മുംബൈ: റാ വണിനെ സൂപ്പര്‍ഹിറ്റാക്കാന്‍ വേണ്ടി എന്തും ചെയ്യാന്‍ ഷാരൂഖ് തയ്യാറാണ്. ഇന്ത്യയിലൊട്ടാകെ ഓടി നടന്ന് പ്രചരണം നടത്തുന്നു. കോളിവുഡ് പ്രേക്ഷകരെ കയ്യിലെടുക്കാന്‍ സ്റ്റൈല്‍ മന്നന്‍ രജനികാന്തിനെയും റാ വണിന്റെ ഭാഗമാക്കി. ഇപ്പോഴിതാ മറ്റൊരു സൂപ്പര്‍സ്റ്റാറിനെക്കൂടി റാ വണിന്റെ ഭാഗമാക്കുകയാണ് എസ്.ആര്‍.കെ. മറ്റാരുമല്ല ബിഗ് ബിയാണ് പുതിയ താരം. റാ വണില്‍ തന്റെ ശബ്ദം ഉള്‍പ്പെടുത്താന്‍ ബിഗ് ബി സമ്മതം മൂളികഴിഞ്ഞു.

Subscribe Us:

എല്ലാതരം ആരാധകരെയും റാ വണിലേക്ക് കൊണ്ടുവരാനാണ് ഷാരൂഖിന്റെ ശ്രമം. ആദ്യം ചിത്രത്തല്‍ ചെറിയൊരു ഭാഗത്ത് സഞ്ജയ് ദത്തിനെയും പ്രിയങ്ക ചോപ്രയെയും ഉള്‍പ്പെടുത്തി. പിന്നീട് രജനികാന്തിനെ പങ്കാളിയാക്കി. എല്ലാ ആരോഗ്യപ്രശ്‌നങ്ങളും അവഗണിച്ച് രജനി ചിത്രീകരണത്തിന് തയ്യാറാവുകയും ചെയ്തു. എല്ലാവരും കരുതിയത് രജനിയുടെ ഭാഗം ചിത്രീകരിച്ചതോടെ ചിത്രം പൂര്‍ണമായി എന്നാണ്. എന്നാല്‍ ഇപ്പോള്‍ പുതിയൊരു ട്രിക്കുമായി എസ്.ആര്‍.കെ വീണ്ടുമെത്തിയിരിക്കുകയാണ്.

ചിത്രത്തിന്റെ വളരെ പ്രധാനപ്പെട്ട ഒരു ഭാഗത്തിന് വോയ്‌സ് ഓവര്‍ നല്‍കാനാണ് ബിഗ് ബിയുടെ ശബ്ദം ഉപയോഗിക്കുന്നത്. ഈ ശബ്ദത്തിനുവേണ്ടി സംവിധായന്‍ അനുഭവ് സിന്‍ഹ ഏറെ നാളായി ഓടി നടക്കുകയായിരുന്നു. അമിതാഭിനോട് ഷാരൂഖിന് വലിയ ബഹുമാനമാണ്. തിരിച്ച് ഷാരൂഖിനോട് ബിഗ് ബിക്കും ആ ബഹുമാനമുണ്ട്. അതുകൊണ്ടുതന്നെയാണ് എസ്.ആര്‍.കെ ആവശ്യപ്പെട്ടയുടന്‍ ബിഗ് ബി സമ്മതം മൂളിയത്. ഇന്ന് സബര്‍ബന്‍ സ്റ്റുഡിയോയില്‍ ഡബിംങ് നടക്കും.

ബിഗ് ബിയുടെ ശബ്ദം റാ വണില്‍ ഉപയോഗിക്കുമെന്നത് സംവിധായകന്‍ സ്ഥിരീകരിച്ചിട്ടുമുണ്ട്. റാ വണിന് ഇത് വലിയ അനുഗ്രഹമാണെന്നും അദ്ദേഹം വ്യക്തമാക്കി.