പാറ്റ്‌ന: അശരണരായ കുട്ടികളെ സര്‍ക്കാര്‍ സ്‌കൂളില്‍ ചേര്‍ക്കുന്നതിനായുള്ള ക്യാമ്പെയ്ന്‍ ബീഹാര്‍ പോലീസ് പുനരാരംഭിച്ചു. ഇതിന്റെ ആദ്യഘട്ടമെന്ന നിലയില്‍ പാറ്റ്‌നയിലെ ഫുല്‍വാരിഷരിഫ് ബ്ലോക്കിലുള്ള 350 ഓളം കുട്ടികളെ അവരുടെ വീടിനടുത്തുള്ള ഏഴ് സര്‍ക്കാര്‍ സ്‌കൂളുകളിലായി പ്രവേശിപ്പിച്ചു. ഇതില്‍ ഭൂരിപക്ഷം കുട്ടികളും മഹാദളിത് വിഭാഗത്തില്‍പ്പെട്ടവരാണ്.

മഹാദളിത് വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിനായി 2007ല്‍ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറാണ് ഈ പദ്ധതിക്ക് തുടക്കമിട്ടത്. എന്നാല്‍ പിന്നീട് പദ്ധതി പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടിവന്നു.

സംസ്ഥാനത്തെ ചില പാവപ്പെട്ട കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിനായുള്ള ശ്രമങ്ങള്‍ പോലീസ് ആരംഭിച്ചതായി പാറ്റ്‌ന പോലീസ് സൂപ്രണ്ട് പറഞ്ഞു.  ‘ കുട്ടികള്‍ സ്‌കൂളില്‍ പോകുന്നത് പ്രോത്സാഹിപ്പിക്കുന്നതിനായി അവര്‍ക്ക് ചോക്ലേറ്റുകളും കളിപ്പാട്ടങ്ങളും നല്‍കുന്നുണ്ട്’ അവര്‍ പറഞ്ഞു.

വരുംദിവസങ്ങളില്‍ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂള്‍ പ്രവേശനം സാധ്യമാക്കാന്‍ കഴിയുമെന്നും പോലീസ് പറഞ്ഞു. ‘ സ്‌കൂളിലേക്ക് പ്രവേശിക്കപ്പെട്ട വിദ്യാര്‍ത്ഥികളില്‍ ഭൂരിപക്ഷം പേരും ബാലവേല ചെയ്തിരുന്നവരും തെരുവുകളില്‍ അലഞ്ഞുതിരിഞ്ഞ് നടന്നവരുമാണ്’  ഫുല്‍വരി ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് രാകേഷ് ഡബി പറഞ്ഞു

തങ്ങളുടെ കുട്ടികളെ സ്‌കൂളിലെത്തിച്ച പോലീസുകാര്‍ക്ക് രക്ഷിതാക്കളുടെ വക അഭിനന്ദപ്രവാഹമാണ്. തങ്ങളെപ്പോലുള്ള പാവങ്ങള്‍ക്ക് വലിയൊരു ആശ്വാസമാണ് പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ ഈ സഹായമെന്ന് കൂലിപ്പണിക്കാരനായ മുഷ്ഹരി പറയുന്നു.’ എന്റെ മകന്‍ സ്‌കൂളില്‍ പോകുമെന്ന് ഞാന്‍ സ്വപ്‌നത്തില്‍ പോലും കരുതിയതല്ല. അവന് വിദ്യാഭ്യാസം ലഭിക്കുന്നതില്‍ പോലീസുകാര്‍ക്ക് ഞാന്‍ നന്ദി പറയുന്നു.’ അദ്ദേഹം പറഞ്ഞു. പോലീസിന്റെ മനോഭാവത്തിലുണ്ടായ ഈ മാറ്റം സ്വാഗതാര്‍ഹമാണെന്ന് സ്ഥലവാസിയായ ആരതി ദേവി പറഞ്ഞു.

പാവപ്പെട്ട കുട്ടികളെ സ്‌കൂളിലെത്തിക്കാന്‍ ഞങ്ങള്‍ വലിയ രീതിയിലുള്ള ക്യാമ്പെയ്ന്‍ നടത്തുന്നുണ്ടെന്ന് ബീഹാര്‍ പോലീസ് ചീഫ് അഭയ്‌നാഥ് പറഞ്ഞു. സൂപ്പര്‍-30 പദ്ധതിയുടെ സ്ഥാപകരിലൊരാളിയിരുന്നു അഭയ്‌നാഥ്. പാവപ്പെട്ട 30 കുട്ടികള്‍ക്ക് സൗജന്യ പരിശീലനവും ഭക്ഷണവും നല്‍കി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയുടെ എന്‍ട്രന്‍സ് എക്‌സാമിന് പ്രാപ്തരാക്കുന്നതായിരുന്നു ഈ പദ്ധതി.

Malayalam News

Kerala News In English