ഖത്തര്‍ :അമേരിക്കന്‍ ഭരണാധികാരികള്‍ സ്വന്തം ജനതയോട് ‘അനീതികാട്ടുന്നു’വെന്നും ഒബാമ തന്റെ മുന്‍ഗാമികളുടെ പാത പിന്തുടരുകയാണെന്നും അല്‍ഖ്വയ്ദ ഭീകരന്‍ ഒസാമ ബിന്‍ലാദന്‍ കുറ്റപ്പെടുത്തി. സെപ്തംബര്‍ -11 ആക്രമണത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച അല്‍ഖ്വയ്ദ ഭീകരന്‍ ഖാലിദ് ഷെയ്ക്ക് മൊഹമ്മദിനെ വധശിക്ഷക്കിരയാക്കിയാല്‍ അല്‍ഖ്വെയ്ദ തടവിലുള്ള എല്ലാ അമേരിക്കക്കാരെയും വധിക്കുമെന്നും ബിന്‍ലാദന്‍ മുന്നറിയിപ്പ നല്‍കി. അല്‍-ജസീറ ടിവിക്ക് ലഭിച്ച ബിന്‍ലാദന്റെ ശബ്ദസന്ദേശത്തിലാണ് പുതിയ മുന്നറിയിപ്പ്.

അമേരിക്കന്‍ തടവിലുള്ള അല്‍ ഖ്വെയ്ദ പ്രവര്‍ത്തകരുടെ കാര്യങ്ങളുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഒബാമ തന്റെ മുന്‍ഗാമിയുടെ പാത അതേപടി പിന്തുടരുകയാണ്. മുഹമ്മദിനെ വധിക്കാന്‍ വൈറ്റ് ഹൗസ് തീരുമാനിച്ചു കഴിഞ്ഞു. തീരുമാനം പ്രാവര്‍ത്തികമാക്കുമ്പോള്‍ അല്‍ഖ്വെയ്ദയുടെ തടവിലുള്ള അമേരിക്കക്കാരും കൊല്ലപ്പെടും ലാദന്‍ വിശദീകരിക്കുന്നു.

സെപ്തംബര്‍ -11 ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച ഖാലിദ് ഷെയ്ക്ക് മൊഹമ്മദിന്റെയും മറ്റ് അഞ്ചു പേരിടേയും വിചാരണ ഉടന്‍ തുടങ്ങാനിരിക്കെയാണ് ലാദന്റെ ഭീക്ഷണി. ഗ്വാണ്ടനാമോ തടവറയില്‍ കഴിയുന്ന മുഹമ്മദിനെ പട്ടാളക്കോടതിയുടെ വിചാരണയ്ക്ക് വിധേയനാക്കിയേക്കുമെന്ന് അമേരിക്കയിലെ ഉന്നത ഉദ്യോഗസ്ഥന്‍ നേരെത്തെ സൂചിപ്പിച്ചിരുന്നു.