പാറ്റ്‌ന: ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ അകമ്പടി വാഹനത്തിന് നേരെ കല്ലേറ്. നന്ദര്‍ വില്ലേജില്‍ വെച്ചാണ് സംഭവം. വികാസ് സമിക്ഷ യാത്രയില്‍ പങ്കെടുത്ത് ബുക്‌സറില്‍ നിന്നും തിരിച്ചുവരവേയായിരുന്നു പ്രതിഷേധം.

നന്ദര്‍ ഗ്രാമം കഴിഞ്ഞ ഉടനെ തന്നെ നിതീഷ് സഞ്ചരിച്ച വാഹനത്തിന് തൊട്ടുപിറകെയുള്ള വാഹനത്തിന് ചിലര്‍ കല്ലെറിയുകയായിരുന്നു. ഉടന്‍ തന്നെ സുരക്ഷാ ജീവനക്കാര്‍ നിതീഷ് കുമാറിന് സംരക്ഷണമൊരുക്കുകയായിരുന്നു. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തതായാണ് വിവരം.
വാഹനത്തിനകത്ത് ഇരിക്കുന്നവരില്‍ ആര്‍ക്കും പരിക്കേറ്റില്ലെന്നാണ് സൂചന.

സംസ്ഥാനത്ത് 272 കോടി ചിലവഴിച്ച് നടത്തുന്ന 168 പദ്ധതികളുടെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുന്നതിനായുള്ള യാത്രക്കിടെയാണ് സംഭവമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ പ്രതികരിച്ചു.

വികസനപ്രവര്‍ത്തനങ്ങളില്‍ ഊന്നി തന്നെയാണ് സര്‍ക്കാരിന്റെ പ്രവര്‍ത്തനമെന്നും നല്ല റോഡുകളും കുടിവെള്ള സൗകര്യവും എല്ലാ ഗ്രാമത്തിലും വൈദ്യുതിയും എത്തിക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും നിതീഷ് കുമാര്‍ പ്രതികരിച്ചു.

എന്നാല്‍ തന്റെ ലക്ഷ്യം ഇല്ലാതാക്കാനായി ചില ശക്തികള്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. യാഥാര്‍ത്ഥ്യത്തെ മറച്ചുവെക്കാന്‍ ആര്‍ക്കും കഴിയില്ല. എന്റെ ലക്ഷ്യം ഞാന്‍ പൂര്‍ത്തീകരിക്കുക തന്നെ ചെയ്യും- നിതീഷ് കുമാര്‍ പറഞ്ഞു.

പ്രതിഷേധങ്ങള്‍ കണ്ട് ഭയക്കരുത്. ചിലയാളുകള്‍ സര്‍ക്കാരിനെതിരായി മുദ്രാവാക്യം വിളിക്കും. കരിങ്കൊടി കാണിക്കും അതൊന്നും കണ്ട് നിങ്ങള്‍ പേടിക്കേണ്ടതില്ല. ഇതൊന്നും പുതിയകാര്യങ്ങളല്ല- നിതീഷ് കുമാര്‍ പറഞ്ഞു.