Categories

ബഹുഭാര്യാത്വവും ത്വലാക്കും ദുരുപയോഗം ചെയ്യപ്പെടുന്നു: കോടതി

കൊച്ചി: മുസ്‌ലിം സമുദായത്തിലെ ബഹുഭാര്യത്വവും ഏകപക്ഷീയമായ തലാഖും വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്ന് ഹൈക്കോടതി. മുസ്‌ലിം സ്ത്രീകള്‍ ഇക്കാരണത്താല്‍ അനുഭവിക്കുന്ന കഷ്ടതകള്‍ ഭരണകൂടം കണ്ടില്ലെന്നു നടിക്കരുതെന്നും ജസ്റ്റിസ് ആര്‍ ബസന്ത് പറഞ്ഞു. ഈ സാഹഹചര്യത്തില്‍ ഭരണഘടനയുടെ 44-ാം അനുഛേദം അനുശാസിക്കുന്ന ഏകീകൃത സിവില്‍കോഡിലൂടെ പ്രശ്‌നം പരിഹരിക്കപ്പെടേണ്ടതാണെന്നും കോടതി അഭിപ്രായപ്പെട്ടു. തിരൂര്‍ മണ്ണിക്കനകത്ത് കുഞ്ഞിമുഹമ്മദ് സമര്‍പ്പിച്ച ഹര്‍ജി തള്ളിയാണ് കോടതി ഉത്തരവ്.

ഭാര്യയെ മൊഴി ചൊല്ലുന്നതിനുമുമ്പ് ഖുര്‍ആന്‍ അനുശാസിക്കുന്ന തരത്തില്‍ രണ്ടു മധ്യസ്ഥര്‍ മുഖേന പ്രശ്‌നപരിഹാരത്തിനുള്ള സാധ്യത പരിശോധിക്കണം. യോജിപ്പിലെത്താന്‍ കഴിയാത്ത സാഹചര്യത്തിലേ തലാഖ് പാടുള്ളു. എന്നാല്‍ ഈ നടപടിക്രമങ്ങള്‍ ഇപ്പോള്‍ നടക്കുന്നില്ല. ഖുര്‍ആന്‍ അനുശാസിച്ച പ്രകാരമുള്ള വിവാഹ മോചുനങ്ങള്‍ കോടതികള്‍ അംഗീകരിക്കേണ്ടതുണ്ട്.

പുനര്‍വിവാഹം, വിവാഹമോചിതയായ സ്ത്രീക്ക് സംരക്ഷണനിയമപ്രകാരമുള്ള നഷ്ടപരിഹാരം എന്നിവയിലൂടെ മാത്രമേ മുസ്ലിം സ്ത്രീക്ക് ജീവനാംശം ലഭിക്കുന്നതിനുള്ള അവകാശം ഇല്ലാതാകൂ. അല്ലാത്തിടത്തോളംകാലം ക്രിമിനല്‍നടപടി നിയമത്തിലെ 125-ാം വകുപ്പുപ്രകാരം ജീവനാംശത്തിന് അവകാശമുണ്ട്്. ഭരണഘടന ഉറപ്പുനല്‍കുന്ന ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണിതെന്നും കോടതി ചൂണ്ടിക്കാട്ടി.

നിയമനിര്‍മാണസഭകള്‍ വ്യക്തമായ കാരണങ്ങള്‍ നിഷ്‌കര്‍ഷിക്കുന്നതുവരെ ഖുര്‍ആനിലെ 35-ാം സൂക്തത്തില്‍ പ്രതിപാദിക്കുന്ന വിവാഹമോചനരീതിയാണ് അവലംബിക്കേണ്ടതെന്നും തലാഖിനു മുമ്പ് അനുരഞ്ജനത്തിനു മാധ്യസ്ഥശ്രമങ്ങള്‍ വേണമെന്ന നിബന്ധന നടപ്പാക്കേണ്ടതുണ്ടെന്നും കോടതി പറഞ്ഞു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.