മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ മൊബൈല്‍ സേവനദാതാക്കളായ ഭാരതി എയര്‍ടെല്ലിന്റെ ആദ്യപാദ ലാഭത്തില്‍ 28 ശതമാനം കുറവ്. ആദ്യ ക്വാര്‍ട്ടര്‍ കഴിഞ്ഞപ്പോള്‍ 1215.20 കോടി മാത്രമാണ് കമ്പനിയുടെ ലാഭം. കഴിഞ്ഞ വര്‍ഷമിത് 1618.60 കോടിയായിരുന്നു.

അതേ സമയം കമ്പനിയുടെ മൊത്തം വില്‍പ്പനയില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. 9323.70 കോടിക്കു പകരം 10180 കോടി നേടാന്‍ സാധിച്ചു. പ്രവര്‍ത്തന റിപ്പോര്‍ട്ട് പുറത്തുവന്നതോടെ എയര്‍ടെല്‍ ഓഹരി വിലയില്‍ ഗണ്യമായ കുറവുണ്ടായി. 5.30 പോയിന്റോളം താഴ്ന്ന ഓഹരി 426.75ലാണ് ക്ലോസ് ചെയ്തത്.

ആഫ്രിക്കയില്‍ കഴിഞ്ഞവര്‍ഷം നടത്തിയ ഏറ്റെടുക്കലാണ് ലാഭം കുറയാന്‍ പ്രധാന കാരണമായത്. ആഫ്രിക്കയിലേക്കും സേവനം വ്യാപിപ്പിച്ചതേടെ ലേകത്തെ അഞ്ചാമത്തെ മൊബൈല്‍ സേവനദാതാക്കളായി ഭാരതി എയര്‍ടെല്‍ മാറിയിരുന്നു. ഇന്ത്യയിലെ ത്രിജി സ്‌പേക്ട്രം സ്വന്തമാക്കുന്നതിനായി ധാരാളം പണം ചെലവഴിക്കേണ്ടി വന്നതാണ് ലാഭം കുറയുന്നതിനു മറ്റൊരു കാരണമായത്. ത്രിജി സ്‌പേക്ട്രം ലേലത്തില്‍ പിടിച്ചെടുക്കുന്നതിനായി 3.5 ബില്ല്യണ്‍ ഡോളറാണ് കമ്പനി ചെലവഴിച്ചത്. കൂടാതെ പലിശനിരക്കില്‍ നിരവധി തവണ വന്ന മാറ്റങ്ങളും കമ്പനിയുടെ ലാഭം കുറയുന്നതിനു കാരണമായി.