osama-bin-ladan വാഷിംങ്ടണ്‍: അമേരിക്കന്‍ സൈന്യവുമുണ്ടായ ഏറ്റമുട്ടലില്‍ കൊല്ലപ്പെട്ട അല്‍ ഖയിദ നേതാവ് ഉസാമ ബിന്‍ലാദന്റെ മൃതശരീരം കടലില്‍ ഒഴുക്കിയതായി റിപ്പോര്‍ട്ട്. ഒരു യു.എസ് ഉദ്യോഗസ്ഥനാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. അനുയായികള്‍ ശവകുടീരം പണിയുമെന്ന് സംശയിച്ചാണ് കടലില്‍ സംസ്‌കരിച്ചതെന്ന് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

ലാദന്‍ കൊല്ലപ്പെട്ടശേഷം അദ്ദേഹത്തിന്റെ ശവസംസ്‌കാരം 24 മണിക്കൂറിനുള്ളില്‍ ഇസ്‌ലാമിക ആചാരപ്രകാരം നടത്താനായിരുന്നു യു.എസ് ഉദ്യോഗസ്ഥര്‍ തീരുമാനിച്ചത്. എന്നാല്‍ എവിടെ, എപ്പോള്‍ മൃതദേഹം സംസ്‌കരിച്ചുവെന്നതിനെക്കുറിച്ച് ഔദ്യോഗിക വിശദീകരണമുണ്ടായിട്ടില്ല.

അതേസമയം ലാദന്റെ ഭൗതിക ശരീരം ഇസ്‌ലാമിക ആചാരപ്രകാരം സംസ്‌കരിച്ചതായി യു.എസ് അധികൃതരെ ഉദ്ധരിച്ചുകൊണ്ട് ഫോക്‌സ് ന്യൂസ് റിപ്പോര്‍ട്ടു ചെയ്തു. ഇസ്‌ലാമിക ആചാരപ്രകാരം ആദ്യം മൃതദേഹം കഴുകി വൃത്തിയാക്കിയശേഷം വെള്ള തുണിയില്‍ പൊതിഞ്ഞാണ് സംസ്‌കരിച്ചതെന്നാണ് റിപ്പോര്‍ട്ട്.