തൊടുപുഴ: മുല്ലപ്പെരിയാര്‍ സമരപ്പന്തല്‍ സന്ദര്‍ശിക്കാത്ത കേന്ദ്ര മന്ത്രി എ.കെ ആന്റണിക്ക് ഇ.എസ് ബിജി മോള്‍ എം.എല്‍.എ ലൈഫ് ജാക്കറ്റ് നല്‍കാന്‍ ശ്രമിച്ചു. എന്നാല്‍ ലൈഫ് ജാക്കറ്റ് സ്വീകരിക്കാതെ മുന്നോട്ട് നീങ്ങിയ ആന്റണിയെ ബിജി മോള്‍ പിന്തുടര്‍ന്നെങ്കിലും ആന്റണി ജാക്കറ്റ് സ്വീകരിച്ചില്ല. തൊടപുഴയില്‍ പി.ജെ ജോസഫ് സംഘടിപ്പിച്ച കാര്‍ഷിക മേളയിലാണ് ബിജി മോള്‍ എം.എല്‍.എയുടെ പ്രതിഷേധം നടന്നത്.

യോഗം ആരംഭിക്കുന്നതിന് മുമ്പ് തന്നെ ലൈഫ് ജാക്കറ്റുമായി ബിജി മോള്‍ എം.എല്‍.എ വേദിയിലെത്തിയിരുന്നു. പരിപാടിയില്‍ പ്രസംഗിച്ച് മടങ്ങുന്നതിനിടെ ആന്റണിക്ക് ബിജിമോള്‍ ലൈഫ് ജാക്കറ്റ് നല്‍കാന്‍ ശ്രമിക്കുകയായിരുന്നു. മന്ത്രിമാരായ കെ.എം മാണി, പി.കെ കുഞ്ഞാലിക്കുട്ടി എന്നിവരും പരിപാടിയില്‍ സന്നിഹിതരായിരുന്നു.

അതേസമയം, മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ എ.കെ ആന്റണിയെ മന്ത്രി പി.ജെ ജോസഫ് അഭിനന്ദിച്ചു. കേന്ദ്രത്തിന്റെ അണിയറയില്‍ മുല്ലപ്പെരിയാര്‍ പ്രശ്‌ന പരിഹാരത്തിനാിയ ഏറ്റവും പ്രവര്‍ത്തിക്കുന്നത് ആന്റണിയാണെന്ന് പി.ജെ ജോസഫ് പറഞ്ഞു.

ഭക്ഷ്യരംഗത്ത് കേരളം സ്വയം പര്യാപ്തത കൈവരിക്കണമെന്നും സമീപകാലത്തെ സംഭവനികാസങ്ങള്‍ കേരളീയരുടെ കണ്ണു തുറപ്പിക്കണമെന്നും പരിപാടിയില്‍ പ്രസംഗിച്ച പ്രതിരോധ മന്ത്രി എ.കെ ആന്റണി പറഞ്ഞു. പച്ചക്കറികള്‍, പഴവര്‍ഗ്ഗങ്ങള്‍ എന്നിവ സ്വയം ഉത്പാദിപ്പിക്കണമെന്നും ഇത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Malayalam News
Kerala News in English