തിരുവനന്തപുരം: ദര്‍ശനത്തിനിടെ മാതാ അമൃതാനന്ദമയിയെ ആക്രമിക്കാന്‍ ശ്രമിച്ച ബീഹാര്‍ സ്വദേശി പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചു. കഴിഞ്ഞദിവസം രാത്രി എട്ടരയോടെയാണ് സത്‌നാം സിങ്ങിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Ads By Google

അമൃതാനന്ദമയീ മഠത്തിലെ അക്രമശ്രമവുമായി ബന്ധപ്പെട്ട് സത്‌നാം സിങ്ങിനെതിരെ പോലീസ് വധശ്രമത്തിനു കേസെടുത്തിരുന്നു. മഠത്തില്‍ അതിക്രമിച്ചു കയറി ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ ദേഹോപദ്രവം ഏല്‍പ്പിച്ച് അമൃതാനന്ദമയിയെ വധിക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു കേസ്. മാനാസികാസ്വാസ്ഥ്യം ഉണ്ടെന്ന് ബോധ്യപ്പെട്ടതിനെത്തുടര്‍ന്ന് പോലീസ് ഇയാളെ പേരൂര്‍ക്കടയിലെ മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ശനിയാഴ്ച രാത്രി സെല്ലില്‍ അവശനിലയില്‍ കണ്ടെത്തിയ ഇയാളെ ഉടന്‍ മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.

ജൂലൈ എട്ടിനാണ് സത്‌നാം വള്ളിക്കാവ് ആശ്രമത്തില്‍ എത്തിയത്. ആശ്രമത്തില്‍വെച്ച് ബുധനാഴ്ചയാണ് മാതാഅമൃതാനന്ദമയിയെ ഇയാള്‍ ആക്രമിക്കാന്‍ ശ്രമിച്ചത്. അമൃതാനന്ദമയിയുടെ അടുത്തേക്ക് വേദിയില്‍ നിന്ന് ഏതാനും മീറ്റര്‍ അകലെ നിന്ന് ബിസ്മില്ലാഹി റഹിമാനി റഹിം എന്ന് ഉച്ചത്തില്‍ വിളിച്ചുപറഞ്ഞ് ഇയാള്‍ ഓടിയടുക്കുകയായിരുന്നു. പോലീസുകാര്‍ ഇയാളെ കീഴ്‌പ്പെടുത്തി.

വധശ്രമത്തിന് കേസെടുത്തതിനെ തുടര്‍ന്ന് കോടതി ഇയാളെ റിമാന്‍ഡ് ചെയ്ത് ജില്ലാ ജയിലിലേക്ക് അയച്ചു. മാനസിക വിഭ്രാന്തി കാട്ടിയ ഇയാള്‍ ജില്ലാ ജയിലില്‍ ഒപ്പമുള്ള പ്രതികളെ ആക്രമിക്കാന്‍ തുടങ്ങി. ഇതിനാല്‍ ജയില്‍ അധികൃതര്‍ വ്യാഴാഴ്ച ജില്ലാ ആശുപത്രിയിലേക്കും അവിടെ നിന്ന് പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലേക്കും റഫര്‍ ചെയ്തു.

അക്രമവാസന കാട്ടിയതിനാല്‍ ഫോറന്‍സിക് വാര്‍ഡില്‍ ഒറ്റയ്ക്കാണ് പാര്‍പ്പിച്ചിരുന്നത്‌ . മരുന്നും ഭക്ഷണവും കഴിക്കാന്‍ ഇയാള്‍ വിമുഖത കാട്ടിയിരുന്നതായി ആശുപത്രി സൂപ്രണ്ട്  ഡോ. സുനില്‍ പറഞ്ഞു.

കഴിഞ്ഞ മേയ് 30 മുതലാണ് സത്‌നാമിനെ കാണാതായത്. സത്‌നാം പഠിച്ചിരുന്ന ലക്‌നൗ റാം മനോഹര്‍ ലോഹ്യ ലോ കോളജിലെ അധ്യാപകരും ഇയാള്‍ക്കു മാനസികവിഭ്രാന്തിയുള്ളതായി അറിയിച്ചിരുന്നു.