ന്യൂദല്‍ഹി: കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ലളിത് ഭാനോട്ടിനേയും വി.കെ വര്‍മ്മയെയും കോടതി അഞ്ചുദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.

ചോദ്യംചെയ്യലിനായി ഇരുവരെയും ദല്‍ഹിയിലെ സി.ബി.ഐ ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തിയാണ് അറസ്റ്റ് ചെയ്തത്.
വഞ്ചന, ക്രിമിനല്‍ ഗൂഡാലോചന എന്നീ കുറ്റങ്ങള്‍ക്കാണ് രണ്ടുപേരെയും അറസ്റ്റ് ചെയ്തിട്ടുള്ളത്.

ഗെയിംസിലെ വിവിധ വേദികള്‍ക്കായുള്ള സാധനസാമഗ്രീകള്‍ നല്‍കാന്‍ സ്വിസ് കമ്പനിക്ക് കരാര്‍ നല്‍കിയതില്‍ 107 കോടിയുടെ അഴിമതി നടത്തി എന്നതാണ് ഇരുവര്‍ക്കുമെതിരേയുള്ള ആരോപണം.

അതിനിടെ വര്‍മ്മയും ഭാനോട്ടും അറസ്റ്റിലായതോടെ ഇനി കല്‍മാഡിയുടെ ഊഴമായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. കേസുമായി ബന്ധപ്പെട്ട് കല്‍മാഡിയുടെ വസതികളിലും ഓഫീസിലും ഏജന്‍സി റെയ്ഡ് നടത്തിയിരുന്നു. കല്‍മാഡിയെ തളയ്ക്കാന്‍ പര്യാപ്തമായ രേഖകള്‍ സി.ബി.ഐക്ക് ലഭിച്ചിട്ടുണ്ടെന്നാണ് സൂചന.