എഡിറ്റര്‍
എഡിറ്റര്‍
ഫിലിപ്പീന്‍സില്‍ തീവ്രവാദികളുടെ തടവില്‍ നിന്ന് രക്ഷപ്പെട്ട ബിജു നാട്ടിലെത്തി
എഡിറ്റര്‍
Sunday 19th August 2012 12:00pm

കോഴിക്കോട്: ഫിലിപ്പീന്‍സില്‍ മതതീവ്രവാദികളുടെ തടവില്‍ നിന്ന് രക്ഷപ്പെട്ട കൊയിലാണ്ടി മൂടാടി സ്വദേശി ബിജു നാട്ടില്‍ തിരിച്ചെത്തി. ഭാര്യയ്ക്കും മകനുമൊപ്പം ഉച്ചയ്ക്ക് ഒരു മണിയോടെയാണ് എയര്‍ ഇന്ത്യ വിമാനത്തില്‍ മുംബൈയില്‍ നിന്നും ബിജു കരിപ്പൂരിലെത്തിയത്.

Ads By Google

സഹോദരന്‍ ഷൈജുവും മറ്റ് ബന്ധുക്കളും ബിജുവിനെ സ്വീകരിക്കാന്‍ വിമാനത്താവളത്തിലെത്തിയിരുന്നു. ഭാര്യ അലീനയുടെ പാസ്‌പോര്‍ട്ട് കാലാവധി കഴിഞ്ഞതിനാല്‍ അത് പുതുക്കിയശേഷമാണ് ബിജു നാട്ടിലേയ്ക്കു തിരിച്ചത്. പോലീസ് നടപടികളെല്ലാം പൂര്‍ത്തിയാക്കി മനിലയിലെത്തിയശേഷമാണ് നാട്ടിലേയ്ക്ക് വിമാനം കയറിയത്.

ദൈവത്തിനോട് നന്ദി പറയുന്നുവെന്നായിരുന്നു ബന്ധുക്കളെ കണ്ടപ്പോള്‍ ബിജു ആദ്യം പറഞ്ഞത്. ദൈവം തന്നെ ഒരു അവസരത്തിലാണ് താന്‍ രക്ഷപെട്ടത്. അല്ലെങ്കില്‍ ഒരിക്കലും താന്‍ തിരിച്ച് ഈ നാട്ടിലെത്തുമെന്ന് വിചാരിച്ചില്ലെന്നും ബിജു കൂട്ടിച്ചേര്‍ത്തു.

തന്റെ മോചനത്തിന് ഫിലിപ്പൈന്‍ സര്‍ക്കാരിന്റെയും ഇന്ത്യന്‍ സര്‍ക്കാരിന്റെയും ഭാഗത്തുനിന്ന് അനുകൂല സഹകരണമാണുണ്ടായതെന്നും മോചനത്തിന് സഹായിച്ച എല്ലാവരോടും നന്ദി പറയുന്നുവെന്നും ബിജു പറഞ്ഞു. ഖത്തര്‍ മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ വിമാനത്താവളത്തില്‍ ബിജുവിന് സ്വീകരണം ഒരുക്കിയിരുന്നു. രാഷ്ട്രീയ നേതാക്കളും നാട്ടുകാരും ബിജുവിനെ സ്വീകരിക്കാന്‍ എത്തിയിരുന്നു.

കുവൈത്തിലെ ബ്രോന്‍സ് അല്‍ താവൂസ് കമ്പനിയില്‍ ഓപ്പറേഷന്‍ മാനേജറായി ജോലി ചെയ്യകയായിരുന്ന ബിജു ഭാര്യക്കും മക്കള്‍ക്കുമൊപ്പം ഫിലിപ്പീന്‍സ് സന്ദര്‍ശിക്കുന്നതിനിടെ 2011 ജൂണ്‍ 23നാണ് തീവ്രവാദികളുടെ പിടിയിലകപ്പെട്ടത്. ഒമ്പത് വര്‍ഷമായി കുവൈത്തില്‍ ജോലി ചെയ്യന്ന ബിജു ഇവിടെ വെച്ച് പരിചയപ്പെട്ട എലീനയെ ജീവിതസഖിയാക്കുകയായിരുന്നു. സുലു പ്രവിശ്യയിലെ ജോലോ എന്ന സ്ഥലത്തെ എലീനയുടെ വീട്ടില്‍ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു പൊലീസ് വേഷത്തില്‍ തീവ്രവാദികള്‍ എത്തി പിടിച്ചുകൊണ്ടുപോയത്. മതതീവ്രവാദ സംഘടനയായ അബുസയ്യാഫിന്റെ പ്രവര്‍ത്തകരാണ് ബിജുവിനെ തട്ടിക്കൊണ്ടുപോയത്. ഒരു രാത്രിയില്‍ കാവല്‍ക്കാര്‍ ഉറങ്ങിയ സമയത്ത് ഇറങ്ങി കാട്ടിലൂടെ മണിക്കൂറുകളോളം ഓടിയ ബിജുവിനെ വഴിയില്‍ കണ്ട ഒരാള്‍ രക്ഷപെടുത്തുകയായിരുന്നു.

ബിജുവിനെ തട്ടികൊണ്ടുപോയ ഉടനെ തീവ്രവാദികള്‍ 65 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടിരുന്നു. ഇതില്‍ തീരുമാനമാകാത്തതിനാല്‍ മോചനവും വൈകുകയായിരുന്നു. ഇതിനിടയിലാണ് ബിജു രക്ഷപെട്ടത്.

മൂടാടി കൊളാറവീട്ടില്‍ നാരായണന്റെയും നളിനിയുടെയും മകനാണ് ബിജു

Advertisement