കോഴിക്കോട്: കോഴിക്കോട് എസ്.എഫ്.ഐ നടത്തിയ വിദ്യാര്‍ത്ഥി മാര്‍ച്ചിനു നേരെ വെടിയുതിര്‍ത്ത അസിസ്റ്റന്റ് കമ്മീഷണര്‍ രാധാകൃഷ്ണപിള്ളയ്ക്കു പകരം നോര്‍ത്ത് അസിസ്റ്റന്റ് കമ്മീഷണറായി ബിജി ജോര്‍ജ് ചുമതലയേല്‍ക്കും. രാധാകൃഷ്ണപിള്ളയെ സര്‍ക്കാര്‍ സ്ഥലം മാറ്റിയതിനെ തുടര്‍ന്നാണ് ബിജി ജോര്‍ജ് സ്ഥാനമേല്‍ക്കുന്നത്.

നിര്‍മ്മല്‍ മാധവ് വിഷയത്തില്‍ സമരം നടത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരേ വെടിവെച്ച സംഭവവുമായി ബന്ധപ്പെട്ടാണ് രാധാകൃഷ്ണപിള്ളയെ കോഴിക്കോട് നിന്നും മാറ്റിയത്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.ജയകുമാറിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ പിള്ളയ്‌ക്കെതിരേ നടപടി സ്വീകരിച്ചത്. സ്ഥിതിഗതികള്‍ വിലയിരുത്തുന്നതില്‍ അസി. കമ്മീഷണര്‍ക്ക് തെറ്റുപറ്റിയെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി നല്‍കിയ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു.