ന്യൂയോര്‍ക്ക്: ഒസാമ ബിന്‍ ലാദന്‍ വധിക്കപ്പെട്ടുവെന്ന് ഇന്നു രാവിലെ അമേരിക്കന്‍ പ്രസിഡന്റ് ബരക്ക് ഒബാമ പ്രഖ്യപിച്ചതിനെ തുടര്‍ന്ന് ആഗോള വിപണിയില്‍ നേരിയ വര്‍ധന രേഖപ്പെടുത്തി. അമേരിക്കയുടെയും യൂറോപിന്റെയും വിപണികളിലാണ് ഉയര്‍ച്ച രേഖപ്പെടുത്തിയത്. അമേരിക്കന്‍ ഡോളറിനും ഇക്വിറ്റി ഷെയറിനും വളര്‍ച്ചയുണ്ടായപ്പോള്‍ എണ്ണയ്ക്കും സ്വര്‍ത്തിനും വിലയിടിവാണ് സംഭവിച്ചത്.

അമേരിക്കയെയും യൂറോപ്പിനേയും ബാധിച്ചിരുന്ന ഒരു പ്രധാനപ്പെട്ട ഭീതി ഒഴിഞ്ഞുവെന്ന ജനങ്ങളുടെ വിശ്വാസമാകാം ഉയര്‍ച്ചക്ക് കാരണമെന്ന് വിദഗ്ധന്‍മാര്‍ അഭിപ്രായപ്പെട്ടു. ലാദന്റെ വധം ‘ഭീകരതക്കെതിരെയുള്ള യുദ്ധ’ത്തില്‍ അയവുവരുത്തുമെന്നും കരുതപ്പെടുന്നു.

ലാദന്റെ വധം ഏഷ്യന്‍ മാര്‍ക്കറ്റിലും ചലനങ്ങളുണ്ടാക്കി. മാര്‍ച്ച് 11ലെ ഭൂകമ്പത്തിനും സുനാമിക്കും ശേഷം ആദ്യമായി ജപ്പാന്റെ വിപണി 1.5 ശതമാനം ഉയര്‍ച്ച രേഖപ്പെടുത്തി.