തിരുവനന്തപുരം: റോഡരികിലെ പൊതുയോഗനിരോധനത്തിനെതിരെ നിയമനിര്‍മ്മാണം നടത്തുമെന്ന് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍. ഇതിനായി നിയമസഭയില്‍ അവതരിപ്പിക്കേണ്ട ബില്ലിന് മന്ത്രിസഭ അംഗീകാരം നല്‍കി. ബില്ല് ഈ നിയമസഭയില്‍ത്തന്നെ പാസാക്കാന്‍ ശ്രമിക്കുമെന്നും മന്ത്രിസഭായോഗതീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.

തൃശൂരില്‍ ട്രെയിനില്‍ പീഡനത്തിനിരയായതിനെ തുടര്‍ന്ന് മരിച്ച സൗമ്യയുടെ കുടംബത്തിന് സംസ്ഥാന സര്‍ക്കാര്‍ മൂന്നു ലക്ഷം രൂപ ധനസഹായമായി നല്‍കും. കുടംബത്തിലെ ഒരു അംഗത്തിന് സര്‍ക്കാര്‍ സര്‍വീസില്‍ ജോലി നല്‍കും. കാസര്‍ഗോട് കേന്ദ്രസര്‍വകലാശാല സ്ഥാപിക്കാനായി പെരിയയില്‍ 310 ഏക്കര്‍ സ്ഥലം സൗജന്യമായി നല്‍കും. വാട്ടര്‍ ക്രാഫ്റ്റ് പാര്‍ക്കിനായി നാട്ടകത്ത് 77 ഏക്കര്‍ ഭൂമി ഏറ്റെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

റവന്യൂവകുപ്പിന്റെ ശുപാര്‍ശയനുസരിച്ച് തിരുവനന്തപുരത്തെ ഗോള്‍ഫ് ക്ലബ്ബ് നടത്തിപ്പിന് പുതിയ ഭരണസമിതി രൂപീകരിക്കും. മുഖ്യമന്ത്രി അധ്യക്ഷനായി ഗവേണിംഗ് കൗണ്‍സിലും ചീഫ് സെക്രട്ടറി അധ്യക്ഷനായി എക്‌സിക്യൂട്ടീവ് കൗണ്‍സിലും രൂപീകരിക്കും.