കൊച്ചി: ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിന്‍ കരാര്‍ ലംഘിച്ചിട്ടില്ലെന്ന് ഭൂട്ടാന്‍ വ്യക്തമാക്കി. മാര്‍ട്ടിന്‍ ഇന്ത്യയിലുണ്ടെന്ന കാര്യം ഭൂട്ടാന് അറിയില്ലെന്നും ആവശ്യമാണെങ്കില്‍ അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാണെന്നും ഭൂട്ടാന്‍ ധനകാര്യമന്ത്രി ലിയാട്രോ വാന്‍ചുംഗ് ഇന്ത്യാവിഷനോട് പറഞ്ഞു.

മാര്‍ട്ടിനെതിരേ ഇന്ത്യയില്‍ നിന്നും ഔദ്യോഗികമായി പരാതിയൊന്നും ലഭിച്ചിട്ടില്ല. മാര്‍ട്ടിനെക്കുറിച്ചുള്ള പരാതികള്‍ ഇന്ത്യന്‍ മാധ്യമങ്ങള്‍ വഴിയാണ് അറിഞ്ഞത്. മാര്‍ട്ടിനെതിരേ ഇന്ത്യയില്‍ കേസുള്ള കാര്യം അറിയില്ല. ഔദ്യോഗികമായി പരാതി ലഭിച്ചാല്‍ അത് അന്വേഷിക്കുമെന്നും ലിയാട്രോ വാന്‍ചുംഗ് പറഞ്ഞു.

ലോട്ടറിക്കേസുമായി ബന്ധപ്പെട്ട് മാര്‍ട്ടിനോട് ഭൂട്ടാന്‍ സര്‍ക്കാര്‍ നേരത്തേ വിശദീകരണം തേടിയിരുന്നു. ഭൂട്ടാന്‍ ലോട്ടറിയുടെ മൊത്തവിതരണക്കാരായ മോണിക്ക ഡിസ്ട്രിബ്യൂട്ടേര്‍സിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്നും രാജിവച്ചതിനെക്കുറിച്ച് വ്യക്തമാക്കണമെന്നാവശ്യപ്പെട്ടായിരുന്നു നോട്ടീസ് നല്‍കിയത്.