മനുഷ്യാവകാശ പ്രവര്‍ത്തകനായ ഡോ. ബിനായക് സെന്നിനെതിരെയുള്ള കോടതി വിധിയ്‌ക്കെതിരെ പരക്കെ വിമര്‍ശനം ഉയര്‍ന്നിരിക്കുകയാണ്. ബിനായകിനെ പിന്തുണയ്ക്കുന്നവരുടെ കൂട്ടത്തില്‍ ഡോക്ടര്‍മാരുണ്ട്, സിനിമാക്കാരുണ്ട്, സാഹിത്യകാരുമുണ്ട്, സാധാരണക്കാരുമുണ്ട്.

Subscribe Us:

അടിസ്ഥാന വര്‍ഗത്തിന്റെ ഉന്നമനത്തിനായി സ്വന്തം ജീവിതം തന്നെ ഉഴിഞ്ഞു വച്ച സെന്നിനെ നക്‌സലൈറ്റ് എന്ന് മുദ്രകുത്തുകയാണുണ്ടായത്. അല്ലെങ്കിലും ഭരണകൂട അനീതിയ്ക്കതിരെ ശബ്ദിക്കുന്നവരെ വിപ്ലവകാരിയെന്നോ, തീവ്രവാദിയെന്നോ, നക്‌സലേറ്റെന്നോ മുദ്രകുത്തി അടിച്ചമര്‍ത്താനാണ് അധികാരവര്‍ഗം എന്നും ശ്രമിച്ചിട്ടുള്ളത്. ബിനായക് സെന്നിന്റെ കാര്യത്തിലും അതാണ് സംഭവിച്ചിട്ടുള്ളത്.

ഛത്തീസ്ഗഢില്‍ ആദിവാസികളെ അവര്‍ക്കെതിരെ അക്രമത്തിനുപ്രേരപ്പിക്കുന്ന ഭരണഘടനാ വിരുദ്ധ സാല്‍വാജൂദിനെതിരെ ശബ്ദിച്ചതിനാണ് സെന്‍ വേട്ടയാടപ്പെട്ടത്. പട്ടിണിമരണങ്ങളും പോഷകാഹാരക്കുറവ് സാംക്രമിക പകര്‍ച്ച വ്യാധികള്‍ തുടങ്ങിയ വിവിധ പ്രശ്‌നങ്ങളില്‍ നിര്‍ഭയം ശബ്ദം ഉയര്‍ത്തിയ സെന്നിനെ സംരക്ഷിക്കേണ്ട നീതിപീഢത്തെ തന്നെയാണ് സെന്നിനെ അടച്ചമര്‍ത്താനും ഉപയോഗിച്ചത് എന്നതാണ് ഇതിലെ വിരോധാഭാസം.

ദേശീയ തലത്തിലും അന്തര്‍ദേശീയ തലത്തിലും സെന്നിനെ മോചിപ്പിക്കാന്‍ പലരും ആവശ്യപ്പെട്ടിട്ടും അധികാരവര്‍ഗം അവരുടെ പിടി അയക്കാന്‍ തയ്യാറായിരുന്നില്ല. ഒടുക്കം സെന്നിനെ ജീവപര്യന്തത്തിനു വിധിച്ചു. തന്നെ തടവിലാക്കുകയും ഭീകരതയുടെ അന്തരീക്ഷം ഒരുക്കുകയും ചെയ്യുന്നതുവഴി അധികാരികള്‍ അപരിഹാര്യമായ വിധത്തില്‍ നീതിക്കും മനുഷ്യാവകാശങ്ങള്‍ക്കും വേണ്ടിയുള്ള പോരാട്ടങ്ങളെ മുറപ്പെടുത്തുകയാണെന്ന് സെന്‍ പറഞ്ഞു. ഈ നിലയിലും അദ്ദേഹവും കുടുംബവും കാണിക്കുന്ന വീര്യം ലോകത്തിന് തന്നെ മാതൃകയാണ്.

ബിനായക് സെന്നിനെതിരെയുള്ള പീഡനങ്ങളെ ബി.ജെ.പിയുടെ നെറികെട്ട പ്രതികാര രാഷ്ട്രീയത്തിന്റെ പ്രതിഫലമായി മാത്രമേ സാധാരണക്കാര്‍ പോലും കാണുന്നുള്ളൂ. നീതിപീഢത്തിലും നന്മയിലും ജനങ്ങള്‍ക്കുള്ള വിശ്വാസത്തെ തകര്‍ക്കാനേ ഈ ജീവപര്യന്തത്തിന് കഴിയുകയുള്ളൂ. സെന്നിന്റെ വിധികേട്ട ശേഷം സെന്നിന് ലഭിച്ച ജനകീയ പിന്തുണ വ്യക്തമാക്കുന്നതിതാണ്.