binayak sen walk to freedom റായ്പൂര്‍: മനുഷ്യാവകാശപ്രവര്‍ത്തകന്‍ ഡോ.ബിനായക് സെന്‍ ജയില്‍ മോചിതനായി. സുപ്രീംകോടതി ജാമ്യമനുവദിച്ച സാഹചര്യത്തിലാണ് മോചനം. റായ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞിരുന്ന അദ്ദേഹം തിങ്കളാഴ്ച വൈകീട്ടോടെയാണ് മോചിതനായത്.

മാവോവാദി ബന്ധത്തിന്റെ പേരില്‍ വിചാരണകോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ച ബിനായക് സെന്നിന് സുപ്രീം കോടതി മൂന്ന് ദിവസം മുമ്പാണ് ജാമ്യം അനുവദിച്ചത്. ജാമ്യം അനുവദിക്കരുതെന്ന ഛത്തീസ്ഘഡ് സര്‍ക്കാറിന്റെ വാദം കോടതി അംഗീകരിച്ചില്ല. സെന്നിനെതിരെ പ്രഥമദൃഷ്ട്യാ രാജ്യദ്രോഹക്കുറ്റമില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.

ബിനായക് സെന്നിന്റെ വീട്ടില്‍ നിന്നും മാവോവാദികളെ പിന്തുണക്കുന്ന ലഘുലേഖകളും നോട്ടീസും കണ്ടെത്തിയെന്നും ഇതുകൊണ്ട് ബിനായക് സെന്‍ മാവോവാദികള്‍ക്ക് സഹായം ചെയ്യുന്നയാളാണെന്നുമായിരുന്നു സര്‍ക്കാര്‍ വാദിച്ചത്. എന്നാല്‍ നോട്ടീസുകള്‍ കണ്ടെടുത്തത് കൊണ്ട് മാത്രം ഒരാളെ മാവോവാദിയായി ചിത്രീകരിക്കാന്‍ കഴിയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

മാവോവാദി അനുഭാവി ആയത് കൊണ്ടും അയാളെ അറസ്റ്റ് ചെയ്യാന്‍ കഴിയില്ല. രാജ്യത്ത് നിരവധി മാവോവാദി അനുഭാവികളുണ്ട്. അവരെയൊക്കെ നിങ്ങള്‍ക്ക് അറസ്റ്റുചെയ്യാന്‍ കഴിയുമോയെന്നും കോടതി ചോദിച്ചു. മഹാത്മാഗാന്ധിയുടെ ആത്മകഥ ഒരാളില്‍ നിന്ന് കണ്ടെടുത്തത് കൊണ്ട് അയാളെ ഗാന്ധിയനായി ചിത്രീകരിക്കാന്‍ കഴിയുമോയെന്നും കോടതി ചോദിച്ചു.

ബിനായക് സെന്നിനെ ഛത്തീസ്ഘഡില്‍ പ്രവേശിപ്പിക്കരുതെന്ന സര്‍ക്കാര്‍ വാദവും കോടതി തള്ളി. ഇക്കാര്യത്തില്‍ വേണമെങ്കില്‍ വിചാരണ കോടതിയെ സമീപിക്കാമെന്നും സുപ്രീം കോടതി പറഞ്ഞു.