ന്യൂദല്‍ഹി: ഹിമാചല്‍പ്രദേശിലെ ഭക്രാനംഗല്‍ അണക്കെട്ട് ആക്രമിക്കാന്‍ ലഷ്‌കര്‍ ഇ തോയിബയും ജമാ അത്ത് ഉദ്-ധവയും പദ്ധതിയുള്ളതായി രഹസ്യാന്വേഷണ വിഭാഗം. ഡാമിന്റെ സുരക്ഷ ഉയര്‍ത്തണമെന്ന് സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും രഹസ്യാന്വേഷണവിഭാഗം വെളിപ്പെടുത്തി.

ഇന്ത്യയിലെ ഏറ്റവും വലിയ അണക്കെട്ടാണ് ഭക്രാനംഗല്‍ അണക്കെട്ട്. മഴക്കാലത്ത് ഡാമിലെ ജലനിരപ്പുയരുമ്പോള്‍ പദ്ധതി നടപ്പാക്കാനാണ് തീവ്രവാദികളുടെ നീക്കം. അണക്കെട്ടിന്റെ ചുമരുകളുടെ കനം മനസിലാക്കാനും മുങ്ങാംകുഴിയിട്ട് നീന്താനും തീവ്രവാദ സംഘടനകള്‍ അംഗങ്ങള്‍ പരിശീലനം നല്‍കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് അണക്കെട്ടിന് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.