Administrator
Administrator
ഭൂതകാല സ്വപ്‌നങ്ങള്‍
Administrator
Sunday 7th March 2010 8:19am

വെള്ളിക്കൊലുസ് /ബാബു ഭരദ്വാജ്

സോവിയറ്റ് റഷ്യയില്‍ സംഭവിച്ചതിനെ പറ്റി ചീനയില്‍ സംഭവിച്ച് കൊണ്ടിരിക്കുന്നതിനെക്കുറിച്ച് കംബോഡിയയില്‍ സംഭവിച്ചതിനെക്കുറിച്ച് ഇങ്ങിനെ ലോകത്തെല്ലായിടത്തും പാര്‍ട്ടിക്കുള്ളിലും പാര്‍ട്ടി ഭരണത്തിന്‍ കീഴിലും നടന്നതിനെക്കുറിച്ചൊക്കെ മൗനം പാലിക്കുകയോ, അതിക്രമങ്ങളെ ന്യായീകരിക്കുകയോ, അന്നത്തെ പരിതസ്ഥിതിയില്‍ അത്രെയെ ചെയ്യാന്‍ പറ്റൂവെന്നൊക്കെ പറഞ്ഞ് കൈ കഴുകുകയോ ചെയ്തതുകൊണ്ട് പ്രസ്ഥാനം രക്ഷപ്പെടില്ല. കൈ കഴുകിക്കഴുകി ഇപ്പോള്‍ കഴുകാന്‍ കൈ ഇല്ലാത്ത അവസ്ഥയിലെത്തി. രാജാവ് നഗ്നനാണെന്ന പറച്ചില്‍ ഒരു ഇടതുപക്ഷ മൊഴിയാണെന്ന് അറിയേണ്ടിയിരിക്കുന്നു. ആ നിഷ്‌കളങ്കതയാണ് പൊതു സമൂഹം കമ്യൂണിസ്റ്റ്കാരോട് ആവശ്യപ്പെടുന്നത്.

സ്ഥാപനവത്കരിക്കപ്പെട്ട മതം പോലെത്തന്നെയാണ് സ്ഥാപനവത്കരിക്കപ്പെട്ട പാര്‍ട്ടിയും. കലാപകാരികളുടെ ഒരു സമൂഹമാകുന്നതിന് പകരം ഇന്നത് ഗുണഭോക്താക്കളുടെ ഒരു സ്ഥാപനമായി മാറിക്കഴിഞ്ഞു. വ്യവസായങ്ങള്‍ , സ്ഥാപനങ്ങള്‍ , മൂലധന നിക്ഷേപങ്ങള്‍ , തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങി അതിന്റെ താല്‍പര്യങ്ങള്‍ ഇന്ന് വിപുലമാണ്. അതിലെ അംഗങ്ങളുടെ താല്‍പര്യങ്ങള്‍ ഈ മൂലധനത്തിന്റെ ഇരട്ടിപ്പിക്കലും മിച്ച മൂല്യത്തിന്റെ സമാഹാരണവുമായിരിക്കുന്നു. ജീവിക്കാന്‍ പടപൊരുതുന്ന യാഥാര്‍ഥ അടിസ്ഥാന വര്‍ഗം ഇന്ന് പാര്‍ട്ടിക്ക് പുറത്താണ്. പാര്‍ട്ടിയുടെ നയ രൂപീകരണത്തില്‍ ഇന്നവര്‍ക്ക് സ്ഥാനമില്ല. അവരുടെ യഥാര്‍ഥ ജീവിതപ്രശ്‌നത്തില്‍ പാര്‍ട്ടിക്കും സ്ഥാനമില്ല. മറ്റെല്ലാ പാര്‍ട്ടികളെയും പോലെ അതൊരു സാമൂഹ്യ പരിഷ്‌കരണപ്രസ്ഥാനം മാത്രമായി മാറിക്കഴിഞ്ഞു. ഇന്ത്യയിലെ, വിശിഷ്യ കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം ഉണ്ടായതും വളര്‍ന്നതും തൊഴിലാളി കര്‍ഷക സമരങ്ങളിലൂടെ മാത്രമല്ല, സാമൂഹ്യ പരിഷ്‌കണപ്രസ്ഥാനങ്ങളുടെ നിഴലും തണലും പറ്റിയാണ്. എന്നാല്‍ ഇന്നതിന് സാമൂഹിക സാമ്പത്തിക അജണ്ടക്ക് പുറത്തേക്ക് വളരാനും ഒരു വിപ്ലവപ്രസ്ഥാനമാവാനും കഴിയുന്നില്ല, കഴിയുകയുമില്ല.

അതിന്റെ ഇടതുപക്ഷ സ്വഭാവം ഇടത്തരക്കാരന്റെ മതബോധത്തിലും സാമൂഹിക ബോധത്തിലും ചര്യകളിലും പ്രപഞ്ച വീക്ഷണത്തിലും ഉടക്കിക്കിടക്കുന്നു. അതിനപ്പുറത്തേക്കുള്ള ഒരു രാഷ്ട്രീയ മാറ്റത്തെക്കുറിച്ച് അതിന് സ്വപ്‌നം കാണാനും കഴിയില്ല. അതിന്റെ വഴക്കങ്ങളും ജീവിത പാഠങ്ങളും ചോദ്യം ചെയ്യാതെ അനുസരിക്കുന്ന വിശ്വസിക്കുന്ന മതത്തിന്റെതായി കഴിഞ്ഞിരിക്കുന്നു. സമൂഹത്തിലെ സാമ്പത്തിക ഉച്ചനീചത്വങ്ങളോ വൈരുദ്ധ്യങ്ങളോ അതിന്റെ വിഷയമേ ആവുന്നില്ല. നിരന്തരമായ സമരത്തിന്റെ പാതയില്‍ നിന്നത് അനുരജ്ഞനത്തിന്റെ പാതയിലെത്തിയിരിക്കുന്നു. ഏറ്റവും വൈകിയും അറച്ചറച്ചുമാണ് ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ ഒരു പാര്‍ട്ടി പരിപാടി ഉണ്ടാക്കിയതെന്നറിയാമല്ലോ. ലോകത്തില്‍ ഏറ്റവും പതുക്കെ പാര്‍ട്ടി പരിപാടിയുണ്ടാക്കിയ പ്രസ്ഥാനമാണ് ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനം.

ഭൂതകാലത്തിലെ ഒരുപാട് കമ്യൂണിസ്റ്റ് ധീരരുടെ ഓര്‍മ്മയില്‍ മാത്രം പുളകം കൊള്ളുന്ന പ്രസ്ഥാനമണത് ഇന്ന്. കമ്യൂണിസ്റ്റ് പ്രസ്ഥാനം എന്നും വര്‍ത്തമാന കലാപങ്ങളുടെയും ഭാവികാല സ്വപ്‌നങ്ങളുടെയും പ്രസ്ഥാനമായിരിക്കണം. അതിനു പകരം ഇന്നലത്തെ രണസ്മരണകളുടെ പ്രസ്ഥാനമാണത്. ഭൂത കാലത്തിന്റെ ഊര്‍ജത്തെ വര്‍ത്തമാന കലാപങ്ങള്‍ക്ക് ഊര്‍ജമാക്കുന്നതിന് പകരം അതിന്റെ ഓര്‍മ്മകളില്‍ ചുരുണ്ട് കൂടിക്കിടക്കുന്ന പ്രസ്ഥാനമാണിന്നത്. വ്യവസ്ഥാപിത മതങ്ങള്‍ പോലെ തന്നെയാണത്. കുരിശാരോഹണത്തിന്റെയും ഒരു പാലായനത്തിന്റെയും പേരില്‍ പുളകം കൊള്ളുന്ന മതം പോലെ. ചില പ്രവാചകരുടെ ആത്മത്യാഗങ്ങള്‍ മാത്രം ആയുധമാക്കി നിലനില്‍ക്കുന്നത്. അതിനപ്പുറത്തേക്ക് ആശയം കൊണ്ട് ആയുധമണിയുകയും എതിര്‍പ്പുകളെ ഒരു ആയുധമാക്കാനും ബോധ്യപ്പെടുന്ന സത്യം ഉത്‌ബോധിപ്പിക്കാനും കഴിയുന്ന ഒരു കൂട്ടായ്മായ് വളരാന്‍ കഴിഞ്ഞാലേ ഇടതുപക്ഷ പ്രസ്ഥാനത്തിന് ലോകത്തെന്തെങ്കിലും ചെയ്യാന്‍ കഴിയൂ. ചുരുക്കത്തില്‍ വിമതസ്വരങ്ങള്‍ കൂടി പ്രതിധ്വനിക്കുന്ന ഒരു പ്രസ്ഥാനമായി അത് മാറണം.

മാര്‍ക്‌സ് തൊട്ട് മാര്‍ക്‌സിസത്തിന്റെ ആചാര്യന്‍മാരെല്ലാം കണ്ടത് പ്രസ്ഥാനമെന്നത് തെളിക്കപ്പെടുന്ന ഒരു പറ്റം ആടുകളായിട്ടല്ല, കൂട്ടം തെറ്റി മേയുന്നവര്‍ കൂടിച്ചേര്‍ന്നതാണ്. അവരുടെ ശബ്ദം കൂടി ശ്രദ്ധിക്കപ്പെടേണ്ടതാണ്. ജനാധിപത്യ കേന്ദ്രീകരണമെന്നത് വിമത അഭിപ്രായങ്ങള്‍ കൂടി ചേര്‍ന്നതാണ്. ‘ നൂറു പൂക്കള്‍ വിരിയട്ടെ’ എന്ന് മാവോ സെ തുങ് പറഞ്ഞതും അതു കൊണ്ടാണ്. മുദ്രാവാക്യങ്ങളെ മനസമാധാനത്തിന് വേണ്ടി വെറും ഒരു മുദ്രാവാക്യം ആക്കുന്നതിന് പകരം അതിലെ ധിക്കാരത്തിന്റെയും കലാപത്തിന്റെയും കാതല്‍ കൂടി ഉള്‍ക്കൊള്ളാന്‍ പ്രസ്ഥാനത്തിന് കഴിയണം.

കാലത്തിനനുസരിച്ച് മാറുകയെന്നതിനര്‍ഥം കാലത്തിനനുസരിച്ച് സമര സന്നദ്ധരാവുകയെന്നത് തന്നെയാണ്.

Advertisement