നടന്‍ വേലുവിന്റെ ഭാഗത്തുനിന്നുണ്ടായത് ആസൂത്രിതമായ വധശ്രമമാണെന്ന് നടി ഭാഗ്യാഞ്ജലി. ആഗസ്ത് 12ന് വൈകിട്ട് തീവണ്ടിയിലും ഒക്ടോബര്‍ എട്ടിന് പുരസവാക്കത്തെ വേലുവിന്റെ വീട്ടില്‍ വച്ചുമാണ് കൊലപാതക ശ്രമങ്ങള്‍ നടന്നത്. വധഭീഷണി ഫോണ്‍ വഴി തുടരുകയാണെന്നും അവര്‍ പറഞ്ഞു.

ഭാഗ്യഞ്ജലി നല്‍കിയ പരാതിയില്‍ അന്വേഷണം തുടരുകയാണെന്നും വേലുവിന് വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതപ്പെടുത്തിയിരിക്കുകയാണെന്നും ചെന്നൈ സിറ്റി പോലീസ് അറിയിച്ചു. ആഗസ്ത് 12ന് ചെന്നൈയില്‍ നിന്ന് വൈകിട്ട് 3.20നുള്ള തിരുവനന്തപുരം എക്‌സ്പ്രസ്സില്‍ എറണാകുളത്തേക്ക് പോകാനായി ചെന്നൈ സെന്‍ട്രല്‍ സ്‌റ്റേഷനിലെത്തി. ഈ സമയത്ത് ട്രെയിനില്‍ കയറിയ വേലു തന്റെ ബാഗുമായി കടന്നു കളയുകയായിരുന്നുവെന്ന് ഭാഗ്യാജ്ഞലി പറഞ്ഞു.

റെയില്‍വെ പോലീസിന്റെ സഹായത്തോടെ അന്വേഷിച്ചെങ്കിലും വേലുവിനെ കണ്ടെത്താനായില്ല. ഇതിനിടെ വേലുവിന്റെ അമ്മയുടെ ഫോണ്‍വന്നു. വേലു ഭാഗ്യാഞ്ജലിയെ കൊലപ്പെടുത്താനായി നടക്കുന്നുവെന്നായിരുന്നു ഫോണ്‍.

പിന്നീട് ഒക്ടോബര്‍ എട്ടിന് സിനിമയുടെ ഷൂട്ടിങ്ങിനായി ചെന്നൈയിലെത്തി. അപ്പോള്‍ വേലുവിന്റെ സഹോദരിയെ ഫോണില്‍ വിളിച്ച് തന്റെ ബാഗ് തിരിച്ച് വേണമെന്ന് ആവശ്യപ്പെട്ടു. പുരസവാക്കത്തെ വീട്ടില്‍ എത്തിയാല്‍ ബാഗ് തരാമെന്നും പറഞ്ഞു. അമ്മയോടൊപ്പമാണ് വീട്ടിലെത്തിയത്. വീട്ടില്‍ വേലുവിന്റെ സഹോദരിയെ മാത്രമേ ആദ്യം കണ്ടിരുന്നുള്ളൂ.

സഹോദരി ഒരു മുറിയിലേക്ക് വിളിപ്പിച്ചു. അവിടെ മരക്കഷ്ണവുമായെത്തിയ വേലു തന്റെ കാല്‍മുട്ടിന് അടിച്ചു. പിന്നീട് കത്തികാട്ടി ഭീഷണിപ്പെടുത്തി പല രേഖകളിലും ഒപ്പിടുവിച്ചു. അവിടെനിന്ന് രക്ഷപ്പെട്ടശേഷവും ഭീഷണി തുടര്‍ന്നതിനാലാണ് പൊലീസില്‍ പരാതി നല്‍കിയതെന്നും ഭാഗ്യാഞ്ജലി പറഞ്ഞു.