കോയമ്പത്തൂര്‍: ഭൂട്ടാന്‍ ലോട്ടറി ഉദ്യോഗസ്ഥന്‍ ദൂരൂഹസാഹര്യത്തില്‍ വാഹനാപകടത്തില്‍ മരിച്ചു. ഭൂട്ടാന്‍ ലോട്ടറി അക്കൗണ്ട്‌സ് മാനേജര്‍ സാംഗ്‌വിയാണ് മരിച്ചത്. ഇന്നലെ രാത്രി പാലക്കാട്ടു നിന്നും മടങ്ങവേയാണ് അപകടമുണ്ടായത്. ലോട്ടറിവിവാദവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ കഴിഞ്ഞ് മടങ്ങുകയായിരുന്നു. അപകടത്തില്‍ ദുരൂഹതയുണ്ടെന്ന് ഉദ്യോഗസ്ഥന്റെ ബന്ധുക്കള്‍ ആരോപിച്ചിട്ടുണ്ട്.

ഉദ്യോഗസ്ഥന്‍ സഞ്ചരിച്ച കാറില്‍ ലോറി ഇടിക്കുകയായിരുന്നു. അപകടത്തില്‍ കാറില്‍ സഞ്ചരിക്കുകയായിരുന്ന നാംഖേല്‍, മനിത, മനീഷ് എന്നിവര്‍ക്ക് പരിക്കേറ്റു.

കോയമ്പത്തൂര്‍ എന്‍ ആന്റ് ടി റോഡിലാണ് അപകടമുണ്ടായത്. സാന്റിയാഗോ മാര്‍ട്ടിനുമായി സാംഗ്‌വി കൂടിക്കാഴ്ച്ച നടത്തിയിരുന്നതായി റിപ്പോര്‍ട്ടുണ്ട്. അപകടത്തില്‍ ഗുരുതരമായ പരുക്കേറ്റ സാങ്‌വി സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. പരിക്കേറ്റ നാംഖേല്‍ ഭൂട്ടാന്‍ ലോട്ടറി ജോയിന്റ് ഡയറക്ടറാണ്. ഇയാളുടെ പരുക്ക് ഗുരുതരമാണ്.

അന്യസംസ്ഥാന ലോട്ടറി മാഫിയ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത് അനധികൃതമായിട്ടാണെന്നും ഇവര്‍ക്ക് രാഷ്ട്രീയ ലഹായം ലഭിക്കുന്നുണ്ടെന്നുമുള്ള ആരോപണം വിവാദമായിരുന്നു. ഇതിന്റെകൂടിയടിസ്ഥാനത്തില്‍ അന്യസംസ്ഥാന ലോട്ടറിക്കെതിരെ നടപടിയെടുക്കുന്ന കാര്യം സംസ്ഥാന ധനകാര്യവകുപ്പ് ആലോചിച്ചുവരുകയണ്. കൊച്ചിയിലടക്കം പലയിടത്തും ഇന്ന് അന്യസംസ്ഥാന ലോട്ടറി കേന്ദ്രങ്ങളില്‍ റെയ്ഡും ആരംഭിച്ചിരുന്നു.