ബഷീറിന്റെ രചനകള്‍ വായിക്കാന്‍ ഇനി കാഴ്ചവേണ്ട. അനുഭവങ്ങളുടെ ചൂടുള്ള ബഷീര്‍ രചനകള്‍ ഇനി ബ്രയില്‍ലിപിയിലും ലഭ്യമാകും. മീഞ്ചന്ത ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍ അധ്യാപകനായ പി.ടി മുഹമ്മത് മുസ്തഫയാണ് ബഷീര്‍ കൃതികള്‍ ബ്രയിലില്‍ പകര്‍ത്തുന്ന ദൗത്യം ഏറ്റെടുത്തിരിക്കുന്നത്.

Subscribe Us:

കാഴ്ചവൈകല്യമുള്ള മുസ്തഫ ബ്രെയില്‍ ലെറ്റര്‍ ടൈപ്പ് ചെയ്യുന്ന പ്രത്യേകതരം ടൈപ്പ് റൈറ്റര്‍ ഉപയോഗിച്ചാണ് മൊഴിമാറ്റം നടത്തുന്നത്.

മലയാള സാഹിത്യത്തിലെ സുല്‍ത്താനാണ് ബഷീറെങ്കിലും അദ്ദേഹത്തിന്റെ കൃതികള്‍ ബ്രെയിലിലേക്ക് അധികം എഴുതപ്പെട്ടിട്ടില്ല. അതുകൊണ്ടാണ് ബഷീര്‍ കൃതികള്‍ തന്നെ തിരഞ്ഞെടുക്കുന്നതെന്ന് മുസ്തഫ പറഞ്ഞു. ബഷീറിന്റെ വിശപ്പ് എന്ന സമാഹാരത്തിലെ തങ്കം, ഹൃദയഘനാഥ എന്നീ കഥകള്‍ ഇതിനകം തന്നെ മുസ്തഫ ബ്രെയിലിലേക്ക് പകര്‍ത്തിക്കഴിഞ്ഞു. ബഷീറിന്റെ ജീവചരിത്രത്തിന്റെ പ്രസക്ത ഭാഗങ്ങളും, കൃതികളുടെ പേരും, അദ്ദേഹം നേടിയ പുരസ്‌കാരങ്ങളെക്കുറിച്ചുള്ള വിവരങ്ങളും ബ്രെയിലിലേക്ക് പകര്‍ത്തും. ആനവാരിയും പൊന്‍കുരിശും, ഭൂമിയുടെ അവകാശികള്‍ എന്നിങ്ങനെയുള്ള പ്രസിദ്ധമായ ബഷീര്‍കൃതികളും അന്ധര്‍ക്കുവേണ്ടി മൊഴിമാറ്റം നടത്തും.

ബേപ്പുര്‍ വൈലാലില്‍ വീട്ടില്‍ ബഷീറിന്റെ സഹധര്‍മ്മിണി ഫാബി ബഷീറിന്റെയും നടന്‍ മാമുക്കോയയുടേയും സാന്നിധ്യത്തില്‍ കഴിഞ്ഞദിവസമാണ് മൊഴിമാറ്റം ഔപചാരികമായി ആരംഭിച്ചത്. മുസ്തഫയ്ക്കുവേണ്ടി നടന്‍ മാമുക്കോയ ആനവാരിയും പൊന്‍കുരിശും എന്ന കഥ വായിച്ചു. മീഞ്ചന്ത ഗവ.വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌ക്കൂളിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും ചടങ്ങിനെത്തിയിരുന്നു. വൈലാലിലെ ബഷീര്‍ മ്യൂസിയവും കുട്ടികള്‍ക്ക് കൗതുകം പകര്‍ന്നു. ബഷീറിന്റെ ചരമദിനമായ ജൂലൈ അഞ്ചിന് മീഞ്ചന്ത ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററിയില്‍ നടക്കുന്ന അനുസ്മരണ ചടങ്ങില്‍ ബ്രെയില്‍ കൃതികല്‍ ബഷീറിന്റെ മകന്‍ അനീസ് ബഷീറിന് കൈമാറുമെന്ന് പ്രിന്‍സിപ്പല്‍ കെ.എസ് കുസുമം അറിയിച്ചു.