മലയാളത്തിലെയും തമിഴിലേയും തെലുങ്കിലേയും സൂപ്പര്‍സ്റ്റാറാണ് ഭാവനയിപ്പോള്‍. മലയാളത്തില്‍ അടുത്തിടെ ഇറങ്ങിയ മേരിക്കുണ്ടൊരു കുഞ്ഞാട് സൂപ്പര്‍ സക്‌സയാരുന്നു. പ്രിയദര്‍ശന്റെ അറബിയും ഒട്ടകവും പിന്നെ മാധവന്‍ നായരും എന്ന ചിത്രത്തില്‍ നായികയാവാന്‍ അവസരം ലഭിച്ചതാണ് ഇതിനെക്കാളൊക്കെ നടിയെ സന്തോഷവതിയാക്കുന്നത്.

മേരിക്കുണ്ടൊരു കുഞ്ഞാടിന്റെ വന്‍ വിജയത്തിനുശേഷം എന്ത് തോന്നുന്നു?

മേരിക്കുണ്ടൊരു കുഞ്ഞാടില്‍ അഭിനയിക്കുമ്പോള്‍ തന്നെ അത് സൂപ്പര്‍ഹിറ്റാവുമെന്ന് എനിക്ക് അറിയാമായിരുന്നു. ആ ചിത്രത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ എനിക്ക് വളരെയധികം സന്തോഷമുണ്ട്. ഒരവധിക്കാലം ആസ്വദിക്കുന്ന മൂഡിലാണ് ഞങ്ങള്‍ ആ ചിത്രത്തിന്റെ ചിത്രീകരണ വേളയെ കണ്ടത്. ചിത്രം റീലീസ് ചെയ്ത് ആഴ്ചകള്‍ക്കുള്ളില്‍ തന്നെ പലരും എന്നെ വിളിച്ചഭിനന്ദിച്ചിരുന്നു. ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ചത് ഞാനായതുകൊണ്ടുതന്നെ ചിത്രം എന്നെ സംബന്ധിച്ച് വളരെയേറെ പ്രാധാന്യമുള്ളതാണ്. ചിത്രത്തിന്റെ എന്റെ വേഷവിധാനങ്ങള്‍ ഇതിനകം ചര്‍ച്ചാ വിഷയമായി കഴിഞ്ഞു.

പ്രിയദര്‍ശന്റെ പുതിയ ചിത്രത്തെ കുറിച്ച്?

എന്റെ സ്വപ്‌നസാക്ഷാത്കാരമാണ് ഈ ചിത്രം. കിലുക്കം പോലുള്ള അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ എനിക്ക് വളരെയിഷ്ടമാണ്. ഛോട്ടാമുംബൈ, സാഗര്‍ ഏലിയാസ് ജാക്കി തുടങ്ങിയ ചിത്രങ്ങളില്‍ ലാലേട്ടന്റെ നായികയായി ഞാന്‍ അഭിനയിച്ചിട്ടുണ്ട്. അഞ്ജലീന എന്ന കഥാപാത്രത്തെയാണ് അറബിയും ഒട്ടകവും പിന്നെ മാധവന്‍ നായരും എന്ന ചിത്രത്തില്‍ ഞാന്‍ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ ഞാന്‍ പുതിയൊരു ഹെയര്‍സ്‌റ്റൈലിലാണെത്തുന്നത്. എന്നെ കാണാന്‍ ബോളിവുഡ് നടമാരെപ്പോലുണ്ടെന്നാണ് ഹെയര്‍സ്‌റ്റൈല്‍ കണ്ട് പ്രിയദര്‍ശന്‍ സാര്‍ പറഞ്ഞത്.

ബോളിവുഡ് സ്വപ്‌നങ്ങളെന്തെങ്കിലും?

നല്ല ഓഫര്‍ ലഭിച്ചാല്‍ തീര്‍ച്ചയായും ഞാന്‍ അഭിനയിക്കും. പക്ഷേ ഏതെങ്കിലും ഒരു ചിത്രം ഞാന്‍ ചെയ്യുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും അത് നല്ല ചിത്രമായിരിക്കും.

എങ്ങനെയാണ് ചിത്രങ്ങള്‍ തിരഞ്ഞെടുക്കാറ്?

ആദ്യമൊക്കെ ആര് എന്നെ വന്ന് കണ്ടാലും അവര്‍ക്കെല്ലാം ഞാന്‍ ഡേറ്റ് നല്‍കുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഞാന്‍ കഥ നോക്കിയേ ചിത്രം തിരഞ്ഞെടുക്കാറുള്ളൂ. സ്‌ക്രിപ്റ്റ് എനിക്ക് ഇഷ്ടപ്പെട്ടാല്‍ പുതിയ ഡയറക്ടറാണെങ്കില്‍ കൂടി ഞാന്‍ ഡേറ്റ് നല്‍കാറുണ്ട്. കഥയെയും ടെക്‌നീഷ്യന്‍സിനെയും നോക്കിയാണ് ഞാന്‍ എല്ലായ്‌പ്പോഴും ചിത്രങ്ങള്‍ തിരഞ്ഞെടുക്കാറുള്ളത്.

ഭാവന ഒരു സീരിയസ് നടിയായി മാറിക്കഴിഞ്ഞോ?

അതെ. സിനിമ കാണലാണ് ഇപ്പോള്‍ എന്റെ ഹോബി. യാദൃച്ഛികമായി ഈ ഫീല്‍ഡിലേക്ക് വന്നയാളല്ല ഞാന്‍. കുട്ടിക്കാലത്തേ നടിയാവണമെന്ന് ആഗ്രഹിച്ചവളായിരുന്നു ഞാന്‍. വിദേശ സിനിമകളുടെ ഡിവിഡികളുടെ ഒരു കലക്ഷന്‍ തന്നെയുണ്ട് എന്റെ കൈവശം. ഒഴിവുദിവസങ്ങളില്‍ ദിവസം 2 ചിത്രങ്ങളെങ്കിലും കാണും.

അഞ്ച് മുന്‍നിര നായികമാരില്‍ ഒരാളാണ് നിങ്ങള്‍. എങ്ങനെയാണ് മറ്റുള്ളവരുമായി സൗഹൃദം സൂക്ഷിക്കുന്നത്?

ഞാനെല്ലാവരോടും നല്ല ബന്ധം കാത്തുസൂക്ഷിക്കുന്നവളാണ്. ഞാന്‍ വളരെ ഫ്രണ്ട്‌ലിയും മറ്റുള്ളവരോട് എളുപ്പം ചങ്ങാത്തം കൂടുന്നവളുമാണ്. ആദ്യകാലത്ത് പല നായികമാരില്‍ നിന്നും എനിക്ക് മോശം അനുഭവങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. അന്ന് ഞാനുറച്ചിരുന്നു ഒരിക്കലും അവരെപ്പോലെ ഞാനാവില്ലെന്ന്.

നിങ്ങളുടെ മാതൃകാ പുരുഷനെ കണ്ടെത്തിയോ?

ഇതുവരെയില്ല. രണ്ട് വര്‍ഷത്തേക്ക് വിവാഹത്തെ കുറിച്ച് ഞാന്‍ ചിന്തിക്കുന്നു പോലുമില്ല.