പാറ്റ്‌ന: ബിഹാറില്‍ രണ്ടാം ഘട്ട വോട്ടെടുപ്പിനിടെ മാവോവാദി ആക്രമണം. മാവോവാദികള്‍ പോളിങ് ബൂത്തുകള്‍ കയ്യേറി വോട്ടിങ് യന്ത്രം അഗ്നിക്കിരയാക്കി. ബീഹാറില്‍ 45 മണ്ഡലങ്ങളിലേക്കുള്ള രണ്ടാംഘട്ട തിരഞ്ഞെടുപ്പാണ് നടക്കുന്നത്.

സീതാമറി ജില്ലയില്‍ പലയിടത്തും പോളിങ് ബൂത്തുകള്‍ പിടിച്ചെടുത്തതായാണ് റിപ്പോര്‍ട്ട്. റുന്നിസെയ്ത്പൂര്‍ മണ്ഡലത്തിലാണ് വ്യാപകമായ അക്രമമുണ്ടായത്. സംഭവസ്ഥലത്തുനിന്ന് മൂന്ന് പോളിങ് ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോയതായി സംശയിക്കുന്നുണ്ട്.

വോട്ടിങ് യന്ത്രവും പോളിങ് സാമഗ്രികളും വീണ്ടും കൊണ്ടുവന്നാണ് ഇവിടെ വോട്ടെടുപ്പ് വീണ്ടും തുടങ്ങിയത്. ഉച്ചവരെ 29 ശതമാനത്തോളം പേര്‍ ഇവിടെ വോട്ടുചെയ്തതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.