ജയ്പൂര്‍: രാജസ്ഥാനിലെ ഭരത്പുര്‍ ജില്ലയില്‍ ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ട് ഇരുവിഭാഗങ്ങള്‍ തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ അഞ്ച് മരണം. ജില്ലയുടെ പല ഇടങ്ങളിലും അധികൃതര്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു.

ഇന്നലെ രാവിലെയാണു ഗുജ്ജാറുകളും മുസ് ലിംകളും തമ്മില്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചത്. ഭൂമിയുമായി ബന്ധപ്പെട്ട തര്‍ക്കം ഇരുവിഭാഗങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലില്‍ കലാശിക്കുകയായിരുന്നു.

സ്ഥിതി വളരെ ഗുരുതരമാണെങ്കിലും ഇപ്പോള്‍ നിയന്ത്രണ വിധേയമാണെന്ന് പോലീസ് അറിയിച്ചു. ആറ് സ്‌റ്റേഷനുകള്‍ക്ക് കീഴിലുള്ള സ്ഥലങ്ങളിലാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ജയ്പൂരില്‍ നിന്നും മറ്റു ജില്ലകളില്‍ നിന്നും കൂടുതല്‍ പോലീസ് സേനയെ സ്ഥലത്തെത്തിച്ചിട്ടുണ്ട്. സ്ഥലത്തെ സമാധാനനില പുനസ്ഥാപിച്ചശേഷമേ കര്‍ഫ്യൂ എടുത്തുമാറ്റുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ കഴിയൂവെന്ന് ജില്ലാ കലക്ടര്‍ കൃഷ്ണ കുനാല്‍ പറഞ്ഞു. പഹാഡി, ജുരെര, ഗോപാല്‍ഗഢ്, കമാന്‍, സിക്രി, നഗര്‍ എന്നിവിടങ്ങളിലാണു കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഇന്ന് രാവിലെ അക്രമസംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ജെയ്പൂരില്‍ നിന്നുമെത്തിയ രാജസ്ഥാന്‍ ആംമ്ഡ് കോണ്‍സ്റ്റാബുലറിയുടെ 11 കമ്പനികളും സ്ഥലത്തെത്തിയിട്ടുണ്ടെന്ന് അഡീഷണല്‍ ഡി.ജി.പി നവദീപ് സിംങ് പറഞ്ഞു. അല്‍വാറില്‍ നിന്നുള്ള പോലീസ് സംഘത്തെയും സ്ഥലത്തെത്തിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പോലീസ് നടത്തിയ വെടിവെയ്പ്പിലാണ് ഭൂരിഭാഗംപേരും മരിച്ചതെന്ന് കമാന്‍ മണ്ഡലത്തിലെ കോണ്‍ഗ്രസ് എം.എല്‍.എ സാഹിദാ ഖാന്‍ പറഞ്ഞു.

ശ്മശാന ഭൂമിയുടെ ഉടമസ്ഥതയെച്ചൊല്ലി ഇരുവിഭാഗവും ദീര്‍ഘനാളായി നിലനില്‍ക്കുന്ന തര്‍ക്കമാണ് ഏറ്റുമുട്ടലില്‍ കലാശിച്ചത്. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി അശോക് ഗഹലോട്ട് ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്.