പറ്റ്‌ന: ബിഹാറില്‍ തുടര്‍ച്ചയായ രണ്ടാംതവണയും ജെ ഡി യു -ബി ജെ പിസഖ്യം അധികാരത്തിലേക്ക്. ആര്‍ ജെ ഡി- എല്‍ ജെ പി സഖ്യത്തിന് കനത്ത തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്. കേവലഭൂരിപക്ഷത്തിന് 121 സീറ്റുകള്‍ വേണമെന്നിരിക്കേ സഖ്യം 205 സീറ്റകളില്‍ മുന്നിട്ടുനില്‍ക്കുകയാണ്. ഒറ്റക്ക് മല്‍സരിച്ച കോണ്‍ഗ്രസിസിന് കനത്ത തിരിച്ചടിയാണ് നേരിട്ടത്.

അറ്റവും പുതിയ ലീഡ് നില അനുസരിച്ച് 121 ഇടങ്ങളില്‍ ജെ ഡി യു മുന്നിട്ടു നില്‍ക്കുകയും ആറിടത്ത് വിജയിക്കുകയും ചെയ്തു.87 ഇടങ്ങളിലാണ് ബി ജെ പി മുന്നിട്ടുനില്‍ക്കുന്നത്. ഒരിടത്ത് ബി ജെ പി സ്ഥാനാര്‍ത്ഥി വിജയിച്ചിട്ടുണ്ട്.

എന്നാല്‍ അധികാരം പിടിച്ചടക്കാന്‍ കച്ചകെട്ടിയിറങ്ങിയ ലാലു പ്രസാദ് യാദവിന്റെ ആര്‍ ജെ ഡി 24 ഇടങ്ങളില്‍ മാത്രമാണ് മുന്നിട്ടുനില്‍ക്കുന്നത്. റാംവിലാസ് പാസ്വാന്റെ എല്‍ ജെ പിക്ക് വെറും 9 ഇടങ്ങളില്‍ മാത്രമാണ് മുന്നിട്ടുനില്‍ക്കാന്‍ സാധിക്കുന്നത്. ആര്‍ ജെ ഡി സ്ഥാനാര്‍ത്ഥിയും ലാലുപ്രസാദ് യാദവിന്റെ ഭാര്യയുമായ റാബറി ദേവി മല്‍സരിച്ച രണ്ടിടത്തും പരാജയപ്പെട്ടു.

അതിനിടെ ബീഹാര്‍ തിരഞ്ഞെടുപ്പ് വിജയത്തിന്റെ എല്ലാ ക്രഡിറ്റും മുഖ്യമന്ത്രി നിതീഷ് കുമാറിനാണെന്ന് കോണ്‍ഗ്രസ് നേതൃത്വം അഭിപ്രായപ്പെട്ടു. വിജയത്തിന്റെ ക്രഡിറ്റുമുഴുവനും നിതീഷിനുള്ളതാണ്. നിതീഷ്‌കുമാറിന്റെ ഭരണത്തില്‍ നിയമപരിപാലനം പുരോഗമിച്ചുവെന്നും ജയന്തി നടരാജന്‍ പറഞ്ഞു.

ബീഹാറില്‍ ലാലുപ്രസാദ് കാഴ്ചവച്ച ഭീതിഭരണമാണ് ലാലുവിന് തിരിച്ചടി നേടിക്കൊടുത്തതെന്ന് ബി.ജെ.പി നേതാവ് അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. ജാതിരാഷ്ട്രീയം ബീഹാറില്‍ അവസാനിച്ചു. വികസനരാഷ്ട്രീയമാണ് ഇനി നിലനില്‍ക്കുക എന്ന സന്ദേശമാണ് ബീഹാര്‍ തിരഞ്ഞെടുപ്പ് നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.