Administrator
Administrator
ഭ്രമകല്‍പനകളിലെ കവിതയും നേരും
Administrator
Tuesday 19th October 2010 5:38am

പുസ്തക റിവ്യൂ

ഇരുട്ടുപിഴിഞ്ഞ്

സെബാസ്റ്റ്യന്‍

പേജ് 84

വില 50 രൂപ

ഡി.സി.ബുക്സ്


ബിജുരാജ്

രാത്രി മുഴുവന്‍ ഇരുട്ടുപിഴിഞ്ഞ് ഭൂമിയെ വെളുപ്പിച്ചെടുക്കുക എന്നത് കവിക്കും ഉന്മാദിക്കും മാത്രം സങ്കല്‍പ്പിച്ചെടുക്കാവുന്ന കല്‍പനയാണ്. അങ്ങനെ താന്‍ വീടിനു പിന്നിലെ ടാങ്കില്‍ മൂടിവച്ച ഇരുട്ട് പതുക്കെ പുറത്തേക്ക് വന്ന് കണ്ണിലേക്ക് പടര്‍ന്നു കയറുമ്പോള്‍, പഴംതുണി എവിടേ എന്ന് ചോദിക്കാന്‍ ഉന്മാദിക്കാവില്ല. കവിക്കേ അത് സാധിക്കൂ. ഇത്തരത്തില്‍, ഭ്രമകല്‍പനകളില്‍ കുറിച്ചിടുന്ന കാലത്തിന്റെ നേരുകളാണ് സെബാസ്റ്റ്യന്റെ പുതിയ കവിതാ സമാഹാരമായ ‘ഇരുട്ടുപിഴിഞ്ഞ്’.

നമ്മുടെ ഇന്നിനോട് നിരന്തരം സംവദിക്കുന്നതാണ് ഈ സമാഹാരത്തിലെ കവിതകള്‍. അതുകൊണ്ട് തന്നെ ഈ വരികളില്‍ ക്ഷോഭമുണ്ട്, വേദനയുണ്ട്, പരിഹാസമുണ്ട്.അതിലേറെ നിസഹായതയുണ്ട്. ഒപ്പം ആശ നശിക്കാത്ത സ്വ്പനങ്ങളുണ്ട്.

‘പാവം’, ‘ഇരുട്ട് പിഴിഞ്ഞ്’, ‘ആല്‍ബം’, ‘കരതലാമലകം’, ‘മീന്‍പിടുത്തം’,  ‘ആരണ്യകം’, ‘ജീവചരിത്രം’, ‘എളുപ്പം’, ‘വില്‍പന’, ‘തിരിച്ചടി’ തുടങ്ങിയ നാല്‍പ്പത്തിമൂന്ന് കവിതകളാണ് സമാഹാരത്തിലുള്ളത്. കവിയുടെ  അഞ്ചാമത്തെ കവിതാസമാഹാരമാണിത്. വര്‍ത്തമാനകാലം, പ്രണയം, സ്വത്വം എന്നിവയാണ് ‘ഇരുട്ടുപിഴിഞ്ഞില്‍’ ആവര്‍ത്തിച്ചുവരുന്ന പ്രമേയങ്ങള്‍. കാലം തകര്‍ക്കുന്ന അവസ്ഥകളെയും ജീവിതങ്ങളെയും കവിത പ്രതിനിധീകരിക്കുന്നുവെങ്കിലും സെബാസ്റ്റ്യന്റെ കവിതകള്‍ പക്ഷേ ഒരിക്കലും അശുഭാപ്തി വിശ്വാസങ്ങള്‍ പങ്കിടുന്നില്ല.

എഴുതപ്പെടുന്ന ഓരോ കവിതയും എഴുത്തിന്റെ രാഷ്ട്രീയം നമ്മെ ഓര്‍മിപ്പിക്കുന്നുണ്ട്. ഒരാള്‍ക്ക് കവിത എങ്ങനെയും എഴുതാം. വളരെ ലാഘവത്തോടെ, ഒരു പൂവിതള്‍ വീഴുന്നത്രയും മൃദുവായി. തിരിച്ചും സത്യമാണ്. ഒരാള്‍ക്ക് കവിത എങ്ങനെയും വായിക്കാം. എന്നാല്‍ സെബാസ്റ്റ്യന്റെ കവിതകള്‍ അതിന്റെ നിലപാടുകള്‍കൊണ്ട്, കാവ്യഭംഗികൊണ്ട്, എഴുത്തിന്റെ ലാളിത്യം കൊണ്ട് വേറിട്ടുനില്‍ക്കുന്നു. അതിന്റെ വായനയും ഒരു തരം സാമൂഹ്യപ്രവര്‍ത്തനമായി അനുഭവപ്പെടുന്നു.

‘പ്രേരണ’യില്‍ എഴുതിയ ആദ്യ കവിത ‘മഹാബീര്‍’ മുതല്‍ ഇന്നുവരെയുള്ള സെബാസ്റ്റ്യന്റെ കവിതകള്‍ സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങളോട് കലഹിക്കുന്നവയാണ്. രാഷ്ട്രീയം സംസാരിക്കുന്നു എന്നതിനാല്‍ അലമുറയിടുന്ന മുദ്രാവാക്യങ്ങളില്ല ഈ സമാഹാരത്തിലെ കവിത. അവ ‘ഷൌട്ട്’ചെയ്യുന്നുമില്ല.

കാഴ്ചയുടെ സുതാര്യയുണ്ട് ഓരോ വരികളിലും. നമ്മുടെ നാട്ടിന്‍പുറത്തിന്റെ അതിരുകളില്‍ നിന്ന് അവ വെള്ളവും വെളിച്ചവും ശ്വസിക്കുന്നു. വിവരണാതീതമായ ശബ്ദങ്ങള്‍ ഉതിര്‍ക്കുന്നു. അതില്‍ നിസഹായതയുണ്ടാവാം, അമര്‍ഷമുണ്ടാവാം. ‘ജീവിതമേ നീ എത്ര ചെറുത്’ എന്ന് പരിതപിക്കലുണ്ടാവാം(ചെറുത്). അലറിവിളിക്കലുകളില്ലാത്ത മുഴക്കങ്ങളാണ് ഈ സമാഹാരത്തിലെ കവിതകള്‍.

‘ആല്‍ബം’ എന്ന കവിത നമ്മളെ നന്നായി ഒന്നു കശക്കുന്നു.  ‘വലിപ്പ ചെറുപ്പങ്ങള്‍ അല്‍പം അഭംഗിയുണ്ടാക്കുമെങ്കിലും/വിശേഷപ്പെട്ട മറ്റൊരാല്‍ബമുണ്ടാക്കുന്നു/ മുത്തങ്ങ, മേപ്പാടി, നെല്ലിയാമ്പതി, ചെങ്ങറ/എല്ലാം ചേര്‍ത്ത് തുന്നിക്കെട്ടി/ ഒഴിവുനേരങ്ങളില്‍/വെറുതേ/മറിച്ചു നോക്കി രസിക്കാം.

‘വില്പന’ എന്ന കവിത നമ്മളിലെ കച്ചവടക്കാരനെ കറുത്ത ഫലിതംകൊണ്ട് ആക്രമിക്കുന്നു: “ഇനിയും ചാവാത്ത ഇടവഴികള്‍/ തൂങ്ങിപ്പിടയുന്ന കോര്‍മ്പയുമായി/ നാഷണല്‍ ഹൈവേക്കരുകില്‍ നില്‍ക്കുകയാണ്/ പാഞ്ഞുപോകുന്ന വാഹനങ്ങക്ക് നേരെ/ അവയെ ഉയര്‍ത്തിക്കാട്ടി നല്ല വിലയ്ക്ക ്വില്‍ക്കാന്‍.

ഹൌസ്ബോട്ടിലിരുന്ന് ബൈനാക്കുലറിലൂടെ കാണുന്ന കൌതുകമാണ് ‘സമീപദൃശ്യം’ എന്ന കവിത. ടൂറിസം വിപണിക്കു നേരെ കവിത പാഞ്ഞടുക്കുന്നു. “ബോട്ടുകളുടെ ശ്മശാനം കണ്ടു, ചെളിവെള്ളത്തില്‍ മുഷികളെപ്പോലെ മനുഷ്യരെയും’- കവിത പരിഹസിക്കുന്നു.

ജീവിത പങ്കാളിയായ സ്ത്രീയാണ് കവിതയില്‍ ആവര്‍ത്തിച്ചുവരുന്ന ഒരാള്‍ . സഹതാപംകലര്‍ന്ന പുരുഷന്റെ വാക്കുകളല്ല അതിലുള്ളത്. സ്ത്രീയോടുള്ള ഐക്യപ്പെടലുണ്ട് . അവളുടെ അവസ്ഥയോടുള്ള തീര്‍ത്തും ‘ഫെമിനൈന്‍’ ആയ പ്രതികരണമുണ്ട്.

‘തിരിച്ചടി’ എന്ന കവിത അത്തരത്തില്‍ ഒന്നാണ്.  ‘ചെറിയ കാര്യം വലുതാക്കി അവളെ അടിച്ചു/തെറിവിളിച്ചു/ ഉണ്ടില്ല/ഉറങ്ങിയില്ല അവള്‍/ രാത്രി ഇരുളിലൂടെ വന്ന്/ അടുത്ത് കിടന്ന്/ അവള്‍ പറഞ്ഞു/ വെറുതെ എന്നെ അടിച്ചു./ഇനി അടിച്ചാല്‍/ഞാനും തിരിച്ചടിക്കും/ ഉറക്കത്തില്‍ ഒരു സ്വപ്നം കണ്ടു/ ഇടവഴിയിലൂടെ ഞാന്‍ നടക്കുന്നു/ പൊടുന്നനേ/ വഴി ഇളകി/നടുങ്ങിപ്പോയി/ അതൊരു/ പെരുമ്പാമ്പായിരുന്നു/ അവള്‍ വലിയ വടിയുമയാി വടന്ന്/ പാമ്പിനെ അടിച്ചുകൊണ്ടിരുന്നു/ അത് ചാവും വരെ”.

നിസ്സഹായതയാണ് ചില കവിതകളുടെ അന്തസാരം. നാനോ വിദ്യയാല്‍ ഭൂഗോളത്തെ ആയിരം കോടി ചെറുതാക്കി/ ഒരു നെല്ലിക്കയോളമാക്കി കൈയില്‍ വച്ചു/.. നാനോടേക്നോളജിയുടെട വിരുതുകൊണ്ട് ലോപിച്ച പൂര്‍വ്വരൂപത്തിലാകാനാവാകാത്ത ഒരു കൊച്ചു ഭൂമിയിലാണ് ഇപ്പോള്‍ നമ്മള്‍” എന്ന് കവി നമ്മളോട് പറയുന്നു (കരതലാമലകം). കവിക്കൊപ്പം വായനക്കാരനും നിസാര മനുഷ്യനാവുന്നു; വെറും നിസാരനായ മനുഷ്യന്‍.

സമാഹാരത്തിലെ പല കവിതകളിലും കവിയുടെ മിഥ്യാടനങ്ങളും ഭ്രമാത്കതയ്ക്കും സുവ്യക്തമായുണ്ട്. ചൂണ്ടയില്ലാത്തതിനാല്‍, കടല്‍ത്തീവണ്ടിയില്‍ നിന്ന്  ‘എന്നെ എന്നില്‍ തന്നെ കൊളുത്തി ജാലകത്തിലൂടെ നീട്ടിയെറിയുന്ന’യാളിലും (മീന്‍പിടുത്തം) അന്ധര്‍ക്കുള്ള സീറ്റില്‍ ഇരുന്ന് അന്ധനാവുന്ന മനുഷ്യനിലും (സഞ്ചാരം) ആള്‍ക്കൂട്ടത്തില്‍ എത്ര ഭ്രാന്തന്‍മാരുണ്ടെന്ന് തിരിച്ചറിയാന്‍ ഒരു ചെമ്പരത്തിപ്പൂ ഉയര്‍ത്തിക്കാട്ടുകയും ആരും തിരിഞ്ഞുനോക്കാത്തിനാല്‍ മനുഷ്യരുടെ കാര്യമോര്‍ത്ത് ചിരിച്ച് അടുത്ത തെരുവിലേക്ക് ഓടുകയും ചെയ്യുന്ന ഭ്രാന്തനിലും(മന:ശാസ്ത്രജ്ഞന്‍) നമുക്ക് ഭ്രമാത്മകനായ കവിയെ കണ്ടെടുക്കാം.

‘ഇരുട്ടുപിഴിഞ്ഞ്’ എന്ന കവിതാ സമാഹാരം കാലം കവിയില്‍ വരുത്തുന്ന മാറ്റങ്ങളെയും കവിയുടെ തന്നെ കാവ്യവളര്‍ച്ചയെയും അടയാളപ്പെടുത്തുന്നുണ്ട്. മുമ്പ് തുറന്ന രീതിയില്‍ പൊളിറ്റിക്കല്‍ ആയിരുന്നുവെങ്കില്‍ ഇന്നതില്‍ നിന്ന് വ്യത്യസ്തമാണ് സെബാസ്റ്റ്യന്റെ കവിതകള്‍. ഭ്രമാത്മകമായ വരികള്‍ തന്നെയാണ് ശ്രദ്ധേയമായ ഒരു മാറ്റം. അസാമാന്യമായ കൈയടക്കത്തോടെയും ലാളിത്യഭംഗിയോടെയുമാണ് കവി രാഷ്ട്രീയവും സംസാരിക്കുന്നത് എന്നത് അതിനേക്കാള്‍ സുഭഗം.

മുമ്പൊരിക്കല്‍ തന്റെ കവിതയെപ്പറ്റി സെബാസ്റ്റ്യന്‍ തന്നെ പറഞ്ഞു: ” പണിയെടുക്കുകയും സമ്പാദിക്കുകയും കുടുംബം പുലര്‍ത്തുകയും ചെയ്യുന്ന ഒരു സാധാരണ പൌരധര്‍മത്തിനപ്പുറം കവിത എനിക്ക് അതി നിര്‍വേദകരമായ ഒരു ഹര്‍ഷോന്മാദത്തിന്റെയും നക്ഷത്രങ്ങള്‍ ആകാശത്തില്‍ പൊട്ടിത്തൂവുന്നതുപോലെ നിര്‍വചിക്കാനാവാത്ത ഒരു ആത്മീയതയുടെയും അനുഭവമാണ്”.

ഈ ഹര്‍ഷോന്മാദവും അനിര്‍വചനീയമായ ആത്മീയതയും നമുക്ക് വരികളില്‍ നിഴലിക്കുന്നത് കാണം. കവിതയെ സെബാസറ്റ്യന്‍ സ്വീകരിക്കുന്നതും ജീവിതത്തില്‍ സാക്ഷാത്കരിക്കുന്നതും സാങ്കേതിക അര്‍ത്ഥത്തിലല്ല. ഐന്ദ്രികജാലവും ഹിപ്നോട്ടിക് വലയത്തില്‍പ്പെടുന്നതുമായ ഒരു അതി ഉന്മാദഹര്‍ഷവലത്തില്‍ അകപ്പെട്ടുപോകുന്നു എന്ന നിലയിലാണ്. കവിതന്നെ മുമ്പ് ഇതേ അര്‍ത്ഥം വരുന്ന വരികള്‍ എഴുതിയിട്ടുണ്ട്.

മലയാള കവിതയില്‍ എന്നും മൂന്നു പതിറ്റാണ്ടായി നിറഞ്ഞു നില്‍ക്കുന്ന കവിയാണ് സെബാസ്റ്റ്യന്‍. ആനുകാലികങ്ങളില്‍ പതിവായി എഴുതുന്നു. തുടര്‍ച്ചയായി, ‘ശ്വസിക്കുന്നതുപോലെ’ കവിത എഴുതുന്ന വളരെ വളരെ ചുരുക്കം കവികളേ നമുക്കുള്ളൂ. ആ പട്ടികയില്‍ സച്ചിദാനന്ദനും അയ്യപ്പനുമൊപ്പമുണ്ട് സെബാസ്റ്റ്യന്‍. രണ്ടുപേരുമായി കവി ഊഷ്മളമായ ബന്ധം സൂക്ഷിക്കുകയും ചെയ്യുന്നു.

അവതാരികയില്‍ ഡോ.ബി.കേരളവര്‍മ പറയുന്നതിനോടവും വായനക്കൊടുവില്‍ നമ്മളും എത്തിച്ചേരുക. ” സൈദ്ധാന്തികമായിട്ടല്ലെങ്കിലും ആധുനികാന്തര മലയാള കവിയയുടെ മാനിഫെസ്റ്റോയാണ് ഈ പുസ്തകം. അത്രയ്ക്ക് കൃത്യമായിട്ടാണ് ഇത് മലയാള കവിതയുടെ സമകാലിക ദിശയെ അടയാളപ്പെടുത്തുന്നത്. വര്‍ത്തമാനകാല ചരിത്രാവസ്ഥയോട് സംവദിക്കുന്നതിലും പ്രണയത്തെ അകാല്‍പ്പനികവല്‍ക്കരിക്കുന്നതിലും സ്വത്വാവസ്ഥാന്തരങ്ങളെ രേഖപ്പെടുത്തുന്നതിലും ഈ കവിതകള്‍ പ്രതിനിധാത്മകമായ ഉത്താരാധുനികഭാവമാണ് സ്വീകരിക്കുന്നത്”.

മലയാളത്തിലെ കൈവിരലിലെണ്ണാവുന്ന രാഷ്ട്രീയ കവിയാണ് സെബാസ്റ്റ്യന്‍. ‘രാഷ്ട്രീയ കവി’ (സോഷ്യോ-പൊളിറ്റിക്കല്‍) എന്നത് ഒരു അവഹേളന പദമായി പുതിയകവിക്കൂട്ടം കാണുമ്പോള്‍, അങ്ങനെ തന്നെ പ്രയോഗിക്കണം. തികച്ചും രാഷ്ട്രീയകാരണങ്ങളാല്‍. അല്ലെങ്കില്‍ ഈ കവിതാ സമാഹാരത്തില്‍ നിന്ന് കാലത്തിന്റെ സത്യമില്ലാത്ത ഒരു കവിത കണ്ടെടുത്ത് നല്‍കുക.

Advertisement