Categories

രാജ്യത്തെ ജനാധിപത്യ വ്യവസ്ഥയില്‍ ഞാന്‍ വിശ്വസിച്ചു; നീതി ജയിക്കും: ബില്‍ക്കിസ് ഭാനു സംസാരിക്കുന്നു

മുംബൈ: ഇനിയെങ്കിലും തനിക്കും കുടുംബത്തിനും ഭയരഹിതമായി ജീവിക്കാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നെന്ന് ഗുജറാത്ത് വംശഹത്യക്കിടെ കൂട്ടബലാത്സംഗത്തിന് ഇരയായ ബില്‍ക്കിസ് ഭാനു. പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചുള്ള കോടതി വിധിയോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘ഇന്ത്യക്കാരോടും ഗുജറാത്തികളോടും മുസ് ലീങ്ങളോടും എല്ലായിടത്തമുള്ള സ്ത്രീകളോടും ഞാന്‍ പറയുന്നു, ഈ വിധിയില്‍ ഞാന്‍ സന്തുഷ്ടയാണ്. ഇത് സത്യത്തിനൊപ്പമുള്ള നീതിയാണ്. നിയമവ്യവസ്ഥയിലുള്ള എന്റെ വിശ്വാസം ഊട്ടിയുറപ്പിക്കുന്ന ഒന്നാണ്. ഒരു പൗര, സ്ത്രീ, അമ്മ എന്നീ നിലയിലുള്ള എന്റെ അവകാശങ്ങള്‍ ക്രൂരമായ രീതിയില്‍ ലംഘിക്കപ്പെട്ടു. പക്ഷെ ഈ രാജ്യത്തിന്റെ ജനാധിപത്യ വ്യവസ്ഥയില്‍ ഞാന്‍ വിശ്വസിച്ചു. ഇനി എനിക്കും എന്റെ കുടുംബത്തിനും യാതൊരു ഭയവുമില്ലാതെ ജീവിതം തുടങ്ങാന്‍ കഴിയുമെന്നു വിശ്വസിക്കുന്നു.’ അവര്‍ പറയുന്നു.

‘ഒരു സമുദായത്തിന്റെ മുഴുവന്‍ ജീവിതത്തെ നശിപ്പിച്ച ക്രിമിനലുകളെ സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും പിന്തുണയ്ക്കുകയും ചെയ്ത ഭരണകൂടത്തെയും അതിന്റെ ഭാഗമായ ഉദ്യോഗസ്ഥരെയും കുറ്റക്കാരായി തിരിച്ചറിഞ്ഞതില്‍ സന്തോഷമുണ്ട്. ഇന്ന് അവര്‍ക്കെതിരെ തെളിവു നശിപ്പിക്കല്‍ കുറ്റം ചുമത്തപ്പെട്ടിരിക്കുകയാണ്.

പൗരന്മാരെ സംരക്ഷിക്കുമെന്നും നീതി ഉറപ്പാക്കുമെന്നും പ്രതിജ്ഞയെടുത്ത് അധികാരത്തിലേറിയ ഉദ്യോഗസ്ഥരെ സംബന്ധിച്ച് ഇത് അവരുടെ ധാര്‍മ്മികതയ്ക്കുമേല്‍ എക്കാലത്തേക്കുമുള്ള കളങ്കമായിരിക്കും.

ഇന്ന് ദിവസവും മതത്തിന്റെയും സമുദായത്തിന്റെയും പേരില്‍ ആളുകള്‍ ആക്രമിക്കപ്പെടുന്ന സംഭവങ്ങള്‍ നമ്മള്‍ കേള്‍ക്കുന്നുണ്ട്. ഈയൊരു കാലത്ത് എനിക്ക് എന്റെ രാജ്യത്തെ സഹജീവികളോട് പറയാനുള്ളത് രാജ്യത്തിന്റെ മതേതര മൂല്യങ്ങളില്‍ വിശ്വാസമുറപ്പിക്കാന്‍ സഹായിക്കണമെന്നാണ്. ആക്രമിക്കപ്പെടുന്നവര്‍ നീതിയ്ക്കും അഭിമാനത്തിനും തുല്യതയ്ക്കും വേണ്ടി നടത്തുന്ന പോരാട്ടങ്ങളെ പിന്തുണയ്ക്കണം എന്നാണ്.

വിദ്വേഷത്തിന്റെ അന്ത്യമായി ഞാന്‍ ഈ വിധിയെ കാണുന്നില്ല. മറിച്ച് എന്നായാലും എങ്ങനെയായാലും നിയമം ജയിക്കുമെന്നാണ് ഈ വിധി അര്‍ത്ഥമാക്കുന്നത്.

എന്നെ സംബന്ധിച്ച് ഇതൊരു നീണ്ട പൊരാട്ടമായിരുന്നു. ഒരിക്കലും അവസാനിക്കാത്ത പോരാട്ടം. നിങ്ങള്‍ സത്യത്തിന്റെ ഭാഗത്താണെങ്കില്‍ ഒടുക്കം നീതി നിങ്ങളുടേതായിരിക്കും.

ഈയാത്രയിലുടനീളം എനിക്കൊപ്പം നിന്ന എന്റെ സുഹൃത്തുക്കള്‍ക്കറിയാം അവര്‍ എനിക്കും എന്റെ ഭര്‍ത്താവ് യാക്കൂബിനും ഞങ്ങളുടെ കുടുംബത്തിനും നല്‍കിയ പിന്തുണയും സ്‌നേഹവും എത്രത്തോളമായിരുന്നെന്ന്. ഇതുപോലുള്ള യാത്രകള്‍ ഒരിക്കലും ഒറ്റയ്ക്ക് നടത്താനാവില്ല. സി.ബി.ഐയോടും അപ്പീലില്‍ എനിക്കുവേണ്ടി ഹാജരായ അഭിഭാഷകനോടും ബഹുമാനപ്പെട്ട ഹൈക്കോടതിയോടും എന്റെ നന്ദി അറിയിക്കുന്നു.’ വിധിയോട് പ്രതികരിച്ചു കൊണ്ട് ബില്‍ക്കിസ് ഭാനു പറഞ്ഞു.

ഗുജറാത്ത് കലാപം നടക്കുന്ന സമയത്ത് കുടുംബാംഗങ്ങള്‍ക്കൊപ്പം രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോഴാണ് സായുധസംഘം ബില്‍ക്കിസ് ഭാനുവിനെയും കുടുംബത്തെയും തടഞ്ഞുനിര്‍ത്തി ആക്രമിച്ചത്. അഞ്ചുമാസം ഗര്‍ണിയായ ബില്‍കിസിനൊപ്പം രണ്ട് വയസ്സുകാരിയായ മകളുള്‍പ്പെടെ 17 പേരുണ്ടായിരുന്നു.


Also Read: എന്റെ കൈക്കുഞ്ഞിനെ അവര്‍ ആകാശത്തേക്കെറിഞ്ഞു… തറയില്‍ വീണവള്‍ ചിന്നിച്ചിതറി… അവരെന്നെ മാറിമാറി ബലാത്സംഗം ചെയ്തു… 


അക്രമികള്‍ അവളെ ബലാത്സംഗം ചെയ്യുകയും കുടുംബത്തിലെ 14 പേരെ കൊലപ്പെടുത്തുകയും ചെയ്തു. കൊല്ലപ്പെട്ടവരില്‍ അവരുടെ മകളും മാതാവ് ഹലിമയും ബന്ധു ഷമീമും ഉള്‍പ്പെടുന്നു.

നീതിതേടി ബില്‍കിസ് പ്രാദേശിക പൊലീസ് സ്‌റ്റേഷനിലെത്തി. എന്നാല്‍, കേസെടുക്കില്ലെന്ന നിലപാടിലായിരുന്നു പൊലീസ്. കേസുമായി മുന്നോട്ടുപോയാല്‍ പരിണിതഫലങ്ങള്‍ നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

എന്നാല്‍ ബില്‍ക്കിസ് ഭാന ഭയന്നില്ല. അവര്‍ 2003 ഡിസംബറില്‍ ദേശീയ മനുഷ്യാവകാശ കമീഷനെയും സുപ്രീംകോടതിയെയും സമീപിച്ചു. കേസ് സി.ബി.ഐയോട് ഏറ്റെടുക്കാന്‍ 2003 ഡിസംബര്‍ 18ന് സുപ്രീം കോടതി ഉത്തരവിട്ടു.

2004 ജനുവരി 22ന് പരാതിയില്‍ പറയുന്ന 12പേരെ സി.ബി.ഐ അറസ്റ്റ് ചെയ്തു. 2004 ഫെബ്രുവരി 11ന്
ഗുജറാത്ത് പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ നീതിനിഷേധം ചൂണ്ടിക്കാട്ടി സി.ബി.ഐ ഇടക്കാല റിപ്പോര്‍ട്ട് നല്‍കി.

ആ വര്‍ഷം മാര്‍ച്ചില്‍ സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ സി.ബി.ഐ അറസ്റ്റു ചെയ്തു. ഏപ്രില്‍ 19ന് ആറ് പൊലീസുകാരും രണ്ട് സര്‍ക്കാര്‍ ഡോക്ടര്‍മാരും ഉള്‍പ്പെടെ 20പേര്‍ക്കെതിരെ സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചു.


Must Read: ക്ഷീരകര്‍ഷകരായ രണ്ട് യുവാക്കള്‍ക്ക് ഗോരക്ഷാ പ്രവര്‍ത്തകരുടെ ക്രുരമര്‍ദ്ദനം: മര്‍ദ്ദിച്ചത് മുസ്‌ലീങ്ങളെന്ന് ധരിച്ച്‌ 


ഇതിനിടയിലും അവളും കുടുംബാംഗങ്ങളും ഭീഷണി നേരിടേണ്ടിവന്നു. ബില്‍ക്കിസിനും സാക്ഷികള്‍ക്കും സി.ഐ.എസ്.എഫിന്റെ സംരക്ഷണം നല്‍കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചു.

തുടര്‍ന്ന് കേസ് ഗുജറാത്തിന് പുറത്തേക്ക് മാറ്റാന്‍ ബില്‍ക്കിസ് കോടതിയോടാവശ്യപ്പെട്ടു. 2004 ആഗസ്റ്റില്‍ സുപ്രീംകോടതി കേസ് മഹാരാഷ്ട്രയിലേക്ക് മാറ്റി.

2008 ജനുവരിയില്‍ അവരില്‍ 11 പേര്‍ക്ക് കൂട്ടബലാത്സംഗത്തിനും കൊലപാതകത്തിനും ജീവപര്യന്തം ശിക്ഷ ലഭിച്ചു. സംഭവം ആസൂത്രണം ചെയ്ത് നടപ്പാക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ചെന്നുകരുതുന്ന ജസ്വന്ത്ഭായ് നായ്, ഗോവിന്ദ്ഭായ് നായ്, രാധേശാം ഷാ എന്നിവര്‍ക്ക് വധശിക്ഷ നല്‍കണമെന്ന് 2011 ജൂലൈയില്‍ സി.ബി.ഐ ആവശ്യപ്പെട്ടിരുന്നു.

11 പേരും വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് പ്രതികള്‍ നല്‍കിയ അപേക്ഷ ബോംബെ ഹൈക്കോടതി 2016 സെപ്റ്റംബറില്‍ തള്ളി. വിചാരണകോടതി നല്‍കിയ ശിക്ഷ ബോംബെ ഹൈക്കോടതി ശരിവെച്ചു.

കേസില്‍ നിന്നും പൊലീസ് ഓഫീസര്‍മാരും ഡോക്ടര്‍മാരും ഉള്‍പ്പെടെയുള്ള പ്രതികളെ കുറ്റവിമുക്തരാക്കിയതിനെതിരെ സി.ബി.ഐ അപ്പീല്‍ നല്‍കി. ഇതിനു പുറമേ മൂന്ന് പ്രധാന പ്രതികളെ വിട്ടയച്ചതിനെതിരെയും സി.ബി.ഐ ഹൈക്കോടതിയെ സമീപിച്ചു. ഇരു അപ്പീലുകളും പരിശോധിച്ച കോടതി മെയ് 4ന് 19 പ്രതികളെയും ശിക്ഷിച്ചുകൊണ്ട് ഉത്തരവിറക്കി.