്മിറ്റി അംഗം പ്രകാശ് കാരാട്ടിന് അയച്ചുകൊടുക്കുമെന്നും ബിനോയ് വിശ്വം പറഞ്ഞു. ഉദുമയില്‍ കെ.ജി.മാരാരെ പിന്തുണച്ചത് തെറ്റാണെന്ന് സമ്മതിക്കാന്‍ സി.പി.ഐ.എം തയ്യാറാകുമോയെന്നും ബിനോയ് വിശ്വം ചോദിച്ചു.

Ads By Google

ജനയുഗത്തിലെ മുഖപ്രസംഗവുമായി ബന്ധപ്പെട്ട്‌ സി.പി.ഐ അരാഷ്ട്രീയ വാദിയാകുന്നെന്ന സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ പരാമര്‍ശത്തിനുള്ള മറുപടിയായാണ് ബിനോയ് വിശ്വം ഇങ്ങനെ പറഞ്ഞത്.
അതേസമയം ജനയുഗത്തില്‍ മുഖപ്രസംഗം ആരെയും കാണിച്ച് ബോധ്യപ്പെടുത്തേണ്ടതില്ലെന്ന് സി.പി.ഐ ദേശീയഎക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗം കാനം രാജേന്ദ്രന്‍ പറഞ്ഞു.

സ്വന്തം ദേഹത്ത് തെറിച്ചചെളി മറ്റുള്ളവരുടെ ദേഹത്തും തെറിപ്പിക്കാനുളള സി.പി.ഐ.എമ്മിന്റെ ശ്രമം വകവച്ചുകൊടുക്കില്ല. സ്വന്തമായി അഭിപ്രായവും നിലപാടുമുളള സ്വതന്ത്രപാര്‍ട്ടിയാണ് സി.പി.ഐ. വിവാദമുണ്ടാക്കിയവര്‍തന്നെ അത് അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

സി.പി.ഐ.എം അരാഷ്ട്രീയ പാര്‍ട്ടിയാണോയെന്ന് ചോദിച്ചുകൊണ്ടായിരുന്നു പിണറായി വിജയന്റെ വിമര്‍ശനം. അരാഷ്ട്രീയ പാര്‍ട്ടിയാണെങ്കില്‍ തിരുത്തുന്നതാണ് നല്ലതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

മനോരമയുടെയും മാതൃഭൂമിയുടെയും രാഷ്ട്രീയത്തിലേക്ക് സി.പി.ഐ നീങ്ങിയോ. സി.പി.ഐ.എം ആശയം സി.പി.ഐ നടപ്പിലാക്കണമെന്ന് ഒരുകാലത്തും ആവശ്യപ്പെട്ടിട്ടില്ല. രാഷ്ട്രീയം മനസ്സിലാക്കി സഹായിക്കണെന്ന് മാത്രമേ ആവശ്യപ്പെട്ടിട്ടുള്ളൂവെന്നും പിണറായി പറഞ്ഞു.