എഡിറ്റര്‍
എഡിറ്റര്‍
തീവ്രവാദികളില്‍ നിന്നും രക്ഷപ്പെട്ട കോഴിക്കോട് സ്വദേശി ബിജുവിനെ ഉടന്‍ നാട്ടിലെത്തിക്കും
എഡിറ്റര്‍
Saturday 11th August 2012 10:00am

ന്യൂദല്‍ഹി : ഫിലിപ്പെയിന്‍സ് തീവ്രവാദികളില്‍ നിന്നും രക്ഷപ്പെട്ട കൊയിലാണ്ടി മൂടാടി സ്വദേശി ബിജുവിനെ ഉടന്‍ നാട്ടിലെത്തിക്കുമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

Ads By Google

കഴിഞ്ഞ വര്‍ഷം ജൂണ്‍ 26 നാണ് ഫിലിപ്പെയിന്‍സിലെ ടെംപോക്കില്‍ വെച്ച് അല്‍-ഖ്വയ്ദ ബന്ധമുള്ള അബു സയാഫ് എന്ന തീവ്രവാദ സംഘം ബിജുവിനെ തട്ടിക്കൊണ്ടുപോകുന്നത്. ടെംപോക്കിലെ ഭാര്യ വീട്ടില്‍ എത്തിയതായിരുന്നു ബിജു.

20 ലക്ഷം രൂപയായിരുന്നു ബിജുവിന്റെ മോചനത്തിനായി സംഘം ആവശ്യപ്പെട്ടിരുന്നത്. ഇതിനായി രണ്ടുതവണ ബിജുവിന്റെ ഭാര്യ അലീനയുമായി സംഘം ബന്ധപ്പെട്ടിരുന്നു. മോചനത്തിനായുള്ള ശ്രമങ്ങള്‍ നടക്കുന്നതിനിടെയാണ് സാഹസികമായി ബിജു രക്ഷപ്പെട്ടത്.

കഴിഞ്ഞ വെള്ളിയാഴ്ച്ച പുലര്‍ച്ചെയായിരുന്നു ബിജു തീവ്രവാദ സംഘത്തിന്റെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ടത്.

കുവൈറ്റിലെ ഗാര്‍മന്റ് കമ്പനിയിയായ ബ്രോണ്‍സ് അല്‍ താവൂസില്‍ ഓപ്പറേഷന്‍ മാനേജരായി ജോലിചെയ്യുകയായിരുന്നു ബിജു.

രക്ഷപ്പെട്ടതിനെ കുറിച്ച് ബിജു പറയുന്നത് ഇങ്ങനെ : കഴിഞ്ഞദിവസം രാത്രി ഏതോ കൊടുങ്കാട്ടിലാണ് ഉറങ്ങാന്‍ കിടന്നത്. ചുറ്റിലും തോക്കുമായി ഭീകരര്‍ കാവലുണ്ട്. രാത്രി ഒരുതവണ താന്‍ മൂത്രമൊഴിക്കാന്‍ എഴുന്നേറ്റപ്പോള്‍ കാവല്‍ക്കാരെല്ലാം മയങ്ങുന്നതാണ് ശ്രദ്ധയില്‍പ്പെട്ടത്.

ഓടിരക്ഷപ്പെടാനാണ് തോന്നിയത്. ആരെങ്കിലും ഉണര്‍ന്നാല്‍ ഒരു വെടിയുണ്ടയില്‍ കാര്യം കഴിയുമെന്നറിയാം. എങ്കിലും രണ്ടും കല്പിച്ച് ജീവനുംകൊണ്ടോടി. ലക്ഷ്യമില്ലാതെയാണ് ഓടിയതെങ്കിലും മിലിട്ടറിക്കുവേണ്ടി പണിത ഒരു റോഡിലെത്താന്‍ കഴിഞ്ഞത് ഭാഗ്യമായി. ഇതിനിടെ വഴിയിലൊരാളുമായി കൂട്ടിയിടിച്ചു ഇയാള്‍ തന്റെ താടിയും മുടിയും കണ്ട് ആദ്യം സംശയിച്ചെങ്കിലും പിന്നീട് താന്‍ ഇന്ത്യയില്‍നിന്നാണോ എന്നു ചോദിച്ചതായി ബിജു പറയുന്നു. അയാള്‍ ഒരു ഗ്രാമവാസിയായിരുന്നു. അയാളുടെ സഹായത്തോടെ ഒരു ഫിലിപ്പെയിന്‍സ് പാര്‍ലമെന്റംഗത്തിന്റെ വീട്ടിലെത്തുകയായിരുന്നു. പിന്നീട് പ്രാദേശിക പോലീസിനെ സമീപിച്ചു.

Advertisement