ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ചരിത്രത്തിലെ ഏറ്റവും കര്‍ഷകവിരുദ്ധനായ പ്രധാനമന്ത്രി പുരസ്‌കാരം നല്‍കി കര്‍ഷക സംഘടനകളുടെ കൂട്ടായ്മ. ഒരു ജോഡി ചെരുപ്പാണ് ‘മോദിക്ക്’ സമ്മാനിച്ചത്.

സമരത്തില്‍ പങ്കെടുത്ത 96ാം വയസ്സായ കര്‍ഷകന്‍ ചന്ദാറാം മോദിയുടെ മുഖംമൂടി ധരിച്ചെത്തിയ വ്യക്തിക്ക് പ്രതീകാത്മകമായി പുരസ്‌കാരം സമ്മാനിച്ചു. പ്രധാനമന്ത്രി നേരിട്ടെത്തി പുരസ്‌കാരം സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷക സംഘടനകള്‍ അദ്ദേഹത്തന് കത്തയക്കുകയും ചെയ്തിട്ടുണ്ട്.

ജന്തര്‍മന്ദിറിലായിരുന്നു ‘പുരസ്‌കാരദാന ചടങ്ങ്’ സംഘടിപ്പിച്ചത്. 64 കര്‍ഷക സംഘടനകളുടെ കൂട്ടായ്മയായ രാഷ്ട്രീയ കിസാന്‍ മഹാസംഘ് നടത്തുന്ന പ്രതിഷേധ കൂട്ടായ്മയുടെ ഭാഗമായായിരുന്നു പുരസ്‌കാര വിതരണം.

മോദിയുടെ നയങ്ങള്‍ കാരണം എല്ലാം നഷ്ടമായ കര്‍ഷകര്‍ക്ക് ചെരുപ്പുമാത്രമാണ് അവശേഷിക്കുന്നത് എന്നു പറഞ്ഞായിരുന്നു ഇത് പുരസ്‌കാരമായി നല്‍കിയത്.


Also Read: നാഗ്പൂരില്‍ ബീഫിന്റെ പേരില്‍ മര്‍ദ്ദനം നേരിട്ടത് ബി.ജെ.പി നേതാവിനു തന്നെ


സ്വാമിനാഥ കമ്മീഷന്‍ ശുപാര്‍ശ അനുസരിച്ച് മിനിമം താങ്ങുവില നല്‍കുമെന്നത് ഉള്‍പ്പെടെയുള്ള മോദി സര്‍ക്കാറിന്റെ വാഗ്ദാനങ്ങള്‍ ലംഘിച്ചതിനെതിരെയാണ് കര്‍ഷകര്‍ സമരവുമായി രംഗത്തുവന്നിരിക്കുന്നത്. ഇത്തരം നയങ്ങളുമായി മുന്നോട്ടുപോകുന്നതിനാണ് പുരസ്‌കാരമെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു.