ന്യൂദല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പില്‍ വി.എസിന്റെ പോസ്റ്റര്‍ ഉപയോഗിച്ച് പ്രചാരണം നടത്തിയതില്‍ തെറ്റില്ലെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. പശ്ചിമബംഗാളില്‍ ബുദ്ദദേവ് ഭട്ടാചാര്യയുടെ ചിത്രവും പ്രചരണത്തിനായി ഉപയോഗിച്ചിരുന്നുവെന്നും സെക്രട്ടറി പറഞ്ഞു.

കേരളത്തില്‍ ജയിക്കാമായിരുന്നു സീറ്റുകളില്‍ നേരിട്ട തോല്‍വി ഗൗരവമായി കാണുന്നുവെന്നും ഇതിനെക്കുറിച്ച് പരിശോധിക്കുമെന്നും കാരാട്ട് പറഞ്ഞു. വി.എസിന്റെ ജനപ്രീതി തിരഞ്ഞെടുപ്പില്‍ ഏറെ ഗുണംചെയ്തുവെന്ന് പറഞ്ഞ കാരാട്ട് കരളസര്‍ക്കാറിന്റെ പ്രവര്‍ത്തനത്തില്‍ ജനങ്ങള്‍ക്ക് സംതൃപ്തിയുണ്ടെന്നും വ്യക്തമാക്കി.

ബുദ്ദദേവ് ഭട്ടാചാര്യ പി.ബി വിടുമെന്ന വാര്‍ത്തകള്‍ കാരാട്ട് തള്ളിക്കളഞ്ഞു. ബുദ്ദദേവ് പി.ബിയില്‍ തുടരുമെന്നും ഇക്കാര്യത്തില്‍ ആശയക്കുഴപ്പമില്ലെന്നും ജനറല്‍ സെക്രട്ടറി വ്യക്തമാക്കി.

കേരളത്തിലെ പ്രതിപക്ഷ നേതാവിനെ സംസ്ഥാന സമിതി തീരുമാനിക്കും. ലോകസഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് നല്ല മുന്നേറ്റമുണ്ടാക്കാന്‍ സി.പി.ഐ.എമ്മിന് സാധിച്ചു. കേരളത്തിലും പശ്ചിമബംഗാളിലും പാര്‍ട്ടിയുടെ അടിത്തറ ശക്തമാണെന്നും കാരാട്ട് പറഞ്ഞു.

ബംഗാളിലെ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കുണ്ടായ കനത്ത പരാജയം പരിശോധിക്കുമെന്ന് കാരാട്ട് വ്യക്തമാക്കി. തിരഞ്ഞെടുപ്പ് ഫലങ്ങള്‍ ചര്‍ച്ച ചെയ്യാനായി പാര്‍ട്ടിയുടെ കേന്ദ്രകമ്മറ്റിയും പോളിറ്റ് ബ്യൂറോയും ജൂണ്‍ 10,11,12 തീയതികളില്‍ ഹൈദരാബാദില്‍ നടക്കുമെന്നും കാരാട്ട് കൂട്ടിച്ചേര്‍ത്തു.