ന്യൂദല്‍ഹി: ഈ വര്‍ഷം പത്ത് പുതിയ ചില്ലറ വ്യാപാര കേന്ദ്രങ്ങള്‍ തുടങ്ങുമെന്ന് ഭാരതി വാള്‍മാര്‍ട്ട്. കമ്പനിയുടെ മാനേജിങ് ഡയറക്ടറും സി.ഇ.ഒയുമായ രാജ് ജെയിനാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യന്‍ കമ്പനിയായ ഭാരതി എന്റര്‍ പ്രൈസസും അമേരിക്കന്‍ കോര്‍പ്പറേറ്റായ വാള്‍മാര്‍ട്ടും ചേര്‍ന്നുള്ള സംയുക്ത സംരംഭമാണ് ഭാരതി വാള്‍മാര്‍ട്ട്.

‘ആധുനിക രീതിയിലുള്ള മൊത്തവ്യാപാരത്തിനും ചില്ലറ വ്യാപാരത്തിനും ഇന്ത്യന്‍ കമ്പോളം സജ്ജമാണ്. ഇന്ത്യയില്‍ ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വികസിപ്പിക്കുന്നതിനു വേണ്ടിയുള്ള തയ്യാറെടുപ്പുകളെല്ലാം പൂര്‍ത്തിയായി.’ അദ്ദേഹം പറഞ്ഞു.
ലാഭം നേടുകയെന്ന ലക്ഷ്യത്തിലെത്തുന്നതിനുമുമ്പ് പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പടുത്തുക എന്നതാണ് അടിയന്തിര ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

നിലവില്‍ ഭാരതി വാള്‍മാര്‍ട്ടിന് അമൃത്‌സറിലാണ് ഏറ്റവും വലിയ ‘കാഷ് ആന്റ് ക്യാരി’ മൊത്തവ്യാപാര കേന്ദ്രമുള്ളത്. കൂടാതെ സിര്‍ക്കാപ്പൂര്‍, ജലന്ധര്‍, ഭോപ്പാല്‍, ലുധിയാന എന്നിവിടങ്ങളിലും ഇത്തരത്തിലുള്ള മൊത്തവ്യാപാര കേന്ദ്രങ്ങളുണ്ട്. ഇതേ രീതിയിലുള്ള ‘ക്യാഷ് ആന്റ് ക്യാരി’ ചില്ലറ വ്യാപാര കേന്ദ്രങ്ങള്‍ തുടങ്ങാനാണ് കമ്പനി പദ്ധതിയിടുന്നത്. ‘ക്യാഷ് ആന്റ് ക്യാരി’ സ്റ്റോറുകള്‍ക്ക് 50000 ചതു. അടി മുതല്‍ 100000 ചതു. ആടി വിസ്തീര്‍ണമായിരിക്കും ഉണ്ടായിരിക്കുക.