എഡിറ്റര്‍
എഡിറ്റര്‍
പരാതി നല്‍കാന്‍ ധൈര്യം കാണിച്ച നടിയെ അഭിനന്ദിക്കുന്നു: ആക്രമണം ബോളിവുഡ് ത്രില്ലറുകളെ അനുസ്മരിപ്പിക്കുന്നതെന്ന് ബിന്ദുകൃഷ്ണ
എഡിറ്റര്‍
Saturday 18th February 2017 10:47am

കൊച്ചി: നടിയ്‌ക്കെതിരായ ആക്രമണം ബോളിവുഡ് ത്രില്ലറുകളെ അനുസ്മരിപ്പിക്കുന്നതാണെന്ന് മഹിളാ കോണ്‍ഗ്രസ് അധ്യക്ഷയും കൊല്ലം ഡി.സി.സി അധ്യക്ഷയുമായ ബിന്ദുകൃഷ്ണ.

ഒരു സെലിബ്രറ്റിയുടെ അവസ്ഥ ഇതാണെങ്കില്‍ ഇവിടുത്തെ സാധാരണക്കാരുടെ അവസ്ഥ എന്തായിരിക്കുമെന്നും ബിന്ദുകൃഷ്ണ ചോദിക്കുന്നു.

ഇത്തരമൊരു സംഭവമുണ്ടായപ്പോള്‍ പരാതി നല്‍കാന്‍ കാണിച്ച അവരുടെ ധൈര്യത്തെ അഭിനന്ദിക്കുകയാണ്. ഒരു സെലിബ്രറ്റിയായതുകൊണ്ട് തന്നെ ഇനിയും താന്‍ അപമാനിക്കപ്പെടുമോ എന്ന് ഭയന്ന് അവര്‍ മാറി നിന്നില്ല. ധൈര്യപൂര്‍വം തന്നെ പരാതി നല്‍കി. അത് വലിയ കാര്യമാണ്. അങ്ങേയറ്റം അഭനന്ദനാര്‍ഹമാണ് നടിയുടെ നടപടി. ഇത്തരമൊരു നിലപാടാണ് ഓരോ പെണ്‍കുട്ടിക്കും വേണ്ടത്. – ബി്ന്ദുകൃഷ്ണ പറയുന്നു.

നടിയ്‌ക്കെതിരായ ആക്രമണത്തില്‍ ഡ്രൈവറെ അറസ്റ്റ് ചെയ്തതുകൊണ്ട് കാര്യമില്ല. ഇതിന്റെ പിന്നില്‍ ആരാണെന്ന് അറിയണം. സിനിമാ മേഖലയില്‍ മുന്‍പും താന്‍ നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകളെ കുറിച്ച് പല അഭിമുഖങ്ങളിലും തുറന്ന് പറഞ്ഞ നടിയാണ്അവര്‍. അതുകൊണ്ട് തന്നെ ആസൂത്രിതമായ ആക്രമണത്തില്‍ കൃത്യമായ അന്വേഷണം വേണം.

ഇത്തരം കേസുകളൊക്കെ വരുമ്പോള്‍ ആദ്യം അത് വലിയ വാര്‍ത്തയാകും. പലരും അഭിപ്രായം പറയും. എന്നാല്‍ കേസ് കോടതിയിലെത്തുമ്പോള്‍ പ്രതികള്‍ രക്ഷപ്പെടും. ഇതാണ് പൊതുവെയുണ്ടാകുന്ന അവസ്ഥ. ആ അവസ്ഥ ഈ കേസിലും ഉണ്ടാവരുത്. പഴുതുകളടച്ചുള്ള നടപടികള്‍ വേണമെന്നും ബിന്ദു കൃഷ്ണ പറഞ്ഞു.

എന്ത് ധൈര്യത്തിലാണ് നമ്മുടെ ഈ കേരളത്തിലൂടെ പെണ്‍കുട്ടികള്‍ യാത്ര ചെയ്യുക. കഴിഞ്ഞ കുറച്ച് മാസങ്ങളായി കേരളത്തില്‍ ഗുണ്ടാ ആക്രമണങ്ങളും സദാചാര ഗുണ്ടായിസവും സ്ത്രീപീഡനങ്ങളും തുടര്‍ക്കഥയാകുമ്പോഴും ഇതിനെതിരെ ഒരു നടപടിയും സര്‍ക്കാര്‍ കൈക്കൊള്ളുന്നില്ലെന്നും ബിന്ദു കൃഷ്ണ കുറ്റപ്പെടുത്തി.

Advertisement