വാരണാസി: ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയില്‍ നടക്കുന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭം നക്‌സലൈറ്റ് പ്രവര്‍ത്തനമാണെന്ന് ബി.ജെ.പി നേതാവ് സുബ്രമഹ്ണ്യന്‍ സ്വാമി.

യൂണിവേഴ്‌സിറ്റിയിലെ വൈസ്ചാന്‍സലറുടെ നടപടികളോട് ഞാന്‍ യോജിക്കുകയാണ് അവിടെ നടക്കുന്നത് വളരെ ആസൂത്രിതമായ ഒരു നക്‌സലൈറ്റ് പ്രവര്‍ത്തനം പോലെയാണ് ഇതെന്നും അതുകൊണ്ടാണ് വൈസ് ചാന്‍സലറുടെ ഓഫീസില്‍ അതിക്രമിച്ചു കടക്കാന്‍ ശ്രമിച്ചതെന്നു എന്നും അദ്ദേഹം പറഞ്ഞു.

ഈ കാര്യത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നടപടികള്‍ മാതൃകാ പരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തികച്ചും ആസുത്രിതമായിട്ടാണ് യൂണിവേഴ്‌സിറ്റിയില്‍ പ്രശ്‌നങ്ങള്‍ അരങ്ങേറിയത്. യൂണിവേഴ്‌സിറ്റിയുടെ അകത്ത് പെണ്‍കുട്ടികളെ ആക്രമിച്ചവരെ കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല എന്നതും ദുരൂഹമാണെന്നും സ്വാമി ആരോപിച്ചു.


Also Read ജയലളിതയുടെ മരണത്തെ കുറിച്ച് വെളിപ്പെടുത്തല്‍; സത്യാവസ്ഥ തെളിയിക്കാന്‍ ദീപ ജയകുമാര്‍ കോടതിയെ സമീപിക്കുന്നു


കഴിഞ്ഞ ദിവസമായിരുന്നു ബി.എച്ച്.യു ക്യാംമ്പസിനകത്ത് വെച്ച് ഫൈന്‍ ആര്‍ട്‌സ് വിഭാഗത്തിലെ വിദ്യാര്‍ത്ഥിനിയെ അപമാനിക്കാന്‍ ശ്രമിച്ചത്. കാമ്പസിലെ കലാഭവന് സമീപത്ത് വെച്ചാണ് മൂന്ന് വിദ്യാര്‍ത്ഥികള്‍ വിദ്യാര്‍ത്ഥിനിയെ ഉപദ്രവിച്ചത്.

സഹായത്തിനായി പെണ്‍കുട്ടി നിലവിളിച്ചെങ്കിലും, 20 മീറ്റര്‍ അകലെയുണ്ടായിരുന്ന സുരക്ഷാ ജീവനക്കാര്‍ എത്തിയില്ലെന്നും രക്ഷിക്കാന്‍ ശ്രമിച്ചില്ലെന്നും വിദ്യാര്‍ഥിനികള്‍ ആരോപിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ചായിരുന്നു വിദ്യാര്‍ത്ഥിനികള്‍ പ്രതിഷേധം ആരംഭിച്ചത്.

തുടര്‍ന്ന് പ്രതിഷേധപ്രകടനം നടത്തിയ വിദ്യാര്‍ത്ഥികള്‍ക്കെതിരെ പൊലീസ് ലാത്തി വീശുകയും 1500 പേര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്ട്രര്‍ ചെയ്യുകയും ചെയ്തിരുന്നു.