ന്യൂയോര്‍ക്ക്: ഇന്റര്‍നെറ്റ് ടെലിഫോണ്‍ കമ്പനിയായ സ്‌കൈപ്പിനെ മൈക്രോസോഫ്റ്റ് ഏറ്റെടുത്തതായിരുന്നു ഈയാഴ്ച്ച സാങ്കേതികവിപണിയില്‍ നിന്നും വന്ന ചൂടുള്ള വാര്‍ത്ത. സാക്ഷാല്‍ ബില്‍ ഗേറ്റ്‌സിന്റെ ബുദ്ധിയാണ് ഇത്തരമൊരു നീക്കത്തിന് പിന്നിലെന്നാണ് ഇപ്പോള്‍ വ്യക്തമായിരിക്കുന്നത്.

നേരത്തേ തന്നെ താന്‍ ഇക്കാര്യം കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ ഉന്നയിച്ചിരുന്നുവെന്ന് ബില്‍ ഗേറ്റ്‌സ് ബി.ബി.സി അഭിമുഖത്തില്‍ പറഞ്ഞു. സ്‌കൈപ്പിനും മൈക്രോസോഫ്റ്റിനും ഏറെ ഗുണംചെയ്യുന്നതാണ് കരാറെന്ന് അഭിമുഖത്തില്‍ ബില്‍ വ്യക്തമാക്കി.

8.5 ബില്യണ്‍ ഡോളറിനാണ് സൈകൈപ്പിനെ മൈക്രോസോഫ്റ്റ് സ്വന്തമാക്കിയത്. ലോകത്താകമാനം 663 മില്യണിലധികം ഉപയോക്താക്കളുള്ള സ്‌കൈപ്പ് കടുത്ത സാമ്പത്തിക തകര്‍ച്ചയെ അഭിമുഖീകരിക്കുമ്പോഴായിരുന്നു മൈക്രോസോഫ്റ്റ് സഹായഹസ്തവുമായി രംഗത്തെത്തിയത്.