എഡിറ്റര്‍
എഡിറ്റര്‍
വക്കീലിന്റെ ഉടുപ്പിടീച്ച് ഹെല്‍മെറ്റും വെപ്പിച്ച് സുനിയെ കോടതിയില്‍ ഹാജരാക്കിയ ആ അഭിഭാഷകനാണ് ലോകത്തിലെ ഏറ്റവും വലിയ നികൃഷ്ടജീവി: ഭാഗ്യലക്ഷ്മി
എഡിറ്റര്‍
Friday 24th February 2017 10:43am

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിയെ കോടതിയില്‍ എത്തിച്ച അഭിഭാഷകനെതിരെ ആഞ്ഞടിച്ച് ഡബ്ബിങ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മി. ലോകത്തിലെ ഏറ്റവും വലിയ നികൃഷ്ടജീവിയാണ് ആ അഭിഭാഷകനെന്ന് ഭാഗ്യലക്ഷ്മി പറയുന്നു.

നികൃഷ്ടമായ ജന്മമാണ് ആ അഭിഭാഷകന്റേത്. എന്തുതന്നെ തൊഴില്‍ ധര്‍മമായാലും അത് ഇങ്ങനല്ല ചെയ്യേണ്ടത്. അയാള്‍ നികൃഷ്ടജന്മത്തിന് ഉടമയാണ്. വക്കീലിന്റെ ഉടുപ്പും അണിഞ്ഞ് ഹെല്‍മറ്റും വച്ച് ഒരു പ്രതിയെ ഇങ്ങനെ കൊണ്ടുവന്ന അയാളാണ് ഈ ലോകത്തെ ഏറ്റവും വലിയ ക്രിമിനല്‍. ഈ ക്രിമിനലുകള്‍ക്ക് പിന്നില്‍ ആരോ ഭംഗിയായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

പള്‍സര്‍ സുനിയെ പൊലീസ് അറസ്റ്റ് ചെയ്ത രീതി വളരെ ഇഷ്ടപ്പെട്ടു. പൊലീസ് ഇങ്ങനെ തന്നെ ചെയ്യണം. കോടതിയില്‍ നടന്ന സംഭവത്തെ നൂറുശതമാനം ന്യായീകരിക്കുന്നു.

പൊലിസീനോട് പലകാര്യങ്ങളില്‍ അതൃപ്തി തോന്നിയിട്ടുണ്ടെങ്കിലും ഇന്ന് അവിടെ പ്രവര്‍ത്തിച്ച പൊലീസിനെ അഭിനന്ദിക്കാതിരിക്കാന്‍ വയ്യെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

നടിയെ ആക്രമിച്ച കേസില്‍ പോലീസിന്റെ കണ്ണുവെട്ടിച്ച് കീഴടങ്ങാനിരുന്ന പള്‍സര്‍ സുനിയെ കസ്റ്റഡിയിലെടുത്ത സംഭവത്തെ അനുകൂലിച്ചും വിമര്‍ശിച്ചും നിരവധി ആളുകള്‍ രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ പോലീസിന്റെ നടപടിയെ അഭിനന്ദിച്ചാണ് സിനിമാ ലോകം പ്രതികരിക്കുന്നത്.

നിയമ പുസ്തകത്തിന്റെ മുകളില്‍ ചവിട്ടി നിന്നുകൊണ്ട്, ന്യായം നടപ്പാക്കേണ്ട ചില നിമിഷങ്ങളുണ്ടെന്നും അതില്‍ ഒന്നാണ് കൊച്ചി കോടതിയില്‍ ഉണ്ടായതെന്നുമാണ് മുരളീ ഗോപി പ്രതികരിച്ചത്. കേരളാ പോലീസ് ചെയ്തതില്‍ നിയമം ഇല്ലായിരിക്കാം. എന്നാല്‍ ന്യായം തീര്‍ച്ചയായും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

കേരള പോലീസിന് അഭിനന്ദിക്കുന്നെന്നും ഈ കൊടും കുറ്റവാളിക്ക് വേണ്ടി മനുഷ്യാവകാശ നിയമങ്ങള്‍ പറയരുതെന്നും നടന്‍ അനൂപ് മേനോനും പ്രതികരിച്ചു.

Advertisement