ഇസ്ലാമാബാദ്: അല്‍ഖ്വയ്ദ നേതാവ് ഒസാമ ബിന്‍ലാദന്റെ മൃതദേഹം കടലില്‍ തള്ളുന്നതിന് മുന്‍പ് അമേരിക്കയിലെ ഒരു രഹസ്യകേന്ദ്രത്തിലേക്ക് കൊണ്ടുപോയിരുന്നതായി റിപ്പോര്‍ട്ട്. അബാട്ടാബാദില്‍ നിന്നും ബിന്‍ലാദന്റെ കൊലപ്പെടുത്തിയതിനു ശേഷം നേരെ കൊണ്ടുപോയത് അമേരിക്കയിലേക്കാണ്. അവിടെ നിന്നാണ് മൃതശരീരം എന്തുചെയ്യണമെന്ന തീരുമാനിച്ചത്.  എന്നാല്‍ മൃതദേഹം കടലില്‍ സംസ്‌ക്കരിച്ചിട്ടില്ലെന്നും അമേരിക്കയിലേക്ക് കൊണ്ടുപോയതിനുശേഷം എന്തുചെയ്‌തെന്ന് അറിയില്ലെന്നുമാണ് രേഖകള്‍ വ്യക്തമാക്കുന്നത്.

ഇന്റലിജന്‍സ് അനാലിസിസിന്റെ ഇമെയില്‍ ചോര്‍ന്നതുവഴിയാണ് ഈ വിവരം പുറത്തുവന്നത്.  ഒസാമയെ പാകിസഥാനില്‍ കടന്നു കയറി കൊലപ്പെടുത്തിയ ശേഷം ജഡം ഇസ്‌ലാമിക ആചാരപ്രകാരം സമുദ്രത്തില്‍ നിമജ്ജനം ചെയ്തുവെന്നായിരുന്നു അമേരിക്കന്‍ പ്രസിഡന്റ് ഒബാമ  ലോകത്തോട് പറഞ്ഞത്.

കരയില്‍ സംസ്‌കരിച്ചാല്‍ അനുയായികള്‍ ശവകുടീരം നിര്‍മിക്കാന്‍ സാധ്യതയുള്ളതിനാലാണ് ലാദന്റെ സംസ്‌കാരം കടലിലാക്കിയതെന്ന് അധികൃതര്‍ പറഞ്ഞു. ബിന്‍ ലാദന്‍ വധത്തിന് ശേഷം കമാന്‍ഡോകള്‍ എടുത്തുകൊണ്ടു പോയ മൃതദേഹം ഭാരം നിറച്ച ബാഗില്‍ അടക്കം ചെയ്തശേഷം അമേരിക്കയുടെ കാള്‍ വിന്‍സണ്‍ എന്ന സൈനിക കപ്പലില്‍ നിന്നും അറബി കടലില്‍ ആഴ്ത്തിയെന്നാണ് അറിയിച്ചിരുന്നത്.

ബിന്‍ലാദന്റെ ശവശരീരം കടലില്‍ തള്ളണമെന്ന കാര്യത്തില്‍ വൈറ്റ് ഹൗസിലെ ഇടപെടല്‍ ഉണ്ടായിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. മൃതദേഹം ആചാരനുഷ്ഠാനങ്ങള്‍ക്കനുസരിച്ച്‌ സംസ്‌ക്കരിച്ചാല്‍ പിന്നെ ലാദന് വേണ്ടി ആരാധനാലയം പണിയാനും അദ്ദേഹത്തിന്റെ വഴി തിരഞ്ഞെടുക്കാനും ആളുകള്‍ ഉണ്ടാകുമെന്നും ഇമെയിലില്‍ പറയുന്നു. ജര്‍മനിയിലെ നാസിയും ലെഫ്റ്റനന്റ് കേണലുമായിരുന്ന അഡോള്‍ഫ് എയ്ക്മാനേ പോലെ മരണപ്പെട്ടതിനു ശേഷവും ജനങ്ങളുടെ ആരാധനപാത്രമായി മാറിയതുപോലെ ബിന്‍ലാദന്‍ മാറുമെന്നും അമേരിക്ക പേടിച്ചിരുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

Malayalam news

Kerala news in English