Categories

Headlines

നൂറ്റാണ്ടിന്റെ താരത്തിന് ഇന്ന് സപ്തതി

ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ തങ്കലിപികളില്‍ കുറിച്ച അഭിനയ കുലപതി എഴുപതിന്റെ നിറവില്‍. പ്രശസ്ത ഹിന്ദി കവിയായിരുന്ന ഡോ. ഹരിവംശ്‌റായ് ബച്ചന്റേയും തേജി ബച്ചന്റേയും പുത്രനായി 1942 ഒക്ടോബര്‍ 11 നാണ് അമിതാബ് ബച്ചന്‍ ജനിക്കുന്നത്.

നൈനിത്താള്‍ ഷെയര്‍ വുഡ് കോളേജിലും ഡല്‍ഹി യൂണിവേഴ്‌സിറ്റി കോളേജിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. അതിനുശേഷം കുറച്ച് കാലം കൊല്‍ക്കത്തയിലെ കപ്പല്‍ നിര്‍മ്മാണശാലയില്‍ ജോലി നോക്കി. 1968 ല്‍ മുംബൈയില്‍ എത്തിയ ബച്ചന്‍ 1969 ല്‍ ണ്ഡാജാ അഹമ്മദ് അബ്ബാസ് സംവിധാനം ചെയ്ത സാത്ത് ഹിന്ദുസ്ഥാനി എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തെത്തി.

Ads By Google

വ്യാവസായികപരമായി സിനിമ വിജയിച്ചില്ലെങ്കിലും ചിത്രത്തിലെ അഭിനയത്തിന് മികച്ച പുതുമുഖത്തിനുള്ള ദേശീയ പുരസ്‌കാരം ബച്ചന് ലഭിച്ചു. 1971 ല്‍ പുറത്തിറങ്ങിയ ഹൃഷികേശ് മുഖര്‍ജി സംവിധാനം ചെയ്ത ആനന്ദ് എന്ന ചിത്രത്തിലെ ഡോക്ടറുടെ വേഷം ബച്ചന് മികച്ച സഹനടനുള്ള ആ വര്‍ഷത്തെ ഫിലിം ഫെയര്‍ അവാര്‍ഡ് നേടിക്കൊടുത്തു. പരമ്പരാഗത നായകവേഷങ്ങളെ തിരസ്‌കരിച്ച് ക്ഷുഭിതയുവാവിന്റെ വേഷം അവതരിപ്പിച്ച സഞ്ചീര്‍ എന്ന ചിത്രം ബച്ചനെ സൂപ്പര്‍സ്റ്റാറാക്കി.

ആയുധം കൊണ്ട് അനീതികളെ ചെറുക്കുന്ന ഒരു കഥാപാത്രത്തെയാണ് ബച്ചന്‍ ഈ ചിത്രത്തില്‍ അവതരിപ്പിച്ചത്. അടിയന്തിരാവസ്ഥക്കാലത്തെ ഹിറ്റ് ചിത്രമായ ഷോലെ വന്‍ ജനപ്രീതി നേടി. അമര്‍ അക്ബര്‍ ആന്റണി, ദോസ്തി, കൂലി എന്നീചിത്രങ്ങളും അമിതാബ് ബച്ചനെന്ന അഭിനയമൂര്‍ത്തിയുടെ അഭിനയപാടവം തുറന്ന് കാട്ടുന്നത്. 1990 ല്‍ അഗ്നിപഥ് എന്ന ചിത്രത്തിലെ അഭിനയം ബച്ചനെ ഭരത് അമിതാബ് ബച്ചനുമാക്കി.

അധോലോകത്ത് അകപ്പെട്ട മാനസിക വിഭ്രാന്തിയുള്ള ഒരു കഥാപാത്രത്തെയാണ് ബച്ചന്‍ ഈ ചിത്രത്തില്‍ അവതരിപ്പിച്ചത്.2009 ല്‍ പുറത്തിറങ്ങിയ പാ എന്ന ചിത്രം ബച്ചന്റെ അഭിനയജീവിതത്തിലെ നാഴികക്കല്ലാണ്.   2010 ല്‍ മേജര്‍ രവി സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായ കാണ്ഡഹാര്‍ എന്ന ചിത്രത്തിലൂടെ മലയാളത്തിലും അഭിനയിച്ചു. രാജീവ്ഗാന്ധി കുടുംബവുമായുള്ള അടുത്ത സൗഹൃദം ബച്ചനെ സജീവ രാഷ്ട്രീയത്തില്‍ എത്തിക്കുകയും 1984 ല്‍ അലഹബാദില്‍ നിന്നും ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

1999 ല്‍ ബി.ബി.സി നടത്തിയ അഭിപ്രായ വോട്ടെടുപ്പില്‍ ജനങ്ങള്‍ ഇദ്ദേഹത്തെ സ്റ്റാര്‍ ഓഫ് ദി മില്ലേനിയം ആയി തിരഞ്ഞെടുത്തു

1997 ല്‍ അമിതാബ് ബച്ചന്‍ കലാപ്രവര്‍ത്തനങ്ങള്‍ക്കായി എ.ബി.സി.എല്‍ എന്ന കമ്പനി ആരംഭിച്ചെങ്കിലും അത് വന്‍ സാമ്പത്തിക ബാധ്യതയുണ്ടാക്കിയതിനെ തുടര്‍ന്ന് ഉപേക്ഷിക്കേണ്ടി വന്നു. സ്റ്റാര്‍ പ്ലസ് ടെലിവിഷനില്‍ അവതരിപ്പിച്ച കോന്‍ ബനേഗ കരോര്‍ പതി എന്ന പരിപാടിയുടെ വിജയം ഇദ്ദേഹത്തിന്റെ ശക്തമായ തിരിച്ചുവരവിന് വഴിയൊരുക്കി. 1982 ല്‍ കൂലി എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടയിലുണ്ടായ അപകടവും 2005 ല്‍ ഉണ്ടായ രോഗബാധയും ആരാധാകരെ വിഷമത്തിലാക്കുകയും രാജ്യത്തുടനീളം ആരാധകര്‍ ഇദ്ദേഹത്തിനായി പ്രത്യേക പ്രാര്‍ത്ഥനകളും പൂജകളും നടത്തുകയുണ്ടായി.

2005 മുതല്‍ യൂണിസെഫ് പോളിയോ ക്യാമ്പെയ്‌നിന്റെ ഗുഡ്‌വില്‍ അബാസിഡറായി ഇദ്ദേഹം പ്രവര്‍ത്തിച്ച് വരുന്നു. 1999 ല്‍ ബി.ബി.സി നടത്തിയ അഭിപ്രായ വോട്ടെടുപ്പില്‍ ജനങ്ങള്‍ ഇദ്ദേഹത്തെ സ്റ്റാര്‍ ഓഫ് ദി മില്ലേനിയം ആയി തിരഞ്ഞെടുത്തു. ഭാരത സര്‍ക്കാര്‍ ഇദ്ദേഹത്തെ പത്മശ്രീ, പത്മഭൂഷന്‍ എന്നിവ നല്‍കി ആദരിച്ചു. നിരവധി ഫിലിം ഫെയര്‍ അവാര്‍ഡുകള്‍ നേടിയിട്ടുള്ള ബച്ചന്‍ ബിഗ്ബി എന്ന ഓമനപ്പേരിലും അറിയപ്പെടുന്നു.

ബി.ബി.സി യുടെ വോട്ടെടുപ്പില്‍ നൂറ്റാണ്ടിന്റെ താരമായും ബച്ചന്‍ തിരഞ്ഞെടുക്കപ്പെട്ടു. മികച്ച നടനുള്ള ദേശീയ പുരസ്‌കാരം മുന്ന് തവണ നേടിയിട്ടുള്ള ബച്ചന്‍ സിനിമ, ടെലിവിഷന്‍, പരസ്യം, പ്രചരണം തുടങ്ങിയ നിരവധി മേഖലകളിലും സജീവമായി പ്രവര്‍ത്തിക്കുന്നു.

 

 

 

 

 

 

 

 

Tagged with: