പറ്റ്‌ന:ബിഹാര്‍ നിയമസഭയിലേക്ക് നടന്ന ആദ്യഘട്ട തിരഞ്ഞെടുപ്പ് അവസാനിച്ചു. അനിഷ്ഠസംഭവങ്ങളൊന്നുമില്ലാതെ ശാന്തമായാണ് തിരഞ്ഞെടുപ്പ് അവസാനിച്ചത്. 30 മുതല്‍ 36 ശതമാനം വരെ വോട്ടിംഗ് നടന്നുവെന്ന് ആദ്യറിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഒക്ടോബര്‍ 24,28 നവംബര്‍ ഒന്ന്, ഒമ്പത്, 20,24 തീയതികളിലാണ് അടുത്തഘട്ടങ്ങളിലായി തിരഞ്ഞെടുപ്പു നടക്കുക.

50.2 ലക്ഷം വനിതകളുള്‍പ്പടെ 1.07 കോടി വോട്ടര്‍മാര്‍ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ പോളിംഗ് ബൂത്തുകളിലെത്തിയിരുന്നു . 10,454 പോളിംഗ് ബൂത്തുകളാണ് സംസ്ഥാനത്ത് സജ്ജമാക്കിയിരുന്നത്

ആര്‍ ജെ ഡി, എല്‍ ജെ പി, ബി ജെ പി, കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളുടെ പ്രമുഖ സംസ്ഥാന നേതാക്കളെല്ലാം മല്‍സരരംഗത്തുണ്ട്. വിജയ് പ്രസാദ് യാദവ്, നരേന്ദ്ര യാദവ്, ഹരിപ്രസാദ് സാ, രജ്ഞിത് രജ്ഞന്‍,മെഹ്ബൂബ് അലി തുടങ്ങിയവര്‍ ജനവിധി തേടുന്നുണ്ട്.

അതിശക്തമായ സുരക്ഷയാണ് തിരഞ്ഞെടുപ്പിന് ഏര്‍പ്പെടുത്തിയിട്ടുള്ളത്. മറ്റു സംസ്ഥാനങ്ങളുമായുള്ള എല്ലാ അതിര്‍ത്തികളും അടച്ചിട്ടുണ്ട്. ഇന്തോ-നേപ്പാള്‍ അതിര്‍ത്തിയില്‍ പ്രത്യേക പരിശീലനം നേടിയ സുരക്ഷാസൈനികരെയും നിയമിച്ചിട്ടുണ്ടെന്ന് ഡി ജി പി നീലമണി പറഞ്ഞു. പ്രശ്‌നബാധിത ബൂത്തുകളില്‍ ബിഹാര്‍ മിലിറ്ററി പോലീസിനെ കൂടാതെ അര്‍ധസൈനിക വിഭാഗത്തെയും നിയോഗിച്ചിട്ടുണ്ട്.