Categories

വിനോദ് കൂമാര്‍ ബിന്നി സമരം നിര്‍ത്തി

vinod-kumar-binny

ന്യൂദല്‍ഹി: ആം ആദ്മി പാര്‍ട്ടിയില്‍നിന്ന് പുറത്താക്കപ്പെട്ട എം.എല്‍.എ വിനോദ് കൂമാര്‍ ബിന്നി ദല്‍ഹി സര്‍ക്കാരിനെതിരെ ജന്തര്‍ മന്ദറില്‍ നടത്തിയ സമരം നിര്‍ത്തി.

വാഗ്ദാനങ്ങള്‍ പാലിക്കാന്‍ ദല്‍ഹി സര്‍ക്കാരിന് പത്ത് ദിവസം കൂടി അനുവദിക്കുകയാണെന്ന് ബിന്നി പറഞ്ഞു. സമരത്തിന് മുന്നോടിയായി ബിന്നി ലഫ്റ്റനന്റ് ഗവര്‍ണറെ കണ്ട് സര്‍ക്കാരിനെതിരായ പരാതികള്‍ ഉന്നയിച്ചിരുന്നു. നിയമ മന്ത്രി സോംനാഥ് ഭാരതിയ്‌ക്കെതിരെ നടപടിയെടുക്കുമെന്ന് ഗവര്‍ണര്‍ ഉറപ്പ് നല്‍കിയതായി ബിന്നി വ്യക്തമാക്കി.

പാര്‍ട്ടിയ്‌ക്കെതിരായി പരസ്യ പ്രസ്താവനകള്‍ നടത്തിയതിനാണ് അച്ചടക്ക സമിതിയുടെ നേതൃത്വത്തില്‍ ബെന്നിയെ പുറത്താക്കാന്‍ തീരുമാനിച്ചത്.

പാര്‍ട്ടിയെയും പാര്‍ട്ടി പ്രവര്‍ത്തനങ്ങളെയും കുറിച്ച് തെറ്റായ പ്രസ്താവനകള്‍ നടത്തിയതിനാണ് വിനോദ് കുമാര്‍ ബിന്നിയെ പുറത്താക്കിയതെന്ന് ആം ആദ്മി പാര്‍ട്ടിയുടെ പ്രസ്താവനയില്‍ പറയുന്നു.ബിന്നിയുടെ അംഗത്വം നീക്കം ചെയ്യാനും പാര്‍ട്ടി തീരുമാനിക്കുകയായിരുന്നു.

പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ ജനാധിപത്യപരമല്ല. കെജ്‌രിവാള്‍ സ്വേച്ഛാധിപതിയാണെന്നും ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളൊന്നും പാലിക്കുന്നില്ലെന്നും ബിന്നി ആരോപിച്ചിരുന്നു.

കഴിഞ്ഞ ദിവസം അണ്ണാ ഹസാരെയുമായി ചര്‍ച്ച നടത്തിയതും ബിന്നിയെ പുറത്താക്കാന്‍ കാരണമായെന്ന് സൂചനയുണ്ട്. എന്നാല്‍ ബിന്നിയുടെ പുറത്താക്കല്‍ ജനകീയ പിന്തുണയോടെ ആധികാരത്തിലെത്തിയ ആം ആദ്മി പാര്‍ട്ടിയ്ക്ക് പ്രതിസന്ധി സൃഷ്ടിക്കും.