ആഡിസ് അബാബ: ആഫ്രിക്കയിലെ വ്യാപരമേഖല വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി വന്‍ നിക്ഷേപം നടത്താന്‍ ഭാരതി ഗ്രൂപ്പ് തയ്യാറെടുക്കുന്നു. ആദ്യഘട്ടമെന്ന നിലയില്‍ ഒരു ബില്യണ്‍ ഡോളറിന്റെ (ഏകദേശം 4500 കോടി) നിക്ഷേപമായിരിക്കും നടത്തുകയെന്ന് ഭാരതി ഗ്രൂപ്പ് മേധാവി സുനില്‍ മിത്തല്‍ പറഞ്ഞു.

നിലവില്‍ ആഫ്രിക്കയില്‍ കമ്പനിക്ക് 11 ബില്യണ്‍ ഡോളറിന്റെ നിക്ഷേപമുണ്ട്. ഇത് കൂടുതല്‍ വ്യാപിപ്പിക്കാനാണ് ശ്രമം. ആഫ്രിക്കയിലെ കൂടുതല്‍ രാഷ്ട്രങ്ങളില്‍ വിപണി കണ്ടെത്തുമെന്ന് പ്രഖ്യാപിച്ച മിത്തല്‍ ഇന്ത്യയിലെ മറ്റ് വ്യവസായ ഗ്രൂപ്പുകളും കുടുതല്‍ നിക്ഷേപവുമായി രംഗത്തുവരണമെന്ന് നിര്‍ദ്ദേശിച്ചു.

കുവൈത്തിലെ സൈന്‍ ടെലികോമിന്റെ ആഫ്രിക്കയിലെ ബിസിനസ് ഭാരതി എയര്‍ടെല്‍ സ്വന്തമാക്കിയിരുന്നു. 48,000 കോടിരൂപയുടേതായിരുന്നു കരാര്‍. എന്നാല്‍ കഴിഞ്ഞവര്‍ഷം ആഫ്രിക്കയിലെ കമ്പനിയുടെ ബിസിനസ്സില്‍ 480 കോടിയുടെ നഷ്ടം നേരിട്ടിരുന്നു.