കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ പ്രധാന പ്രതിയായ സുനിയെ അറസ്റ്റു ചെയ്ത പൊലീസിനെ അഭിനന്ദിച്ച് ഭാഗ്യലക്ഷ്മി. ‘എനിക്ക് ഇപ്പോള്‍ പൊലീസിനോട് അല്പം സ്‌നേഹവും അഭിമാനവും വിശ്വാസവും തോന്നുന്നു’ എന്നായിരുന്നു ഭാഗ്യലക്ഷ്മിയുടെ പ്രതികരണം.

‘ഇവനെ ഇഞ്ചിഞ്ചായി അടിച്ചടിച്ച് തന്നെസത്യം പറയിക്കണം എന്നാണ് എനിക്കു മുഖ്യമന്ത്രിയോടു പറയാനുള്ളത്. ഇവനെപ്പോലുള്ളവരോട് ഒരു കാരുണ്യവും കാണിക്കരുത്’ ഭാഗ്യലക്ഷ്മി മാതൃഭൂമി ന്യൂസിനോടു പറഞ്ഞു.

നാളിതുവരെ പൊലീസ് വലവിരിച്ചിട്ടും സുനിയെ അറസ്റ്റു ചെയ്യാന്‍ കഴിയാത്തത് വലിയ ആശങ്കയുണ്ടാക്കിയിരുന്നു. ഇത്രയേറെ പൊലീസ് ഉണ്ടായിട്ടും സുനിയ്ക്ക് കോടതിയില്‍ പ്രവേശിക്കാന്‍ കഴിഞ്ഞതും ഞെട്ടിക്കുന്നതാണ്. അതേസമയം പള്‍സര്‍ സുനിയെ കോടതിയില്‍ നിന്നും പൊലീസ് പിടിച്ചുവലിച്ചു കൊണ്ട് അറസ്റ്റു ചെയ്ത രീതി ഓരോ സ്ത്രീയും ആഗ്രഹിക്കുന്നതാണെന്നും അവര്‍ അഭിപ്രായപ്പെട്ടു.

അതേസമയം, സുനിയുടെ അറസ്റ്റ് നാടകമാണെന്ന പ്രതിപക്ഷ ആരോപണം അംഗീകരിക്കാനാവില്ലെന്ന് ഭാഗ്യലക്ഷ്മി അഭിപ്രായപ്പെട്ടു. ‘എങ്ങനെയാണ് നമുക്ക് നാടകം എന്നു പറയാന്‍ കഴിയുക. ഇത് നാടകമാണെന്ന് പറയാന്‍ എനിക്കുതോന്നുന്നില്ല. അവനെ അത്രമാത്രം അവിടെ നിന്ന് പിടിച്ചുവലിച്ചാണ് കൊണടുപോകുന്നത്. പൊലീസ് കഠിനപ്രയത്‌നത്തിലൂടെയാണ് സുനിയെ കൊണ്ടുപോയത്.’ അവര്‍ വിശദീകരിക്കുന്നു