എഡിറ്റോ- റിയല്‍ / ബാബു ഭരദ്വാജ്


ബിനായക് സെന്നിന് ജാമ്യമില്ല. എന്നാല്‍ എ.രാജ അടക്കമുള്ള എല്ലാ രാജ്യദ്രോഹികള്‍ക്കും രാജ്യത്തെ കട്ടുമുടിക്കുന്നവര്‍ക്കും ജാമ്യം കിട്ടുകയും ചെയ്യും. അതാണ് ഇന്ത്യാ മഹാരാജ്യത്തിന്റെ നിയമവ്യവസ്ഥ. കുറ്റവാളികളെ രക്ഷപ്പെടുത്തുന്നതും നിരപരാധികളെ, ജനങ്ങള്‍ക്ക് വേണ്ടി പൊരുതുന്ന മനുഷ്യാവകാശ പ്രവര്‍ത്തകരെ, സര്‍ക്കാരിന്റെ ജനദ്രോഹ നടപെടികള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നവരെ, ജനകീയാഭിലാഷങ്ങലുടെ സംരക്ഷകരെ, ജനങ്ങള്‍ക്കുവേണ്ടി പ്രതിരോധ- പ്രതിഷേധ സമരങ്ങള്‍ നയിക്കുന്ന ജനാധിപത്യത്തിന്റെ സംരക്ഷകരെ ശിക്ഷിക്കുന്നതും തുറങ്കിലടക്കുന്നതുമായ നീതി- നിഷേധ പ്രവര്‍ത്തനങ്ങളുടെ ആസ്ഥാനങ്ങളാണ് നമ്മുടെ കോടതികള്‍. അതിന്റെ കാവല്‍ക്കാരും പിണിയാളുകളുമാണ് ജഡ്ജിമാര്‍.

ഛത്തീസ്ഘട് ഹൈക്കോടതി ബിനായക്‌സെന്നിന് ജാമ്യം നിഷേധിച്ചതിലൂടെ അര്‍ഥശങ്കക്കിടയില്ലാത്ത വിധം ഭരണാധികാരികളോടുള്ള വിധേയത്വം ഒരിക്കല്‍ കൂടി പ്രഖ്യാപിച്ചിരിക്കുന്നു. ഒരിക്കല്‍ കൂടി കോടതിയും നിയമവും ആരെ രക്ഷിക്കാനാണെന്ന് സ്വയം വെളിപ്പെടുത്തിയിരിക്കുന്നു.

ഭരണാധികാരികളുടേയും അവരുടെ വാടക പരിഷകളായ കോടതികളുടേയും ഇത്തരം ഹീനകൃത്യങ്ങള്‍ കൊണ്ടൊന്നും രാജ്യത്തിന്റെ നെഞ്ചിലെ തീ കെടുത്താനാവില്ലെന്ന് ഞങ്ങള്‍ ദൃഢമായി വിശ്വസിക്കുന്നു.

ജനനേതാക്കളെ, മനുഷ്യസ്‌നേഹികളെ തുറങ്കിലടക്കുന്നത് കൊണ്ടൊന്നും അവരെ നിശബ്ദരാക്കാന്‍ കയില്ലെന്നും, ഒരിക്കല്‍ ശബ്ദം തിരിച്ച് കിട്ടുന്ന ജനത അത് നഷ്ടപ്പെടുത്താന്‍ അനുവദിക്കില്ലെന്നും ഞങ്ങള്‍ക്കറിയാം. മനുഷ്യരെകുറിച്ചുള്ള ഞങ്ങളുടെ വിശ്വാസം അത്രയോറെ ദൃഢവും ഗാഢവുമാണ്. ബിനായക് സെന്നിനെ മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് ആക്കം കൂട്ടുവാനേ ഈ കോടതിവിധിക്കാവൂ.

മറ്റു രാജ്യങ്ങളിലെ മനുഷ്യവകാശ ധ്വംസനങ്ങള്‍ക്കെതിരെ വാചലമാകുന്ന ഭരണകൂടം സ്വന്തം ജനങ്ങള്‍ക്കെതിരെ അതിനീചമായി നടത്തുന്ന മനുഷ്യവകാശ ലംഘനങ്ങള്‍ അധികകാലം തുടരാനാവില്ല. ജനങ്ങള്‍ അതിനനുവദിക്കുകയുമില്ല.