തിരുവനന്തപുരം: രാജ്യദ്രോഹക്കുറ്റം ചുമത്തി ജനാധിപത്യം അടിച്ചമര്‍ത്താനാണ് ഇന്ത്യന്‍ ഭരണകൂടം ശ്രമിക്കുന്നതെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകനായ ബിനായക് സെന്‍. ഡി.സി ബുക്‌സ് വാര്‍ഷികാഘോഷത്തോടനുബന്ധിച്ച ചടങ്ങില്‍ ഡി.സി കിഴക്കേമുറി സ്മാരക പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. നമുക്ക് ജനാധിപത്യം നല്‍കിയിട്ടുപോയ ബ്രിട്ടന്‍ പോലും ഈ നിയമം മാറ്റി. വിവിധ സമൂഹങ്ങളെ പൊതു ഉടമസ്ഥതയിലുള്ള വിഭവങ്ങള്‍ ലഭിക്കാനുള്ള സാഹചര്യങ്ങളില്‍ നിന്നും വാസസ്ഥലങ്ങളില്‍ നിന്നും ആട്ടിപ്പായിക്കുന്ന ഇന്ത്യന്‍ ഭരണകൂടത്തിന്റെ നടപടി വംശഹത്യ സംബന്ധിച്ച ഐക്യരാഷ്ട്രസഭയുടെ നിര്‍വചനത്തില്‍ ഉള്‍പ്പെടുന്നതാണ്. ഇത്തരത്തില്‍ തദ്ദേശ ജനതയെ കുടിയൊഴിപ്പിക്കുന്ന പ്രവൃത്തി വടക്കന്‍ അമേരിക്ക, ആസ്‌ട്രേലിയയ അടക്കം ഭൂഖണ്ഡങ്ങളില്‍ നടന്നിരുന്നു. നമ്മുടെ രാജ്യത്ത് നിലനില്‍ക്കുന്ന ജനാധിപത്യത്തെ കുറ്റവാളിയാക്കുന്ന ഇത്തരം ക്രൂരമായ കുറ്റകൃത്യം ചെയ്യാന്‍ പാടില്ലെന്നും ഇത് ജനാധിപത്യത്തിന് അപമാനമാണെന്നും ബിനായക് സെന്‍ പറഞ്ഞു.

തനിക്കുണ്ടായ അനുഭവത്തേക്കാള്‍ വലിയ സംഭവങ്ങളാണ് ഇന്ന് രാജ്യത്ത് സംഭവിക്കുന്നത്. മാവോയിസ്റ്റ് അക്രമത്തിനെതിരെ പെട്ടെന്നുണ്ടായ പ്രതികരണമാണ് സല്‍വാജുദൂമെന്നാണ് ഛത്തീസ്ഗഡ് സര്‍ക്കാര്‍ വിശേഷിപ്പിച്ചത്. നീതിക്കും സമത്വത്തിനും സമാധാനത്തിനുമുള്ള പ്രചാരണമായിരുന്നു ലക്ഷ്യമെങ്കിലും രാജ്യദ്രോഹക്കുറ്റം ആരോപിച്ച് തന്നെ ജയിലില്‍ അടയ്ക്കുകയായിരുന്നു. മഹാത്മാഗാന്ധിയെയും ഇതേകുറ്റം ആരോപിച്ച് ജയിലില്‍ അടച്ചു. കുറ്റം സമ്മതിച്ച ഗാന്ധിജിയോട് മാപ്പ് പറഞ്ഞ ശേഷമായിരുന്നു ബ്രിട്ടീഷ്‌കാരനായ ജഡ്ജി ശിക്ഷിച്ചത്. തിലകനെയും ഇതേകുറ്റത്തിന് തടവിലിട്ടിരുന്നു. കുറ്റം നിഷേധിച്ച തന്നെ ഇന്ത്യാക്കാരാനായ ജഡ്ജി ജീവപര്യന്തം ശിക്ഷിച്ചെന്നാണ് ഇവരും താനും തമ്മിലുള്ള വ്യത്യാസം. രാജ്യദ്രോഹക്കുറ്റവും ഛത്തീസ്ഗഡ് സ്‌പെഷല്‍ പബ്ലിക്ക് സെക്യൂരിറ്റീസ് നിയമവും അടക്കം ചുമത്തപ്പെട്ട്് നൂറു കണക്കിനാളുകള്‍ തടവില്‍ കഴിയുന്നുണ്ടെന്നാണ് ജയില്‍വാസം പഠിപ്പിച്ചത്. രാജ്യദ്രോഹക്കുറ്റങ്ങള്‍ ചുമത്തുന്ന നിയമങ്ങള്‍ക്കെതിരെ പി.യു.സി.എല്ലിന്റെ നേതൃത്വത്തില്‍ ഒരു ലക്ഷം ഒപ്പുകള്‍ ശേഖരിച്ച് പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തില്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

എ.കെ.ജി ഹാളില്‍ നടന്ന ചടങ്ങ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് ഉദ്ഘാടനം ചെയ്തത്. പ്രഫ. ഒ. എന്‍. വി കുറുപ്പ് അധ്യക്ഷത വഹിച്ചു. ലാപ്‌ടോപ്, സ്മാര്‍ട്ട്‌ഫോണ്‍ എന്നിവയില്‍ കൂടി പുസ്തകങ്ങളും മാസികകളും ഡൗണ്‍ലോഡ് ചെയ്ത് വായിക്കാവുന്ന മാഗ്‌സ് ഓണ്‍ വിങ്ക്, ബുക്‌സ് ഓണ്‍ വിങ്ക് എന്നിവ മന്ത്രി കെ.സി. ജോസഫ് പ്രകാശനം ചെയ്തു. ബാലചന്ദ്രന്‍ ചുള്ളിക്കാട്, സക്കറിയ, കെ. വേണു, സാറാ ജോസഫ്, പി.കെ. ശിവദാസ് എന്നിവര്‍ പങ്കെടുത്തു.