എഡിറ്റര്‍
എഡിറ്റര്‍
അട്ടിമറി കണ്ടെത്തിയ വോട്ടിങ് മെഷീന്‍ ഏറ്റവുമൊടുവിലായി ഉപയോഗിച്ചത് യു.പി തെരഞ്ഞെടുപ്പിലെന്ന് തെരഞ്ഞെടുപ്പു കമ്മീഷന്റെ വെളിപ്പെടുത്തല്‍
എഡിറ്റര്‍
Monday 3rd April 2017 1:23pm

ഭോപ്പാല്‍: ഏത് ബട്ടണ്‍ അമര്‍ത്തിയാലും ബി.ജെ.പിക്ക് വോട്ട് ലഭിക്കുന്ന തരത്തില്‍ മധ്യപ്രദേശില്‍ തെരഞ്ഞെടുപ്പിന് മുന്‍പായി എത്തിച്ച ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ അവസാനമായി ഉപയോഗിച്ചത് യു.പി തെരഞ്ഞെടുപ്പിലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണ്ടെത്തല്‍. അട്ടിമറി ആരോപണം ഉയര്‍ന്നതിന്റെ പശ്ചാത്തലത്തില്‍ സംഭവത്തെ കുറിച്ച് അന്വേഷിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗങ്ങളാണ് ഇക്കാര്യം കണ്ടെത്തിയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

ദല്‍ഹിയില്‍ നിന്നുള്ള തെരഞ്ഞെടുപ്പ് കമ്മീഷനിലെ അഞ്ചംഗ സംഘം ഞാറാഴ്ചയാണ് മധ്യപ്രദേശിലെ ബിന്ദ് ജില്ലയില്‍ എത്തി പരിശോധന നടത്തിയത്. പ്രസ്തുത ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ പരിശോധിച്ച ശേഷമാണ് ഇത് അവസാനമായി ഉപയോഗിച്ചത് യു.പിയിലാണെന്ന കാര്യം ഇവര്‍ വ്യക്തമാക്കിയത്. ബി.ജെ.പിയുടെ താമര ചിഹ്നത്തിലുള്ള സ്ലിപ്പുകളും ഇവര്‍ പരിശോധിച്ചു. ഇലക്ട്രോണിക് വോട്ടിങ് മെഷീനില്‍ വലിയ ക്രമക്കേട് നടന്നതായി സംഘം വ്യക്തമാക്കുന്നു.

യു.പി തെരഞ്ഞെടുപ്പില്‍ ഉപയോഗിച്ച 300 ഇലക്ട്രോണിക് വോട്ടിങ് മെഷീനാണ് മധ്യപ്രദേശില്‍ എത്തിച്ചത്. അതില്‍ ഒന്നിലാണ് ഇപ്പോള്‍ അട്ടിമറി കണ്ടെത്തിയതെന്നും ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു.

ചീഫ് ഇലക്ട്രല്‍ ഓഫീസറായിരുന്ന സലീന സിങ് പരിശോധന നടത്തിയ വോട്ടിങ് യന്ത്രം അവസാനമായി ഉപയോഗിച്ചത് കാണ്‍പൂരിലെ ഗോവിന്ദനഗറിലായിരുന്നെന്ന് വിവിധ ഉറവിടങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. 60000 ത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ബി.ജെ.പി ഈ മണ്ഡലത്തില്‍ വിജയിച്ചിരുന്നത്.


Dont Miss ബീഫ് നിരോധനത്തെ കുറിച്ച് മലപ്പുറത്ത് മിണ്ടാന്‍ ബി.ജെ.പിക്ക് ധൈര്യമുണ്ടോ; ശിവസേനയുടെ ചോദ്യം സാമ്‌നയില്‍ 


യു.പി തെരഞ്ഞെടുപ്പ് നടന്ന് 20 ദിവസങ്ങള്‍ പിന്നിട്ടപ്പോഴേക്കും എങ്ങനെ ആ വോട്ടിങ് യന്ത്രങ്ങള്‍ ഇവിടെ എത്തിയെന്ന് കോണ്‍ഗ്രസ് ചോദിക്കുന്നു. മധ്യപ്രദേശിലെ ചീഫ് ഇലക്ട്രല്‍ ഓഫീസറായ സലീന സിങ്ങിനെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസും ആം ആദ്മിയും ഇതിനകം രംഗത്തെത്തിയിട്ടുണ്ട്.

ദല്‍ഹിയില്‍ നിന്നെത്തിയ അന്വേഷണസംഘത്തില്‍ ഐ.ടി ഡയരക്ടര്‍ ആന്‍ഡ് ഇന്‍ഫ്രാസ്‌ട്രെക്ചര്‍ മുകേഷ് മീന, അഡീഷണല്‍ സെക്രട്ടറി മധുസൂദന്‍, എ.ജി.എം എസ്.കെ സിങ് തുടങ്ങിയരായിരുന്നു ഉണ്ടായിരുന്നത്.

മധ്യപ്രദേശില്‍ എത്തിച്ച ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തില്‍ വന്‍ അട്ടിമറി നടന്നെന്ന വാര്‍ത്ത പുറത്തായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ബിന്ദ് കളക്ടര്‍ ഇളയരാജയേയും എസ്.പി അനില്‍ സിങ്ങിനേയും സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതിനൊപ്പം തന്നെ ജില്ലയിലെ മുതിര്‍ന്ന 19 ഉദ്യോഗസ്ഥരേയും സ്ഥലം മാറ്റുകയും ചെയ്തിരുന്നു.

ശനിയാഴ്ചയായിരുന്ന മധ്യപ്രദേശിലെ ബിന്ദില്‍ ഉപതെരഞ്ഞെടുപ്പിനായി കൊണ്ടുവന്ന ഇലക്ട്രോണിക് വോട്ടിങ് മെഷീനില്‍ (ഇ.വി.എം) വന്‍ തട്ടിപ്പ് നടന്നതായ വാര്‍ത്തകള്‍ പുറത്തുവന്നത്. തെരഞ്ഞെടുപ്പ് കമീഷന്‍ വോട്ടിങ് മെഷീന്‍ പരിശോധിച്ചപ്പോള്‍ ഏത് ബട്ടണ്‍ അമര്‍ത്തിയാലും ബി.ജെ.പി സ്ഥാനാര്‍ഥിക്ക് വോട്ടുരേഖപ്പെടുത്തുന്നതായായിരുന്നു കണ്ടെത്തിയത്. സംഭവത്തെ തുടര്‍ന്ന് ബിന്ദ് ജില്ലാഭരണാധികാരികളോട് തെരഞ്ഞെടുപ്പ് കമീഷന്‍ വിശദ റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

വി.വി.പാറ്റ് സംവിധാനത്തോടെയുള്ള ഇ.വി.എമ്മാണ് ഇവിടെ ഉപയോഗിക്കുന്നത്. വോട്ട് ബട്ടണ്‍ അമര്‍ത്തിയാല്‍ സ്ലിപ്പ് കാണുകയും അത് നാം രേഖപ്പെടുത്തിയ വോട്ട് തന്നെയാണോ എന്ന് ഉറപ്പാക്കുകയും ചെയ്യുന്ന സംവിധാനമാണ് വിവിപാറ്റ്. എന്നാല്‍, ഏത് ബട്ടണ്‍ അമര്‍ത്തിയാലും ബി.ജെ.പി സ്ഥാനാര്‍ഥിക്ക് വോട്ട് രേഖപ്പെടുത്തുന്ന സ്ലിപ്പ് ലഭിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തായത്. ഇതിന്റെ വീഡിയോ സഹിതം വൈറലായിരുന്നു. തുടര്‍ന്ന് വാര്‍ത്ത നല്‍കരുതെന്ന ഭീഷണിയുമായി ചീഫ് ഇലക്ട്രണല്‍ ഓഫീസര്‍ രംഗത്തെത്തുകയും ചെയ്തിരുന്നു.

നേരത്തെ ഉത്തര്‍പ്രദേശ് തെരഞ്ഞടുപ്പില്‍ ബി.എസ്.പി നേതാവ് മായാവതിയും എ.എ.പി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ് രിവാളും വോട്ടിങ് മെഷീനില്‍ വ്യാപക ക്രമക്കേട് നടന്നതായി ആരോപിച്ചിരുന്നു.

Advertisement