Categories

ബിജു മേനോന്‍ പിന്നണി പാടുന്നു

ബിജു മേനോന്‍ പിന്നണി ഗായകനാകുന്നു. ഷാജൂണ്‍ കാര്യാല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ഗായകനായുള്ള ബിജുമേനോന്റെ അരങ്ങേറ്റം. ലാലും ബിജുമേനോനുമാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Ads By Google

സിനിമയില്‍ രാജീവ് നായരുടെ വരികള്‍ക്ക് ദീപക് ദേവാണ് സംഗീതം ഒരുക്കുന്നത്. ചിത്രത്തിന് വേണ്ടി സൗഹൃദം പ്രമേയമാക്കി രചിച്ച ഒരു നാടന്‍ പാട്ടാണ് ബിജു പാടാന്‍ പോകുന്നത്.

അഞ്ച് സുഹൃത്തുക്കളുടെ കഥയാണ് ചിത്രം പറയുന്നത്. ഹാസ്യത്തിന് ഏറെ പ്രാധാന്യം നല്‍കിയാണ് ചിത്രം ഒരുക്കുന്നത്. സുരേഷ് കൃഷ്ണ, പി. സുകുമാരന്‍ എന്നിവരാണ് മറ്റ് താരങ്ങള്‍. എട്ടേകാല്‍ സെക്കന്റ് എന്ന ചിത്രത്തില്‍ വേഷമിട്ട ജിമ്മി ജോര്‍ജാണ് നായിക. സച്ചി-സേതു ടീമിന്റെ തിരക്കഥയിലൊരുങ്ങുന്ന ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല.

ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ ഒരാള്‍ കൂടിയാണ് ബിജു മേനോന്‍. തക്കാളി ഫിലിംസാണ് ചിത്രം നിര്‍മിക്കുന്നത്. ബിജു മേനോന് പുറമേ സംവിധായകന്‍ ഷാജൂണ്‍ കാര്യാല്‍, തിരക്കഥാകൃത്ത് സച്ചി,  ഛായാഗ്രാഹകന്‍ പി.സുകുമാര്‍, സുരേഷ് കൃഷ്ണ എന്നീ അഞ്ചംഗ സംഘമാണ് തക്കാളി ഫിലിംസിന്റെ ബാനറില്‍ ചിത്രം നിര്‍മിക്കുന്നത്.

ബിജുമേനോന്റെ ഭാര്യയുടെ വേഷത്തിലാണ് ജിമ്മി ജോര്‍ജെത്തുന്നത്. ഒരു പുതുവത്സര തലേന്ന് ഈ ഭാര്യ കാട്ടിക്കൂട്ടുന്ന കോലാഹലമാണ് സിനിമയുടെ പ്രധാന വഴിത്തിരിവ്. പുതുവത്സരത്തോട് അനുബന്ധിച്ചുണ്ടാകുന്ന ഒരു സംഭവവും അതിനെ തുടര്‍ന്ന് രണ്ട് ദിവസമായി അരങ്ങേറുന്ന കാര്യങ്ങളുമാണ് സിനിമ അവതരിപ്പിക്കുന്നത്.

Tagged with: