Categories

Headlines

മലയാളസിനിമയുടെ കൊടിയേറ്റം

പ്രജോദ് കടയ്ക്കല്‍

ലയാള നവതരംഗ സിനിമാപ്രസ്ഥാനത്തിന് ഊടും പാവും നെയ്ത ഭരത്‌ഗോപിയെന്ന മഹാനടന്‍ കാലയവനികയ്ക്കുള്ളില്‍ മറഞ്ഞിട്ട് ജനുവരി 29ന് രണ്ടുവര്‍ഷം തികഞ്ഞു.1972മുതല്‍ 2008വരെ നീണ്ട ചലച്ചിത്ര ജീവിതത്തിനിടയില്‍ അദ്ദേഹം മലയാള സിനിമയ്ക്ക് സമ്മാനിച്ചത് പകരം വയ്ക്കാനില്ലാത്ത പക്വതയാര്‍ന്ന ഒരു അഭിനയ പ്രതിഭയെയായിരുന്നു. യവനികയിലെ തബലിസ്റ്റ് അയ്യപ്പന്‍, പാളങ്ങളിലെ വാസുമേനോന്‍, കാറ്റത്തെ കിളിക്കൂടിലെ പ്രൊഫ.ഷേക്‌സ്പിയര്‍ കൃഷ്ണപിള്ള, പഞ്ചവടിപ്പാലത്തിലെ പഞ്ചായത്ത് പ്രസിഡന്റ് ദുശാസനക്കുറുപ്പ്, ഓര്‍മയ്ക്കായിലെ നന്ദഗോപാല്‍, ആദാമിന്റെ വാരിയെല്ലിലെ മാമച്ചന്‍, ചിദംബരത്തിലെ മോഹന്‍ദാസ്, ആഗതിലെ കൃഷ്ണന്‍ രാജു തുടങ്ങിയവ ഗോപി അനശ്വരമാക്കിയ കഥാപാത്രങ്ങളില്‍ ചിലതുമാത്രം. 1977ല്‍ പുറത്തിറങ്ങിയ കൊടിയേറ്റത്തിലെ ശങ്കരന്‍കുട്ടിയിലൂടെ അദ്ദേഹത്തെ തേടിയെത്തിയത് ദേശീയ അവാര്‍ഡിന്റെ മധുരമായിരുന്നു. തിരുവനന്തപുരം ജില്ലയിലെ ചിറയിന്‍കീഴില്‍ 1937 നവംബര്‍ എട്ടിനായിരുന്നു വി ഗോപിനാഥന്‍ നായര്‍ എന്ന ഭരത്‌ഗോപിയുടെ ജനനം. 1972ല്‍ അടൂരിന്റെ സ്വയംവരത്തിലൂടെയാണ് ഗോപി തിരശ്ശീലയ്ക്കു മുന്നില്‍ അവതരിച്ചത്. തുടര്‍ന്നങ്ങോട്ട് മലയാള സിനിമയെ സ്വയംവരിച്ച് അദ്ദേഹം നേടിയെടുത്തത് ആര്‍ക്കും കീഴടക്കാനാവാത്ത അഭിനയകലയുടെ താരസിംഹാസനമായിരുന്നു.

മലയാളികളുടെ നായകസങ്കല്പങ്ങളെയെല്ലാം വെട്ടിനിരത്തുകയായിരുന്നു ഭരത്‌ഗോപി. താരശോഭയുടെയും നടനചാരുതയുടെയും അതിര്‍വരമ്പുകളെക്കുറിച്ച് ചലച്ചിത്രവേദിയെ ബോധ്യപ്പെടുത്തിതന്ന മറ്റൊരുനടനും ഭൂമിമലയാളത്തില്‍ ഉണ്ടായിട്ടില്ല. അഭ്രപാളിയുടെ അത്യുന്നതങ്ങളില്‍ വിരാജിക്കുമ്പോഴാണ് 1986ല്‍ രേവതിക്കൊരു പാവക്കുട്ടി എന്നചിത്രത്തില്‍ അഭിനയിക്കുന്നതിനിടെ അദ്ദേഹത്തിന് പക്ഷാഘാതം പിടിപെട്ടത്. വിധിക്കു കീഴടങ്ങാന്‍ ധൈര്യപ്പെടാതിരുന്ന ഗോപി സ്വന്തം നിയന്ത്രണത്തിലല്ലാത്ത ശരീരം കൊണ്ട് പിന്നെയും നിരവധി കഥാപാത്രങ്ങളെ വരുതിയിലാക്കി.

മുഖസൗന്ദര്യത്തെക്കാള്‍ അഭിനയത്തെ സൗന്ദര്യമായി സ്വീകരിച്ച നടനായിരുന്നു ഗോപി. നൂറില്‍ താഴെ ചിത്രങ്ങളില്‍ മാത്രമേ ഈ നടന്‍ അഭിനയിച്ചിരുന്നുള്ളൂവെങ്കിലും ചെയ്ത കഥാപാത്രങ്ങളിലെല്ലാം പ്രതിഭയുടെ കയ്യൊപ്പു ചേര്‍ക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. മലയാളം കണ്ട എക്കാലത്തെയും മികച്ച സംവിധായകരായ അടൂര്‍ ഗോപാലകൃഷ്ണന്‍ ,അരവിന്ദന്‍ , കെ ജി ജോര്‍ജ്, ഭരതന്‍ , പത്മരാജന്‍ തുടങ്ങിവരോടൊപ്പം സഹകരിക്കാനുള്ള അവസരവും ഗോപിക്ക് ലഭിച്ചിരുന്നു. ജി ശങ്കരപ്പിള്ള, സി എന്‍ ശ്രീകണ്ഠന്‍ നായര്‍ , കാവാലം നാരായണപണിക്കര്‍ തുടങ്ങി പ്രഗല്ഭരായ മിക്ക നാടകപ്രവര്‍ത്തകര്‍ക്കൊപ്പവും ഗോപി പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഉത്സവപിറ്റേന്ന്, യമനം, ഞാറ്റടി, എന്റെ ഹൃദയത്തിന്റെ ഉടമ തുടങ്ങിയ ചിത്രങ്ങളിലൂടെ സംവിധായകവേഷത്തിലും ഗോപി അഭ്രപാളിയിലെ സാനിധ്യമായി. 1993ല്‍ പുറത്തിറങ്ങിയ ഭരതന്റെ പാഥേയം എന്ന ചിത്രം നിര്‍മിച്ചതും അദ്ദേഹമായിരുന്നു. ഗോപിയെഴുതിയ ‘അഭിനയം അനുഭവം’ എന്ന കൃതിയ്ക്ക് മികച്ച ചലച്ചിത്രഗ്രന്ഥത്തിനുള്ള 1995ലെ ദേശീയ അവാര്‍ഡും അദ്ദേഹം സംവിധാനം ചെയ്ത യമനത്തിന് 1991ലെ മികച്ച സാമൂഹ്യ ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരവും ലഭിച്ചിരുന്നു. ചലച്ചിത്രരംഗത്തെ സമഗ്രസംഭാവനകളെമാനിച്ച് 1991ല്‍ രാഷ്ട്രം അദ്ദേഹത്തെ പദ്മശ്രീ നല്‍കി ആദരിച്ചു. നിരവധി ദേശീയ അന്താരാഷ്ട്ര ബഹുമതികള്‍ക്കൊപ്പം നാലുതവണ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡും അദ്ദേഹത്തെ തേടിയെത്തി. വേണു നാഗവള്ളിയുടെ ഭാര്യസ്വന്തം സുഹൃത്ത് എന്ന ചിത്രമാണ് ഭരത് ഗോപി അഭിനയിച്ചതില്‍ അവസാനമായി പുറത്തിറങ്ങിയത്. ബാലചന്ദ്ര മേനോന്റെ ദേ ഇങ്ങോട്ടു നോക്കിയേ ആയിരുന്നു അദ്ദേഹത്തിന്റെ അവസാനചിത്രം. 2008 ജനുവരി 29ന് എഴുപതാം വയസില്‍ കാലയവനികയ്ക്കുള്ളില്‍ മറയുന്നതുവരെയും സിനിമയും സാസ്‌കാരിക ഇടപെടലുകളും ഓരോശ്വാസത്തിലും കാത്തു സൂക്ഷിക്കാന്‍ ഈ നടന് കഴിഞ്ഞു.

വാചാലതയ്ക്കുപകരം അനായാസമായ ഭാവചലനങ്ങള്‍കൊണ്ട് അഭിനയകലയ്ക്ക് നവപരിവേഷം നല്‍കിയ നടനായിരുന്നു ഗോപി. ഒരുവാചകത്തിനു പകരം ഒരു നോട്ടം കൊണ്ട് രംഗങ്ങള്‍ക്ക് പൂര്‍ണത നല്‍കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ഏതു കഥാപാത്രങ്ങള്‍ക്കും പാകമായിരുന്നു ആ ശരീരം. ഗോപിയുടെ സാനിധ്യമറിഞ്ഞ ഒരു സിനിമകളില്‍ നിന്നും അദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍ പടിയിറങ്ങി പോകില്ല. ഗോപിയാശാന്റെ വിയോഗത്തോടെ അസ്തമിച്ചത് ഒരുയുഗത്തിനെക്കാള്‍ ഉപരിയായി മലയാള സിനിമയുടെ ഒരുമഹത്തായ പാരമ്പര്യം കൂടിയായിരുന്നു. എത്രകണ്ടാലും മതിവരാത്ത വശ്യതയാര്‍ന്ന ഒരുചാരുത ഈനടന്റെ ഓരോചലനങ്ങളിലുമുണ്ട്. അതുകൊണ്ടാകാം ജീവിതത്തിന്റെ അരങ്ങില്‍നിന്ന് ഈമനുഷ്യന്‍ തിരശ്ശീലയ്ക്കു പിന്നിലേക്ക് മറഞ്ഞെങ്കിലും അദ്ദേഹം നമുക്ക് പ്രിയപ്പെട്ടവനായി തുടരുന്നത്. മലയാള സിനിമയുള്ള കാലം മുഴുവന്‍ പ്രേക്ഷക മനസില്‍ ഭരത്‌ഗോപിയുടെ കൊടിപ്പടം തലയെടുപ്പോടെ പാറിപ്പറക്കും….

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.