Categories

‘സഞ്ജീവ് ഭട്ടിനോട് പെരുമാറുന്നത് തീവ്രവാദിയോടെന്നപോലെ’

അഹമ്മദാബാദ്: തീവ്രവാദികളോടെന്നപോലെയാണ് തന്റെ ഭര്‍ത്താവിനോട് പോലീസ് പെരുമാറുന്നതെന്ന് ഐ.പി.എസ് ഓഫീസര്‍ സഞ്ജീവ് ഭട്ടിന്റെ ഭാര്യ. ഇക്കാര്യം ചൂണ്ടിക്കാട്ടി ശ്വേത ഭട്ട് ആഭ്യന്തര മന്ത്രി പി. ചിദംബരത്തിന് രണ്ടാമതൊരു കത്ത് നല്‍കി.

തന്റെ ഭര്‍ത്താവിന് ജാമ്യം ലഭിക്കാതിരിക്കാനുള്ള എല്ലാ ശ്രമങ്ങളും ഗുജറാത്ത് സര്‍ക്കാര്‍ നടത്തുന്നുണ്ടെന്ന് ശ്വേത കത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഒരു ക്രിമിനലോ, സ്ഥിരം കുറ്റവാളിയോ അല്ലാതിരുന്നിട്ടുകൂടി തന്റെ ഭര്‍ത്താവിനോട് പോലീസ് പെരുമാറുന്നത് ഒരു തീവ്രവാദിയോടെന്ന പോലെയാണ്. സിറ്റി ക്രൈംബ്രാഞ്ച് ലോക്കപ്പിലെ അഴുക്കുപിടിച്ച, ഇടുങ്ങിയ മുറിയിലാണ് അറസ്റ്റിലായ ദിവസം അദ്ദേഹത്തെ പിടിച്ചിട്ടത്. ലോക്കപ്പിലുള്ള അദ്ദേഹത്തിന് ഭക്ഷണവും വെള്ളവും നല്‍കുന്നില്ല. ഭട്ടിനോട് മോശമായി പെരുമാറുന്നത് കാണിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പെട്ട സിഡിയും കത്തിനൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്.

സഞ്ജീവ് ഭട്ടിന്റെ ജീവന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി ശ്വേത നേരത്തെ ചിദംബരത്തിന് കത്തയച്ചിരുന്നു. ഇതേ തുടര്‍ന്ന് ഭട്ടിന് സുരക്ഷ ഉറപ്പാക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഗുജറാത്ത് സര്‍ക്കാരിന് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.

മോഡിക്കെതിരെ ഭട്ട് നല്‍കിയ സത്യവാങ്മൂലത്തിന് അനുകൂലമായ മൊഴി നല്‍കാന്‍ ഇന്റലിജന്‍സ് ബ്യൂറോയില്‍ അദ്ദേഹത്തിന്റെ കീഴില്‍ ജോലിചെയ്തിരുന്ന കോണ്‍സ്റ്റബിള്‍ കെ.ഡി. പന്ഥിനെ നിര്‍ബന്ധിച്ചു എന്ന പരാതിയെ തുടര്‍ന്നാണ് ഭട്ടിനെ അറസ്റ്റ് ചെയ്തത്. മോഡിക്കെതിരെ രംഗത്ത് വന്നതിനെ തുടര്‍ന്ന് ഭട്ടിനെ നേരത്തെ സര്‍വ്വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. ചില പ്രധാന ജോലികളുണ്ടെന്നും തന്റെ വീട്ടിലേക്ക് വരണമെന്നും ആവശ്യപ്പെട്ട് ജൂണ്‍ 16 ഭട്ട് തന്നെ വിളിച്ചു. അതുപ്രകാരം താന്‍ ഭട്ടിന്റെ വീട്ടിലെത്തിയപ്പോള്‍ ജൂണ്‍ 18ന് അമിക്കസ് ക്യൂറി തെളിവെടുപ്പിനായി വരുമെന്ന് ഭട്ട് പറഞ്ഞു. എസ്.ഐ.ടി ഭീഷണിപ്പെടുത്തി തന്നെക്കൊണ്ട് പറയിപ്പിക്കുകയായിരുന്നെന്ന് അമിക്കസ് ക്യൂറിയോട് പറയണമെന്ന് ഭട്ട് ആവശ്യപ്പെട്ടതായും പന്ഥ് പരാതിയില്‍ പറയുന്നു.

ഭട്ടിനെ അറസ്റ്റ് ചെയ്തതിനു തൊട്ടുപിന്നാലെ ഗുജറാത്ത് പോലീസ് അദ്ദേഹത്തിന്റെ വീട്ടില്‍ റെയ്ഡ് നടത്തി ചില രേഖകള്‍ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.

2002 ഫെബ്രുവരി 27ന് ഗുജറാത്ത് മുഖ്യമന്ത്രിയുടെ വീട്ടില്‍ നടന്ന ഉന്നതതല യോഗത്തില്‍ താനും പങ്കെടുത്തിരുന്നുവെന്നും കലാപത്തെ ധൃതിപിടിച്ച് അടിച്ചമര്‍ത്തേണ്ടെന്ന് മോഡി പറഞ്ഞതായും സഞ്ജീവ് ഭട്ട് കഴിഞ്ഞ ഏപ്രിലില്‍ സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു. ഹിന്ദു വിഭാഗങ്ങളുടെ വികാരം വ്രണപ്പെട്ടിരിക്കയാണെന്നും അത് അവര്‍ പ്രകടിപ്പിക്കുകയാണെന്നും തിരിച്ചടിക്കുന്ന ഹിന്ദുക്കള്‍ക്കെതിരെ നടപടിയെടുക്കരുതെന്നും മോഡി ഉന്നതതല യോഗത്തില്‍ ആവശ്യപ്പെട്ടിരുന്നതായി ഭട്ട് വെളിപ്പെടുത്തിയിരുന്നു. ഈ യോഗത്തില്‍ പങ്കെടുത്തുവെന്ന് തെറ്റായി സത്യവാങ്മൂലം നല്‍കാന്‍ ഭട്ടിന്റെ കീഴില്‍ ജോലിചെയ്യുന്ന തന്നെ നിര്‍ബന്ധിച്ചുവെന്ന് ചൂണ്ടക്കാട്ടിയാണ് കെ.ഡി. പന്ഥ് പരാതി നല്‍കിയത്.

One Response to “‘സഞ്ജീവ് ഭട്ടിനോട് പെരുമാറുന്നത് തീവ്രവാദിയോടെന്നപോലെ’”

  1. Anil Kumar

    ഇന്ത്യയുടെ പോക്കിതെങ്ങോട്ടാണ്? ഇവിടെ നിയമവും കോടതിയും ഒന്നും ഇല്ലേ?
    പണത്തിനു മീതെ നിയമവും പറക്കില്ല!!!

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.