എഡിറ്റര്‍
എഡിറ്റര്‍
ഫ്രഞ്ച് ഓപ്പണ്‍: ഭൂപതി സാനിയ സഖ്യം ക്വാര്‍ട്ടറില്‍
എഡിറ്റര്‍
Monday 4th June 2012 9:00am

പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസില്‍ മിക്‌സഡ് ഡബിള്‍സില്‍ ഇന്ത്യയുടെ മഹേഷ് ഭൂപതി- സാനിയ മിര്‍സ സഖ്യം ക്വാര്‍ട്ടറില്‍ കടന്നു. സീഡ് ചെയ്യപ്പെടാത്ത ഫ്രാന്‍സിന്റെ വിര്‍ജീനി റസാനോ- നിക്കോളാസ് ഡെവിള്‍ഡര്‍ സഖ്യത്തെയാണ് ഇന്ത്യന്‍ സഖ്യം പരാജയപ്പെടുത്തിയത്.

നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ഇന്ത്യന്‍ സഖ്യത്തിന്റെ വിജയം. സ്‌കോര്‍: 7-6, 6-3. ഒരു മണിക്കൂറും 20 മിനിറ്റും നീണ്ടു നിന്ന പോരാട്ടത്തിലൂടെയാണ് ഏഴാം സീഡായ ഇന്ത്യന്‍ സഖ്യം ഫ്രഞ്ച് കൂട്ടുകെട്ടിനെ കീഴക്കിയത്.

ക്വാര്‍ട്ടറില്‍ രണ്ടാം സീഡായ അമേരിക്കയുടെ മൈക്ക് ബ്രയാന്‍ – ചെക്ക് റിപ്പബ്‌ളിക്കിന്റെ വിറ്റാ പെഷ്‌ചെ സഖ്യമാണ് ഇന്ത്യന്‍ സഖ്യത്തിന്റെ എതിരാളികള്‍.

അതേസമയം വനിതകളില്‍ ഒന്നാം സീഡും ലോക ഒന്നാം റാങ്കുകാരിയുമായ വിക്‌ടോറിയ അസറെങ്കയും മുന്‍ ചാംപ്യന്‍ സ്വെറ്റ്‌ലാന കുസ്‌നെറ്റ്‌സോവയും മുന്‍ ലോക ഒന്നാം നമ്പര്‍ കരോളിന്‍ വോസ്‌നിയാക്കിയും നാലാം റൗണ്ടില്‍ തോറ്റുപുറത്തുപോയി. പുരുഷ വിഭാഗത്തില്‍ റോജര്‍ ഫെഡററും നോവാക് യോക്കോവിച്ചും ക്വാര്‍ട്ടറിലെത്തി.

അസറെങ്കയെ പതിനഞ്ചാം സീഡ് ഡൊമിനിക്ക സുല്‍ക്കോവയാണ് വീഴ്ത്തിയത്(6-2, 7-6). ഇതോടെ അസറെങ്കയ്ക്ക് ഒന്നാം റാങ്കു നഷ്ടമായേക്കും. റഷ്യക്കാരി മരിയ ഷറപ്പോവ ഫൈനലിലെത്തിയാല്‍ ഒന്നാം നമ്പര്‍ സ്വന്തമാക്കും. ഷറപ്പോവ ഇന്നു നാലാം റൗണ്ടില്‍ ചെക്ക് താരം ക്ലാര സക്കോവലോവയെ നേരിടും. ഒരു സെറ്റും കൈവിടാതെയാണ് ഈ റഷ്യന്‍ താരം ഇതുവരെ മുന്നേറിയത്.

Advertisement